Kerala
ഭര്‍ത്താവുമായുള്ള വഴക്ക്; നാല് വയസുള്ള മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു
സിസ്നെ ഗ്രാമത്തിലെ ദഹന്വ ഏരിയയിലാണ് സംഭവം നടന്നത്.
മുബൈ | മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് 23കാരി മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ തിങ്കളാഴ്ച രാവിലെയാണ് അതിദാരുണമായ സംഭവം നടന്നത്. ഭര്‍ത്താവ് പുറത്തുപോയപ്പോള്‍ കൂടെ കൊണ്ടുപോകാതിരുന്നതും തുടര്‍ന്നുണ്ടായ വഴക്കുമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പാല്‍ഘറിലെ സിസ്‌നെ ഗ്രാമത്തിലെ ദഹന്വ ഏരിയയിലാണ് സംഭവം. ഗ്രോതവിഭാഗക്കാരിയായ യുവതിയുടെ ഭര്‍ത്താവ് മത്സ്യത്തൊഴിലാളിയാണ്. ജോലി ആവശ്യങ്ങള്‍ക്കായി യുവാവ് മിക്കപ്പോഴും വീട്ടില്‍ ഉണ്ടാവാറില്ല. കഴിഞ്ഞ ഞായറാഴ്ച വീട്ടിലെത്തിയ ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോയി.
പുറത്തുപോയപ്പോള്‍ തന്നെ കൂടെ കൊണ്ടുപോകാതിരുന്നതിനെച്ചൊല്ലി യുവതി ഭര്‍ത്താവുമായി വഴക്കിട്ടു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നാല് വയസുള്ള മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)