Connect with us

Kerala

പി വി അന്‍വര്‍ ശത്രുക്കള്‍ക്ക് ആഹ്‌ളാദിക്കാന്‍ വകയുണ്ടാക്കി: എ വിജയരാഘവന്‍

കാര്യങ്ങള്‍ വ്യക്തമാക്കിയതിന് ശേഷവും അന്‍വര്‍ പ്രതികരിക്കുന്നത് ശരിയല്ല

Published

|

Last Updated

തൃശൂര്‍ | പി വി അന്‍വര്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്തിയെന്നും പ്രസ്താവനകള്‍ ശത്രുക്കള്‍ക്ക് ആഹ്‌ളാദിക്കാന്‍ വകയുണ്ടാക്കിയെന്നും സി പി എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍.

പി വി അന്‍വര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളെക്കുറിച്ച് മുഖ്യമന്ത്രി മറുപടി നല്‍കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ മുഖ്യമന്ത്രി വിശദമാക്കിയതോടെ ആ വിഷയങ്ങള്‍ക്ക് വ്യക്തത വന്നിട്ടുണ്ട്. കാര്യങ്ങള്‍ വ്യക്തമാക്കിയതിന് ശേഷവും അന്‍വര്‍ പ്രതികരിക്കുന്നത് ശരിയല്ല. സാധാരണക്കാരുടെ താല്പര്യം സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്.

വിവിധ മേഖലയിലുള്ളവരെ ഇടതുപക്ഷത്തോട് അടുപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നത്. സര്‍ക്കാരിനെ കുറിച്ച് തെറ്റായ ധാരണകള്‍ സമൂഹത്തില്‍ ഉണ്ടാകുമ്പോള്‍ ആളുകള്‍ ഇടതുപക്ഷത്തു നിന്ന് അകന്നുപോകും. അന്‍വര്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നിരന്തരം നടത്തുമ്പോള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയാണ്. അത് ഗുണത്തേക്കാള്‍ ഏറെ ദോഷം ഉണ്ടാക്കും. അത്തരം പ്രവര്‍ത്തനങ്ങള്‍ ആരു നടത്തിയാലും ശരിയല്ല. സര്‍ക്കാരിന് ദുര്‍ബലപ്പെടുത്താന്‍ സഹായകരമായ നിലപാട് ഉണ്ടാകാന്‍ പാടില്ല. അന്‍വര്‍ മാറ്റത്തിന് വിധേയനായി സമീപനം സ്വീകരിക്കേണ്ടതുണ്ട്. പി ശശി തെറ്റ് ചെയ്യില്ലെന്ന് പാര്‍ട്ടിക്ക് ഉറപ്പുണ്ട്.

കേരളത്തിന്റെ മതനിരപേക്ഷ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമാണ്. അത്രയും സ്വീകാര്യതയുള്ള സര്‍ക്കാരിനെ ശക്തിപ്പെടുത്തുക ആണ് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ അന്‍വറിന്റെ നിലപാട് അതിനെതിരാണ്. സര്‍ക്കാരിനെയും പാര്‍ട്ടിയെയും ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകളാണ് അന്‍വറിന്റെ ഭാഗത്തുനിന്നുണ്ടായത്. അന്‍വറിന്റെ പ്രസ്താവനകള്‍ ശത്രുക്കള്‍ക്ക് ആഹ്ലാദിക്കാന്‍ വകയുണ്ടാക്കി. ഇടതു പക്ഷ സര്‍ക്കാരിനെ തളര്‍ത്തുന്ന നിലപാടാണ് അന്‍വര്‍ എടുത്തത്.