Connect with us

Articles

ഖാസി ഫൗണ്ടേഷന്‍: ഈ നീക്കം അത്ര നിഷ്‌കളങ്കമോ?

ഖുലഫാഉര്‍റാശിദുകളുടെയും ശേഷം വന്ന മുആവിയ(റ)യുടെയും കാലശേഷം യസീദ് ഭരണമേറ്റെടുത്തത് മുതല്‍ക്കാണ് രാഷ്ട്രീയക്കാര്‍ പണ്ഡിതന്മാരെ നിയന്ത്രിക്കുന്ന രീതിക്ക് തുടക്കമിടുന്നത്. പാരത്രിക ബോധമുള്ള പണ്ഡിതന്മാര്‍ ഇതിനോട് വിയോജിച്ച് നിന്നതിന്റെ പേരില്‍ കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നു. എന്നാല്‍ ഒരു വിഭാഗം കൊട്ടാരം പണ്ഡിതന്മാര്‍ രാഷ്ട്രീയക്കാരന്റെ അപ്പക്കഷണങ്ങള്‍ സ്വീകരിച്ച് അവരുടെ സ്തുതിപാഠകരായി സുഖിച്ചു ജീവിച്ചു. അത്തരക്കാര്‍ ഇന്ന് വിസ്മൃതിയുടെ ചവറ്റുകൊട്ടയില്‍ കിടക്കുമ്പോള്‍, ആദര്‍ശത്തിനു വേണ്ടി നിലകൊണ്ടവര്‍ മുസ്ലിം ഉമ്മത്തിന്റെ മനസ്സുകളില്‍ ഇന്നും ജീവിക്കുന്നു.

Published

|

Last Updated

ലോകത്തുടനീളം മുസ്ലിം ഉമ്മത്തിനെ നേര്‍പാതയിലൂടെ വഴി നടത്തിയത് ഉലമാക്കളാണ്. കേരളത്തിന്റെ 14 നൂറ്റാണ്ട് കാല ചരിത്രം പരിശോധിച്ചാലും, ബഹുസ്വരതക്കിടയിലും സാംസ്‌കാരിക സ്വത്വം കാത്തുസൂക്ഷിച്ച് മുസ്ലിം സമുദായം ഇവിടെ നിലകൊള്ളുന്നത് പണ്ഡിത നേതൃത്വത്തിന്റെ തണലിലാണെന്ന് വ്യക്തമാകും.

മാലിക് ദീനാറിന്റെ നേതൃത്വത്തില്‍ ആദ്യ നൂറ്റാണ്ടില്‍ തന്നെ ഇസ്ലാം കേരളത്തിലെത്തുകയും അവര്‍ സ്ഥാപിച്ച പള്ളികള്‍ കേന്ദ്രീകരിച്ച് പണ്ഡിതന്മാര്‍ ഈ ഉമ്മത്തിന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തുപോന്നു. സമുദായാംഗങ്ങളുടെ ആത്മീയ പുരോഗതിയും തൊഴില്‍, പാര്‍പ്പിടം, വിവാഹം, കുടുംബം, യാത്ര തുടങ്ങിയ സര്‍വ കാര്യങ്ങളിലും അവര്‍ ഇടപെട്ടു. പില്‍ക്കാലത്ത് സയ്യിദ് കുടുംബാംഗങ്ങള്‍ ധാരാളം വന്നപ്പോഴും അവരിലെ പാണ്ഡിത്യമുള്ളവരെ ഖാസിമാരായും മാര്‍ഗദര്‍ശികളായും സ്വീകരിച്ചു. ശേഷം മഖ്ദൂമുമാര്‍ എത്തിയപ്പോള്‍ അവരില്‍ പെട്ട പണ്ഡിതന്മാരെയും കേരളീയ സമൂഹം അവരുടെ ഖാസിമാരായും നേതാക്കന്മാരായും സ്വീകരിച്ചു.

ദര്‍സ് നടത്താനോ ഖാസി സ്ഥാനം വഹിക്കാനോ ഉള്ള പാണ്ഡിത്യം ഇല്ലാത്ത സയ്യിദന്മാരെയും പ്രവാചക കുടുംബാംഗങ്ങളെ നിലക്ക് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തുപോന്നു. അത്തരക്കാരാരും ഖാസി സ്ഥാനം കവര്‍ന്നെടുക്കാനോ ഉമ്മത്തിന്റെ മതനേതൃത്വം കൈപ്പിടിയിലൊതുക്കാനോ ശ്രമിച്ചതായി ചരിത്രത്തിലെവിടെയും കണ്ടിട്ടില്ല.

