Kozhikode
ഖത്മുല്‍ ഖുര്‍ആന്‍ തറാവീഹും പ്രാര്‍ഥനാ സംഗമവും ഇന്ന്
ഹാഫിള് ശമീര്‍ അസ്ഹരി ചേറൂര്‍ നേതൃത്വം നല്‍കും

നോളജ് സിറ്റി| വിശുദ്ധ റമസാനിലെ പ്രത്യേക രാത്രി നിസ്‌കാരമായ തറാവീഹില്‍ ആദ്യ ഭാഗം മുതലുള്ള സൂറത്തുകള്‍ ഓതിവന്ന് ഖുര്‍ആന്‍ പൂര്‍ത്തീകരിക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ തറാവീഹും പ്രാര്‍ഥനാ സംഗമവും ഇന്ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കും. 20 റക്അത്ത് തറാവീഹ് നിസ്‌കാരത്തില്‍ ഓരോ ദിവസവും ഓരോ ജുസ്ഇലധികം പാരായണം ചെയ്താണ് ഇരുപത്തിയേഴാം രാവായ ഇന്ന് ഖുര്‍ആന്‍ ഖത്മ് ചെയ്യുന്നത്. തറാവീഹ് നിസ്‌കാരത്തില്‍ ഖത്മ് പൂര്‍ത്തീകരിക്കുന്ന ഈ രീതി ഇസ്ലാമിക ആധ്യാത്മിക ലോകത്ത് ഏറെ സവിശേഷതയുണ്ട്.
ജാമിഉല്‍ ഫുതൂഹ് ഇമാമും ഖുര്‍ആന്‍ മനഃപാഠ- പാരായണ രംഗത്ത് അന്താരാഷ്ട്ര വേദികളിലുള്‍പ്പെടെ മികവ് തെളിയിക്കുകയും ചെയ്ത മലപ്പുറം ചേറൂര്‍ സ്വദേശി ഹാഫിള് ശമീര്‍ അസ്ഹരി നേതൃത്വം നല്‍കുന്ന ഖത്മുല്‍ ഖുര്‍ആന്‍ തറാവീല്‍ പങ്കെടുക്കാന്‍ വിദൂര ദിക്കുകളില്‍ നിന്നുപോലും ഏറെ പേരാണ് വര്‍ഷംതോറും നോളേജ് സിറ്റിയില്‍ എത്താറുള്ളത്. ഇത് 18ാമത് തവണയാണ് ഖത്മ് പൂര്‍ത്തീകരിച്ചുള്ള തറാവീഹ് നിസ്‌കാരത്തിന് ശമീര്‍ അസ്ഹരി നേതൃത്വം നല്‍കുന്നത്.
മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസില്‍ നിന്ന് 2006ല്‍ ഖാരിഅ് ഹനീഫ സഖാഫിയുടെ ശിക്ഷണത്തില്‍ രണ്ടാം റാങ്കോടെ ഹിഫ്‌ള് പഠനം പൂര്‍ത്തീകരിച്ചയാണ് ഹഫിള് ശമീര്‍ അസ്ഹരി. 2014ല്‍ ഈജിപ്ത് ഖുര്‍ആന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനവും 2012ല്‍ ബഹ്റൈനില്‍ രണ്ടാം സ്ഥാനവും, 2011ല്‍ ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ മികച്ച വിജയവും കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ ഖിറാഅത്തുകളില്‍ ഈജിപ്തിലെ അല്‍ അസ്ഹറില്‍ നിന്നും ഉന്നത പഠനം പൂര്‍ത്തീകരിച്ച അസ്ഹരി 2006 മുതല്‍ യു എ ഇ ഔഖാഫില്‍ ഇമാമായിരുന്നു. 2019 മുതല്‍ മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസില്‍ മുഹഫ്ഫിളായി സേവനം ചെയ്യുന്നതിനിടെയാണ് ജാമിഉല്‍ ഫുതൂഹ് ഇമാമായി നിയമിതനാവുന്നത്.
രാത്രി 8.30ന് ആരംഭിക്കുന്ന തറാവീഹ് നിസ്‌കാരത്തിന് ശേഷം നടക്കുന്ന പ്രാര്‍ഥന സംഗമത്തില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ സംസാരിക്കും. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന പവിത്ര രാവിലെ ആത്മീയ സംഗമത്തിനു ശേഷം നടക്കുന്ന പ്രാര്‍ഥനക്ക് സയ്യിദ് പി എം എസ് തങ്ങള്‍ തൃശൂര്‍ നേതൃത്വം നല്‍കും. റമസാന്‍ മാസത്തില്‍ ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ച് നടന്ന വിവിധ ഖുര്‍ആന്‍ പഠന കോഴ്‌സുകളുടെ പൂര്‍ത്തീകരണവും സുഹ്ബ ആത്മീയ സഹവാസ ക്യാമ്പിന്റെ സമാപനവും സംഗമത്തിന്റെ ഭാഗമായി നടക്കും.