From the print
ക്വാറി ഉടമയുടെ മരണം: കളിയിക്കാവിളയിലേത് ക്വട്ടേഷന്‍ കൊലപാതകമെന്ന് നിഗമനം
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി. ക്ലോറോഫോമും കത്തിയും നല്‍കിയയാള്‍ക്കായി തിരച്ചില്‍.
തിരുവനന്തപുരം | കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്താന്‍ പ്രതി ചൂഴാറ്റുകോട്ട അമ്പിളി ഉപയോഗിച്ച ആയുധം കണ്ടെത്തി. മലയത്തെ ഒരു തോട്ടില്‍ നിന്നാണ് പോലീസ് ആയുധം കണ്ടെത്തിയിരിക്കുന്നത്. ദീപുവിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയതായും വ്യക്തമായിട്ടുണ്ട്.
കൈയില്‍ ഗ്ലൗസ് ധരിച്ച പ്രതി കാറിന്റെ പിന്‍സീറ്റിലിരുന്നാണ് കൃത്യം നടത്തിയത്. ഡ്രൈവിംഗ് സീറ്റിലായിരുന്ന ദീപുവിനെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തില്‍ മുറിവേല്‍പ്പിച്ചത്. അതേസമയം, സംഭവം ക്വട്ടേഷന്‍ കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം. ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരന്‍ നല്‍കിയ ക്വട്ടേഷന്‍ നടപ്പാക്കിയെന്നാണ് പ്രതി അമ്പിളി എന്ന സജികുമാര്‍ മൊഴി നല്‍കിയിരുന്നത്. പാറശ്ശാല സ്വദേശിയായ സുനില്‍കുമാറാണ് കൊലപാതകം നടത്താനുള്ള ബ്ലേഡും ക്ലോറോഫോമും നല്‍കിയതെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കൊലപാതകം. മുണ്ടും ഷര്‍ട്ടും മാത്രം ധരിക്കുന്ന അമ്പിളിക്ക് ടീഷര്‍ട്ടും പാന്റും വാങ്ങി നല്‍കിയത് സുനിലാണ്. ജെ സി ബി വാങ്ങാന്‍ വലിയൊരു തുകയുമായി കോയമ്പത്തൂരിലേക്ക് പോകാനാണ് ദീപു വന്നത്. ജെസി ബി ഓപറേറ്ററുമായി കളിയിക്കാവിള സ്റ്റേഷന് സമീപം നില്‍ക്കാമെന്ന് നേരിട്ട് കണ്ടാണ് ദീപുവിനോട് പ്രതി അമ്പിളി പറഞ്ഞത്. കളിയിക്കാവിളയില്‍ എത്തിയ ദീപു വാഹനം നിര്‍ത്തിയ ശേഷം അമ്പിളിയെ കാത്തുനിന്നു. പിന്നീട് ഇവിടെയെത്തിയ അമ്പിളി കാറിന്റെ പിന്‍സീറ്റില്‍ കയറി ദീപുവിനെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. ദീപുവിനെ കൊലപ്പെടുത്തി കഴിഞ്ഞാല്‍ കാറുമായി വന്ന് കൂട്ടാമെന്ന് സുനില്‍ ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു എന്നാണ് അമ്പിളിയുടെ മൊഴി. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ അമ്പിളി കുഴിതുറയിലെ ഒരു കടയില്‍ പോയി ഓട്ടോറിക്ഷ പിടിക്കാന്‍സഹായം തേടി. എന്നാല്‍ അത് ലഭിച്ചില്ല. ഇതോടെ ഇയാള്‍ നടന്ന് ബസ് സ്റ്റാന്‍ഡില്‍ പോയി. നേരെ വീട്ടില്‍ പോയ പ്രതി ഇവിടെ പണം വെച്ച ശേഷം ധരിച്ചിരുന്ന വസ്ത്രം ഊരിയെടുത്ത് കത്തിച്ചുകളഞ്ഞു. ബാഗില്‍ നിന്ന് പണം മാറ്റിയ ശേഷം ബാഗും കത്തിയും വീടിനടുത്തുള്ള പുഴയില്‍ വലിച്ചെറിഞ്ഞു.
കത്തിച്ച വസ്ത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ പ്രതിയുടെ വീട്ടിനടുത്ത് നിന്ന് കണ്ടെത്തി. ഏഴ് ലക്ഷം രൂപ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.