സമുദായത്തിന്റെ ആദര്‍ശവും പാരമ്പര്യ വിശ്വാസവും സംരക്ഷിക്കുന്നതിനാണ് എക്കാലത്തും ഖാസിമാരും പണ്ഡിതന്മാരും മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഹിജ്റ 1159ല്‍ യമനില്‍ നിന്ന് കോഴിക്കോട്ട് എത്തിച്ചേര്‍ന്ന സയ്യിദ് ജിഫ്രി തങ്ങളുടെ കാലഘട്ടത്തിലാണ് നജ്ദില്‍ വഹാബിസം ഉത്ഭവിക്കുന്നത്. ആ ആശയം കേരളത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ മഹാനായ തങ്ങള്‍ അതിനെതിരെ ഗ്രന്ഥം രചിച്ച് സമുദായത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതായിരുന്നു പണ്ഡിതന്മാരായ സയ്യിദന്മാരുടെ പാരമ്പര്യം.

1921ന് ശേഷം ഇതേ വഹാബിസം കേരളത്തിലേക്ക് പ്രവേശിച്ചപ്പോള്‍ കോഴിക്കോട്ടെ പൗരപ്രധാനിയും പണ്ഡിതനും സയ്യിദ് തറവാട്ടിലെ കാരണവരുമായ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഅലവി മുല്ലക്കോയ തങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സഭ രൂപവത്കരിച്ചാണ് വഹാബിസത്തെ നേരിടുകയും അഹ്ലുസ്സുന്നയുടെ ആദര്‍ശം സംരക്ഷിക്കുകയും ചെയ്തത്.

വിവരമുള്ള ഉലമാക്കളും സയ്യിദന്മാരും ആദര്‍ശത്തിനായിരുന്നു ഏറ്റവും വലിയ പരിഗണന കൊടുത്തിരുന്നത്. പിഴച്ച ത്വരീഖത്തുകാരെയും വിലായത്ത് വാദികളെയുമെല്ലാം അവര്‍ സമൂഹത്തിനു മുന്നില്‍ തുറന്നു കാണിച്ചു കൊടുത്തു.

പണ്ഡിതന്മാര്‍ക്കുമേല്‍ രാഷ്ട്രീയ നിയന്ത്രണം
ഖുലഫാഉര്‍റാശിദുകളുടെയും ശേഷം വന്ന മുആവിയ(റ)യുടെയും കാലശേഷം യസീദ് ഭരണമേറ്റെടുത്തത് മുതല്‍ക്കാണ് രാഷ്ട്രീയക്കാര്‍ പണ്ഡിതന്മാരെ നിയന്ത്രിക്കുന്ന- തങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് മതവിധി പറയാന്‍ നിര്‍ബന്ധിക്കുന്ന- രീതിക്ക് തുടക്കമിടുന്നത്. പാരത്രിക ബോധമുള്ള പണ്ഡിതന്മാര്‍ ഇതിനോട് വിയോജിച്ച് നിന്നതിന്റെ പേരില്‍ കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നു. എന്നാല്‍ ഒരു വിഭാഗം കൊട്ടാരം പണ്ഡിതന്മാര്‍ രാഷ്ട്രീയക്കാരന്റെ അപ്പക്കഷണങ്ങള്‍ സ്വീകരിച്ച് അവരുടെ സ്തുതിപാഠകരായി സുഖിച്ചു ജീവിച്ചു. അത്തരക്കാര്‍ ഇന്ന് വിസ്മൃതിയുടെ ചവറ്റുകൊട്ടയില്‍ കിടക്കുമ്പോള്‍, ആദര്‍ശത്തിനു വേണ്ടി നിലകൊണ്ടവര്‍ മുസ്ലിം ഉമ്മത്തിന്റെ മനസ്സുകളില്‍ ഇന്നും ജീവിക്കുന്നു.

