Ongoing News
ഇറാനെ തകർത്ത് ഖത്തർ ഏഷ്യാകപ്പ് ഫൈനലിൽ
രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ ജയം.
![](https://assets.sirajlive.com/2024/02/asia-cup-qatar-897x538.jpg)
ദോഹ | ഏഷ്യാ കപ്പിൽ ആവേ ശം മുറ്റിയ രണ്ടാം സെമി ഫൈനലിൽ ഇറാനെ തകർത്ത് ആതിഥേയരായ ഖത്വർ ഫൈനലിൽ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ ജയം.
കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തിൽ 82ാം മിനുട്ടിൽ അൽ മുഈസ് അലിയാണ് ഖത്വറിന്റെ വിജയ ഗോൾ നേടിയത്. നാലാം മിനുട്ടിൽ തന്നെ സർദാർ അസ്മൂനിലൂടെ ലീഡെടുത്ത് ഇറാൻ ഖത്വറിനെ ഞെട്ടിച്ചെങ്കിലും അധിക സമയം ആധിപത്യം നീണ്ടുനിന്നില്ല. 17ാം മിനുട്ടിൽ ജാസിം ഗാബിർ അബ്ദുൽ സലാം സമനില നേടി. ഇടവേളക്ക് പിരിയും മുമ്പ് അക്‌റം അഫീഫിലൂടെ ഖത്വർ ലീഡെടുത്തു. സ്‌കോർ 2-1.
രണ്ടാം പകുതിയിൽ ഖത്വറിനെതിരെ വിധിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഇറാൻ സമനില പിടിച്ചു. അലി റെസ ജഹാൻ ബഗ്ഷിഷ് ആണ് സ്‌കോർ ചെയ്തത്. ഖത്വർ വിജയ ഗോൾ നേടിയതിന് ശേഷം അക്‌റം അഫീഫിനെ വീഴ്ത്തിയതിന് ഇറാന്റെ ശുജാഇ ഖലീൽ സാദിഹ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
ഒന്നാം സെമിയിൽ ശക്തരായ ദക്ഷിണ കൊറിയയെ തകർത്ത് ജോർദാൻ കലാശപ്പോരിന് യോഗ്യരായിരുന്നു. ഇതോടെ 2007ന് ശേഷം ആദ്യമായി ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ അറബ് ടീമുകൾ കൊമ്പുകോർക്കും.