Kozhikode
ഖുര്‍ആന്‍ ജ്ഞാനസംവാദ വേദിയായി ക്യു-കോണ്‍ഫറന്‍സ്
ഖുര്‍ആന്‍ പ്രമേയമായ അനുബന്ധ പഠനങ്ങള്‍, ഗവേഷണങ്ങള്‍, ചര്‍ച്ചാ സംഗമങ്ങള്‍ തുടങ്ങിയവ കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്നു.
കുറ്റ്യാടി | സിറാജുല്‍ ഹുദയുടെ പ്രധാന സംരംഭമായ സ്‌കൂള്‍ ഓഫ് തഹ്ഫീളുല്‍ ഖുര്‍ആനില്‍ നിന്നും ഖുര്‍ആന്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കിയ 86 ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാന ഹഫ്ലതുല്‍ ഖുര്‍ആന്‍ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ക്യു-കോണ്‍ഫറന്‍സ് ശ്രദ്ധേയമായി. ഖുര്‍ആന്‍ പ്രമേയമായ അനുബന്ധ പഠനങ്ങള്‍, ഗവേഷണങ്ങള്‍, ചര്‍ച്ചാ സംഗമങ്ങള്‍ തുടങ്ങിയവയും കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്നു.
‘ഖുര്‍ആനിന്റെ അജയ്യതയും വിമര്‍ശനങ്ങളിലെ അയുക്തിയും’ എന്ന വിഷയത്തില്‍ പ്രഥമ സെഷന് ഫൈസല്‍ അഹ്‌സനി ഉളിയില്‍ നേതൃത്വം നല്‍കി. കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കിയ ‘തഫ്‌സീറുകളുടെ ലോകം’ എന്ന വിഷയത്തിലുള്ള സെഷനും പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി കുറ്റ്യാടി, ഇബ്രാഹിം സഖാഫി കുമ്മോളി നേതൃത്വം നല്‍കിയ ചര്‍ച്ചാ സംഗമവും, ശഹീര്‍ അസ്ഹരി പേരോടിന്റെ ‘ഖുര്‍ആന്‍ വായനകള്‍’ എന്ന വിഷയത്തിലുള്ള പ്രബന്ധ അവതരണവും, ‘ഖുര്‍ആന്‍; റബ്ബിന്റെ കലാം’ എന്ന വിഷയത്തില്‍ ഉമര്‍ സഖാഫി, മുസ്തഫ ബുഖാരി, നാസര്‍ സുറൈജി നടത്തിയ അവതരണങ്ങളും, ‘ഖുര്‍ആന്‍, മനുഷ്യന്‍, പ്രകൃതി’ എന്ന വിഷയത്തിലുള്ള
പേപ്പര്‍ പ്രസന്റേഷനുകളും ക്യു-കോണ്‍ഫറന്‍സില്‍ നടന്നു.
രാവിലെ എട്ടോടെ ആരംഭിച്ച ക്യു-കോണ്‍ഫറന്‍സ് വേദിയില്‍ ഇബ്‌റാഹീം സഖാഫി കുമ്മോളി അധ്യക്ഷത വഹിച്ച ക്യു-കോണ്‍ഫറന്‍സ് അക്കാദമിക് സംഗമം മുത്വലിബ് സഖാഫി പാറാട് ഉദ്ഘാടനം ചെയ്തു. ടി ടി അബൂബക്കര്‍ ഫൈസി സ്വാഗതവും ഇസ്മാഈല്‍ സഖാഫി തിനൂര്‍ ആമുഖ ഭാഷണവും നടത്തി.