1960ല്‍ സമുദായ രാഷ്ട്രീയക്കാര്‍ക്ക് ഭരണപങ്കാളിത്തം ലഭിച്ചത് മുതല്‍ക്കാണ് കേരളത്തില്‍ ഉലമാക്കളുടെ മേല്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമമാരംഭിച്ചത്. നിഷ്‌കളങ്കരായ ചില സയ്യിദന്മാരെ മറയാക്കിയായിരുന്നു ഇതാരംഭിച്ചത്. ആദര്‍ശപരമായ കാരണത്താല്‍ സമുദായം അകറ്റിനിര്‍ത്തിയിരുന്ന പുത്തനാശയക്കാരെ മുസ്ലിം മുഖ്യധാരയുടെ ഭാഗമാക്കുകയായിരുന്നു രാഷ്ട്രീയ പാര്‍ട്ടിയില്‍ കയറിപ്പറ്റിയ ചില വഹാബി നേതാക്കളുടെ ലക്ഷ്യം.

മഹാഭൂരിപക്ഷം വരുന്ന മുസ്ലിംകള്‍ ഇസ്ലാമിന് പുറത്താണെന്നും അവര്‍ മുശ്‌രിക്കുകളും കാഫിറുകളുമാണെന്നും നിരന്തരം പ്രചരിപ്പിക്കുന്ന തീവ്ര വഹാബി ആശയക്കാരെയും, ജനാധിപത്യ സംവിധാനവുമായി സഹകരിക്കുന്നത് ബഹുദൈവാരാധനക്ക് തുല്യമാണെന്ന് വാദിച്ച ജമാഅത്തെ ഇസ്ലാമിയെയും ചേര്‍ത്തുപിടിച്ച് സമുദായ ഐക്യം ഉണ്ടാക്കണമെന്ന് അവര്‍ പണ്ഡിതന്മാരെ ശാസിച്ചു.

മുസ്ലിംകളുടെ വിശ്വാസ ആദര്‍ശങ്ങള്‍ക്ക് എന്ത് പരുക്ക് പറ്റിയാലും അവര്‍ക്ക് പ്രശ്നമില്ല, സമുദായത്തിന്റെ വോട്ടുകള്‍ ഒരു പെട്ടിയില്‍ മാത്രം വീണാല്‍ മതി എന്ന നിലപാടായിരുന്നു. അതിനിടെ ഈ ഐക്യവേദിയുടെ മറവില്‍ അവര്‍ വഹാബിസം നന്നായി ഒളിച്ചു കടത്തുകയും ചെയ്തു. അറബി പാഠപുസ്തക സമിതിയും വഹാബിവത്കരിക്കപ്പെട്ടു. അറബി കോളജുകളും ഭൗതിക കോളജുകളും കോഴ്സുകളും വഹാബികള്‍ക്ക് പതിച്ചു നല്‍കി. സമസ്തയുടെ സ്ഥാപനമായ പട്ടിക്കാട് ജാമിഅയുടെ സമ്മേളനങ്ങള്‍ പോലും രാഷ്ട്രീയ സമ്മേളനങ്ങളായി മാറി. സുന്നികളുടെ സ്ഥാപനമായ വാഴക്കാട് ദാറുല്‍ ഉലൂമടക്കം കള്ള രേഖകള്‍ ചമച്ച് തട്ടിയെടുത്തു. നിരവധി പള്ളികള്‍ സുന്നികള്‍ക്ക് നഷ്ടപ്പെട്ടു. 1970കളുടെ മധ്യമായപ്പോഴേക്ക് കൂമ്പടഞ്ഞു പോയിരുന്ന വഹാബിസം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തി.

ചില സയ്യിദന്മാരെ മറയാക്കി സമുദായത്തിന്റെ പേര് പറഞ്ഞ് തട്ടിപ്പടച്ചുണ്ടാക്കിയ ഈ ബിദഈ ബാന്ധവം മുസ്ലിം ഉമ്മത്തിന് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത് എന്ന് തിരിച്ചറിഞ്ഞ ഉലമാക്കള്‍ 1970കളുടെ രണ്ടാം പകുതിയില്‍ മര്‍ഹൂം ഇ കെ ഹസന്‍ മുസ്ലിയാര്‍, സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച സുന്നി നവജാഗരണത്തിലൂടെ പ്രതികരിക്കാന്‍ തുടങ്ങി.

