Kerala
കിണറ്റില്‍ വീണ കാട്ടാനയെ മണ്ണിട്ടു മൂടണമെന്ന വിവാദ പ്രസ്താവനയുമായി പി വി അന്‍വര്‍
ഫോറസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ അനുവദിക്കരുതെന്നും തൃണമൂല്‍ നേതാവ് ആവശ്യപ്പെട്ടു
മലപ്പുറം | മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ കിണറ്റിലിട്ടു മണ്ണിട്ടു മൂടണമെന്ന വിവാദ പ്രസ്താവനയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. സ്ഥലം സന്ദര്‍ശിച്ച പി വി അന്‍വര്‍ വനം വകുപ്പിനേയും സര്‍ക്കാരിനേയും ആക്ഷേപിച്ചു.
ആന ചവിട്ടി കൊല്ലുമ്പോള്‍ കൊടുക്കാനുള്ള അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വെച്ചിരിക്കുകയാണ് വനം വകുപ്പെന്നും ഫോറസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനയെ കിണറ്റില്‍ തന്നെ മണ്ണിട്ട് മൂടണം എന്ന മുന്‍ എം എല്‍ എയുടെ ആവശ്യം ഏവരേയും അമ്പരപ്പിച്ചു.
വയനാട്ടില്‍ നിന്ന് വിദഗ്ധസംഘം എത്തി കിണറ്റില്‍ വീണ ആനയെ പരിശോധിക്കുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡി എഫ് ഒ പി കാര്‍ത്തിക് പറഞ്ഞു. കിണറിന്റെ വശങ്ങളിടിച്ച് ആനയെ കരക്കെത്തിച്ചതിനു ശേഷം മയക്കു വെടിവെച്ച് പിടികൂടാനാണ് ആലോചന. ഇതു സംബന്ധിച്ച് ചീഫ് എലിഫന്റ് വാര്‍ഡന്റെ നിര്‍ദ്ദേശം വേണം. നിര്‍ദ്ദേശം ലഭിച്ചാല്‍ നടപടികളുമായി മുന്നോട്ടു പോകും. ആനയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു മാത്രമേ മയക്കുവെടി വയ്ക്കുന്നതടക്കമുള്ള നീക്കങ്ങള്‍ നടത്തൂവെന്നും ഡി എഫ് ഒ വ്യക്തമാക്കി.
നാട്ടുകാരുടെ വികാരം കൂടി മനസ്സിലാക്കി തീരുമാനമെടുക്കും. ആനയെ സ്ഥലത്തുനിന്ന് മാറ്റുന്നതിലും മയക്കുവെടി വയ്ക്കുന്നതിലും പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഒരു ആനയെ ഇവിടെ നിന്ന് മാറ്റിയതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമാകില്ല. വനം മന്ത്രിയുടെ നിര്‍ദ്ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ആനയെ മയക്കുവെടി വച്ച് കിണറ്റില്‍ നിന്ന് കയറ്റി ദൂരെ ഉള്‍ക്കാട്ടില്‍ വിടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം മയക്കുവെടി വെക്കുന്നതില്‍ തീരുമാനമെടുക്കുമെന്നാണ് വനം വകുപ്പ് പറയുന്നത്.