Kerala
പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്ക്
ഇന്ന് രാവിലെ 9.30 ഓടെ നിയസഭാ ചേമ്പറിലെത്തി സ്പീക്കറെ കണ്ട് അന്‍വര്‍ രാജിക്കത്ത് കൈമാറുകയായിരുന്നു.
തിരുവനന്തപുരം | എംഎല്‍എ സ്ഥാനം രാജിവെച്ച് പി വി അന്‍വര്‍. ഇന്ന് രാവിലെ 9.30 ഓടെ നിയസഭാ ചേമ്പറിലെത്തി സ്പീക്കറെ കണ്ട് അന്‍വര്‍ രാജിക്കത്ത് കൈമാറുകയായിരുന്നു.എംഎല്‍എ സ്ഥാനം രാജിവെച്ചതായി പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. എംഎല്‍എ ബോര്‍ഡ് നീക്കിയ കാറിലാണ് എംഎല്‍എ ഹോസ്റ്റലില്‍ നിന്നും അന്‍വര്‍ സ്പീക്കറെ കാണാന്‍ പുറപ്പെട്ടത്. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അന്‍വര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. അയോഗ്യതാ നീക്കം മുന്‍കൂട്ടി കണ്ടാണ് അന്‍വറിന്റെ രാജി. ഇതോടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും
നേരത്തെ തൃണമൂല്‍ കോണ്‍?ഗ്രസ് നേതാവ് മമത ബാനര്‍ജിയുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെയ്ക്കാന്‍ അന്‍വര്‍ തീരുമാനിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.ആര്യാടന്‍ മുഹമ്മദിന്റെ കുത്തക മണ്ഡലമായി നിലമ്പൂരില്‍ നിന്നും സിപിഎം സ്വതന്ത്രനായാണ് പി വി അന്‍വര്‍ നിയമസഭയിലെത്തിയത്.
അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തതോടെയാണ് നിയമക്കുരുക്ക് ഭയന്ന അന്‍വര്‍ പെട്ടന്നുള്ള രാജിക്കൊരുങ്ങിയത്. അന്‍വറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനര്‍ജിയും ട്വീറ്റ് ചെയ്തിരുന്നു. ഇതെല്ലാം തെളിവായി സ്വീകരിച്ച് സ്പീക്കര്‍ അയോഗ്യതാ നടപടിയിലേക്ക് കടക്കും എന്നു മണത്തറിഞ്ഞ സാഹചര്യത്തിലാണ് രാജി .ഇങ്ങനെയൊരു ഊരാക്കുടുക്കില്‍ കുടുങ്ങിയാണ് രാജിനീക്കമെങ്കിലും അതിനൊരു രക്തസാക്ഷി പരിവേഷം നല്‍കാന്‍ അന്‍വറും അന്‍വറിനെ അനുകൂലിക്കുന്നവരും നീക്കം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എമ്മിനെയും വെല്ലുവിളിച്ച് പുറത്തുപോയ പി വി അന്‍വര്‍ താന്‍ എം എല്‍ എ സ്ഥാനം രാജി വയ്ക്കില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. എം എല്‍ എ എന്ന മൂന്നക്ഷരം ജനങ്ങള്‍ തനിക്ക് തന്നതാണെന്നും അത് ഒഴിയുമെന്ന പൂതി വച്ച് ആരും നില്‍ക്കണ്ട എന്നുമായിരുന്നു അന്നത്തെ പ്രതികരണം.ഇനി ഒന്നേ മുക്കാല്‍ കൊല്ലം ഞാന്‍ ഉണ്ടെങ്കില്‍ എം എല്‍ എ എന്ന പദവിയും കൂടെ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം സ്ഥാനം രാജിവെച്ചിരിക്കുകയാണ്