സുന്നി സംഘ ശാക്തീകരണം ലക്ഷ്യമിട്ട് 1978ല്‍ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചു. അതേ സമ്മേളനത്തിനിടയില്‍ ജാമിഅ മര്‍കസിന് തറക്കല്ലിട്ടു. സമുദായ രാഷ്ട്രീയക്കാരില്ലെങ്കില്‍ സുന്നി സമ്മേളനങ്ങള്‍ വിജയിക്കില്ലെന്ന ധാരണ തിരുത്തി. പിന്നീട് പണ്ഡിതന്മാരുടെ പരിപൂര്‍ണ നിയന്ത്രണത്തില്‍ തന്നെ സമസ്തയുടെ അറുപതാം വാര്‍ഷിക സമ്മേളനവും നടത്തി. സുന്നികള്‍ സ്വന്തം കാലില്‍ നിന്നുകൊണ്ടുതന്നെ ആദര്‍ശം മുറുകെപ്പിടിച്ച് സമുദായത്തിന്റെ ഐഹികവും പാരത്രികവുമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും മുന്നോട്ടുപോകുകയും ചെയ്തു. 1985ല്‍ ഉടലെടുത്ത ശരീഅത്ത് പ്രശ്നത്തില്‍ സമസ്ത തന്നെ നേരിട്ട് പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കാണാന്‍ തീരുമാനിച്ചതോടെ കേരളീയ മുസ്ലിംകളുടെ നേതൃത്വം സമസ്തക്കാണെന്ന് വന്നുപോകുമെന്നും എന്ത് വില കൊടുത്തും സമസ്തയുടെ ഈ നീക്കം തടയണമെന്നും തീരുമാനിച്ച സമുദായ രാഷ്ട്രീയക്കാര്‍ മര്‍ഹൂം ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ അവര്‍കളെ ഈ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയും അത് സമസ്തയുടെ തന്നെ പിളര്‍പ്പിന് ഒരു കാരണമാകുകയും ചെയ്തു.

ഇ കെ സമസ്തയിലെ പ്രശ്നം
ഇരു സമസ്തകളുടെ മാന്യമായ യോജിപ്പിന് വേണ്ടി വളരെയധികം ആഗ്രഹിച്ചുകൊണ്ടായിരുന്നു ശംസുല്‍ഉലമ ഇ കെ അവര്‍കള്‍ മരണപ്പെട്ടത് എന്ന് ലീഗ് നേതാവ് അബ്ദുര്‍റഹ്മാന്‍ കല്ലായി തന്നെ ചന്ദ്രികയില്‍ എഴുതിയിട്ടുള്ളതാണ്. പാണക്കാട് തങ്ങന്മാരെ കണ്ട് പ്രശ്നം പരിഹരിക്കാന്‍ തന്നോട് നിര്‍ദേശിച്ചുവെന്നും അദ്ദേഹം ഇക്കാര്യം പാണക്കാട് സയ്യിദന്മാരോട് ഉണര്‍ത്തിയെന്നുമാണ് മനസ്സിലാകുന്നത്. എന്നാല്‍ സുന്നികളുടെ ഐക്യത്തിന് വേണ്ടി പാണക്കാട്ട് നിന്ന് പിന്നീട് കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായതായി അറിവില്ല. സയ്യിദ് സ്വാദിഖലി തങ്ങള്‍ മുസ്ലിം ലീഗ് സ്റ്റേറ്റ് പ്രസിഡന്റായ ഉടനെ ഇരു സമസ്തകളെയും യോജിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി അറിയിച്ച് ഇരു സമസ്തക്കും കത്ത് നല്‍കിയെന്നാണ് വിവരം. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിലുള്ള സമസ്ത ആ ശ്രമത്തെ സ്വാഗതം ചെയ്ത് മറുപടി കൊടുത്തെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായതായി അറിവില്ല. ഈ നീക്കം തടഞ്ഞത് ആരാണെന്നറിയില്ല. സുന്നികള്‍ യോജിക്കുന്നതിനെ ഭയക്കുന്ന ഒരു ലോബി ഇന്നും രാഷ്ട്രീയത്തിലുണ്ട്. അവര്‍ രാത്രി വഹാബികളും പകലില്‍ സുന്നികളുമാണ്. പണ്ഡിതന്മാര്‍ ഉമ്മത്തിനെ നിയന്ത്രിക്കുന്നതിനെ ഭയപ്പെടുന്നവരാണ് അവര്‍.

