National
ക്വാഡ് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച യുഎസിലേക്ക്
23 വരെ യുഎസിൽ തങ്ങുന്ന അദ്ദേഹം ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ ഒരു പരിപാടിയിലും സംസാരിക്കും.
ന്യൂഡൽഹി | നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 21ന് യുഎസിലെത്തും. 23 വരെ യുഎസിൽ തങ്ങുന്ന അദ്ദേഹം ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ ഒരു പരിപാടിയിലും സംസാരിക്കും. ഡെലാവെയറിലെ വിൽമിങ്ടണിലാണ് ക്വാഡ് ഉച്ചകോടി. ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ നാലു രാജ്യങ്ങളടങ്ങിയ കൂട്ടായ്മയാണ് ക്വാഡ്.
ഉച്ചകോടിയിൽ, ക്വാഡിന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യുകയും, ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളുടെ വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി വരും വർഷത്തെ പ്രാഥമികാവശ്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. അടുത്ത ക്വഡ് ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥ്യമരുളുക.
സെപ്റ്റംബർ 23-ന് പ്രധാനമന്ത്രി മോദി ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ പൊതുസഭയിൽ ‘ഭാവിയുടെ ഉച്ചകോടി’ എന്ന പരിപാടിയിൽ വിവിധ ലോക നേതാക്കൾക്കൊപ്പം സംസാരിക്കും. ഉച്ചകോടി വേദിയിൽ, മോദി നിരവധി ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകളും നടത്തും.
സെപ്റ്റംബർ 22-ന് ന്യൂയോർക്കിൽ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും, യുഎസ് ആസ്ഥാനമായ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായി സംവദിക്കുകയും ചെയ്യും. എഐ, ക്വാണ്ടം കംപ്യൂട്ടിംഗ്, സെമികണ്ടക്റ്ററുകൾ, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ ഇന്ത്യ-യുഎസ് സഹകരണം ശക്തിപ്പെടുത്തുന്നത് ചർച്ചയാകും.