Connect with us

Ongoing News

ഖത്വര്‍ ലോകകപ്പ്; ഫുട്‌ബോള്‍ ആരാധകര്‍ക്ക് മികച്ച യാത്രാ സൗകര്യമൊരുക്കി ഖത്വര്‍ എയര്‍വേയ്‌സ്

ഗള്‍ഫ് രാജ്യങ്ങളിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മത്സരം കാണാനും അതേ ദിവസം തന്നെ മടങ്ങാന്‍ കഴിയുകയും ചെയ്യുന്ന രീതിയിലാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Published

|

Last Updated

ദമാം | ഖത്വര്‍ ആതിഥേയത്വം വഹിക്കുന്ന 2022 ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഖത്വര്‍ എയര്‍വേയ്സ് പ്രമുഖ ഗള്‍ഫ് എയര്‍ലൈനുകളുടെ സഹകരണത്തോടെ മികച്ച സൗകര്യങ്ങളൊരുക്കി. ഗള്‍ഫ് രാജ്യങ്ങളിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മത്സരം കാണാനും അതേ ദിവസം തന്നെ മടങ്ങാന്‍ കഴിയുകയും ചെയ്യുന്ന രീതിയിലാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഖത്വര്‍ എയര്‍വേയ്സ്, സഊദിയ, കുവൈത്ത് എയര്‍വേയ്സ്, ഒമാന്‍ എയര്‍, ഫ്ളൈ ദുബൈ എന്നീ വിമാന കമ്പനികള്‍ ധാരണാപത്രത്തില്‍ ഒപ്പ് വെച്ചതായി ഖത്വര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

‘പൗരാണിക സംസ്‌കാരവും ആധികാരികമായ ആതിഥ്യമര്യാദയും പരിചയപ്പെടുത്തിക്കൊണ്ട്, ഈ ടൂര്‍ണമെന്റിന്റെ ആകര്‍ഷകമായ പതിപ്പ് ആസ്വദിക്കാന്‍ ഖത്വറില്‍ ആതിഥേയത്വം വഹിക്കാനാകുന്നു എന്നത് വലിയ കാര്യമാണ്. ഫിഫ ലോകകപ്പ് 2022 മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തെയും ആദ്യത്തെ ലോകകപ്പ് ടൂര്‍ണമെന്റാണ്. ലോകകപ്പ് ഖത്വറിന്റെ മാത്രമല്ല, മുഴുവന്‍ അറബ് രാജ്യങ്ങളുടെയും വിജയമാണ്.’- അല്‍ ബേക്കര്‍ അഭിപ്രായപ്പെട്ടു

ഫുട്ബോള്‍ ആരാധകരെ രാജ്യത്തെത്തിക്കുക വഴി ഗള്‍ഫ് എയര്‍ലൈനുകളുമായുള്ള സഹകരണ കരാറിലൂടെ ഗള്‍ഫ് രാജ്യങ്ങളിലെ ഫുട്ബോള്‍ ആരാധകരെ ഒന്നിപ്പിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് ഖത്വര്‍ എയര്‍ലൈന്‍. സഊദിയിലെ റിയാദ്, ജിദ്ദ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തയാറാണെന്ന് സഊദി എയര്‍ലൈന്‍സ് സി ഇ ഒ. ക്യാപ്റ്റന്‍ ഇബ്‌റാഹിം അല്‍-ഖോഷി പറഞ്ഞു. ഫിഫ ലോകകപ്പ് 2022 മുഴുവന്‍ അറബ് മേഖലക്കും വേണ്ടിയുള്ള ടൂര്‍ണമെന്റാണെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ യാസര്‍ എല്‍-ജമാല്‍ പ്രതികരിച്ചു. ഫുട്ബോള്‍ ആരാധകരെയും സന്ദര്‍ശകരെയും സ്വാഗതം ചെയ്യാന്‍ പുതിയ പങ്കാളിത്തം വഴി സാധിക്കുമെന്ന് ഫ്‌ളൈ ദുബൈ സി ഇ ഒ. ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ഗതാഗത മേഖല മെച്ചപ്പെടുത്തുക മാത്രമല്ല, സര്‍ക്കാരിന്റെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചക്ക് കൂടുതല്‍ സംഭാവന നല്‍കുകയാണെന്ന് കുവൈത്ത് എയര്‍വേയ്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ അലി ദുഖാന്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലെ ദേശീയ എയര്‍ലൈനുകളില്‍ ഒമാന്‍ പങ്കാളിയായതില്‍ അഭിമാനമുണ്ടെന്ന് ഒമാന്‍ എയര്‍ സി ഇ ഒ അബ്ദുല്‍ അസീസ് അല്‍ റൈസിയും പറഞ്ഞു.

 

Latest