ഇ കെ വിഭാഗം സുന്നികള്‍ക്കിടയില്‍ രൂപപ്പെട്ട വിഭാഗീയതയുടെ അടിസ്ഥാനവും ഉമ്മത്തിനെ പണ്ഡിതന്മാര്‍ നയിക്കണമോ അതോ രാഷ്ട്രീയക്കാര്‍ നിയന്ത്രിക്കണമോ എന്ന വിഷയമാണ്. ഐക്യ വേദിയുടെ മറവില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ ഒളിച്ചുകടത്തുകയാണ് പതിവ് രീതി. വഖ്ഫ് വിഷയത്തില്‍ പള്ളികളില്‍ വെച്ച് രാഷ്ട്രീയ പ്രസംഗം നടത്താന്‍ പാര്‍ട്ടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ആഹ്വാനം ചെയ്തു. ഇ കെ വിഭാഗം പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പള്ളികളെ രാഷ്ട്രീയ സമര വേദിയാക്കുന്നതിന്റെ അപകടം മനസ്സിലാക്കി, ആ തീരുമാനത്തെ എതിര്‍ത്തു. അന്ന് മുതല്‍ക്കാണ് ജിഫ്രി തങ്ങള്‍ക്കെതിരെ ലീഗിലെ വഹാബി ലോബി തിരിയാന്‍ തുടങ്ങിയത്. അവര്‍ ബദല്‍ സംവിധാനത്തെ കുറിച്ച് ചിന്തിച്ചു. പതിവ് പോലെ രാഷ്ട്രീയത്തിലെ സയ്യിദന്മാരെ തന്നെ ഇറക്കിക്കളിക്കാന്‍ തീരുമാനിച്ചു. ‘സയ്യിദുല്‍ ഉലമ’ക്ക് പകരം ‘സയ്യിദുല്‍ ഉമ്മ’യെ നിര്‍മിച്ചു. വഖ്ഫ് വിഷയത്തില്‍ ജിഫ്രി തങ്ങളെ അനുസരിച്ച മഹല്ലുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ പരമാവധി ഖാസി സ്ഥാനങ്ങള്‍ പിടിച്ചെടുത്തു. അതുവഴി മഹല്ലുകളെ രാഷ്ട്രീയ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ വേണ്ടി ഖാസി ഹൗസുകള്‍ പ്രഖ്യാപിക്കുകയാണ്. അത്ര നിഷ്‌കളങ്കമാണ് ഈ നീക്കം എന്ന് തോന്നുന്നില്ല. തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും ശരിക്കും കളി തുടങ്ങുക.

ഖാസി കളിയല്ല
നബി(സ)പറഞ്ഞു, ‘ഒരാള്‍ ഖാസിയായി അവരോധിക്കപ്പെട്ടാല്‍ അവന്‍ കത്തി കൂടാതെ അറുക്കപ്പെട്ടു’. ഇമാം അബൂ ഹനീഫ (റ)നെ പോലുള്ളവരൊക്കെ ഭയന്ന് ഒഴിഞ്ഞുമാറിയ പോസ്റ്റാണ് ഖാസി പദവി. മറ്റൊരു നബി വചനം ഇപ്രകാരമാണ്, ‘ഒരു ഖാസി സ്വര്‍ഗത്തിലും രണ്ട് ഖാസിമാര്‍ നരകത്തിലുമാണ്’. ഈ ഹദീസിന് ഇമാം സൈനുദ്ദീന്‍ മഖ്ദൂം നല്‍കുന്ന വ്യാഖ്യാനം ചിന്തനീയമാണ്. സ്വര്‍ഗത്തിലുള്ള ഖാസി സത്യം അറിഞ്ഞ് അത് വിധിക്കുന്നയാളും, നരകത്തില്‍ പോകുന്ന ഖാസിമാര്‍ സത്യം അറിഞ്ഞിട്ടും അസത്യം വിധിക്കുകയോ അറിവില്ലാതെ വിധിക്കുകയോ ചെയ്തവരാണ് (ഫത്ഹുല്‍മുഈന്‍).

മറ്റാര്‍ക്കോ വേണ്ടി ചാടിപ്പുറപ്പെട്ട് പിടിച്ചെടുക്കേണ്ടതല്ല ഖാസി സ്ഥാനം. പ്രമാണങ്ങളില്‍ നിന്ന് വിധികള്‍ നിര്‍ദ്ധാരണം ചെയ്തു പറയാന്‍ ശേഷിയുള്ള മുജ്തഹിദുകളോ, ഏറ്റവും ചുരുങ്ങിയത് താന്‍ അംഗീകരിക്കുന്ന മദ്ഹബിലെ പ്രബലാഭിപ്രായം കൃത്യമായി പറയാന്‍ സാധിക്കുന്നവരോ ആയിരിക്കണം ഖാസി എന്നാണ് നിയമം. താന്‍ യോഗ്യനാണോ എന്ന് ചിന്തിക്കേണ്ടത് ഖാസിയായി പ്രഖ്യാപിക്കുന്നവരേക്കാള്‍ ആ സ്ഥാനം ഏറ്റെടുക്കുന്നവരാണ്. ‘നിങ്ങള്‍ അധികാരം ലഭിക്കാന്‍ അത്യാഗ്രഹം കാണിക്കും. എന്നാല്‍ പാരത്രിക ലോകത്ത് കടുത്ത ഖേദത്തിന് അത് വഴിവെക്കും’ എന്ന തിരുവചനം എല്ലാവരും ഓര്‍ക്കുക.

പുതിയ ഖാസി ഫൗണ്ടേഷന്റെ ലക്ഷ്യമായി പറയുന്ന കാര്യങ്ങളില്‍ ഏതാണ്ടെല്ലാം നിലവില്‍ മറ്റു സംഘടനകള്‍ ഇവിടെ കൃത്യമായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഖാസിമാര്‍ക്കും ഖത്വീബുമാര്‍ക്കുമൊക്കെ മാന്യമായ ശമ്പളം നല്‍കുക എന്നതാണ് മറ്റൊരു ലക്ഷ്യമായി പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഒരു ഖാസി ഹൗസിനും ചെയ്യാന്‍ പറ്റാത്ത, നടപ്പാക്കല്‍ അപ്രായോഗികമായ ഒരു പ്രഖ്യാപനം മാത്രമാണിത്.

ചുരുക്കത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലീഗിലെ വഹാബി ലോബി സമസ്തയുടെ മറ്റൊരു പിളര്‍പ്പിന് വേണ്ടി വീണ്ടും സയ്യിദന്മാരെ വെച്ച് നടത്തുന്ന ഒരു കരുനീക്കമാണിത്. സമസ്തയില്‍ മുമ്പൊരു പിളര്‍പ്പുണ്ടാക്കിയതിന്റെ ദുരന്തം ഒരര്‍ഥത്തില്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചത് സമുദായ രാഷ്ട്രീയക്കാര്‍ തന്നെയായിരിക്കും. തുടര്‍ച്ചയായി ഭരണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. മുമ്പ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തിരിഞ്ഞ് നോക്കിയില്ലെങ്കിലും വന്‍ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നവര്‍ സ്വന്തം കോട്ടയില്‍ പോലും വിയര്‍പ്പും പണവും ഒഴുക്കാതെ വിജയം അപ്രാപ്യമായ അവസ്ഥയിലെത്തി. ഇനിയും വഹാബി ലോബിയുടെ കുതന്ത്രത്തിന് വഴങ്ങി പരുക്കിന്റെ ആഴം വര്‍ധിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയ നേതൃത്വം തന്നെയാണ്. സുന്നികള്‍ക്കിടയില്‍ ഇനിയും ഒരു പിളര്‍പ്പുണ്ടായാല്‍ അതിന്റെ നഷ്ടം മുസ്ലിം ലീഗിനും സുന്നികള്‍ക്കും മാത്രമായിരിക്കും. ഗുണഭോക്താക്കള്‍ വഹാബികളും ആയിരിക്കും. മതകാര്യങ്ങള്‍ ഉലമാക്കള്‍ക്ക് വിട്ടുകൊടുത്ത് രാഷ്ട്രീയ നേതാക്കള്‍ സമുദായത്തിന്റെ അവകാശാധികാരങ്ങള്‍ക്കായി ജനാധിപത്യ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുക. മതവും രാഷ്ട്രീയവും കൂടി പാര്‍ട്ടി ഓഫീസിലേക്ക് ചുരുട്ടിക്കെട്ടുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണ്.

 

 

---- facebook comment plugin here -----

Latest