Connect with us

Ongoing News

അമ്പെയ്ത്തില്‍ ക്വാര്‍ട്ടറില്‍; ഒളിമ്പിക്‌സില്‍ മികച്ച തുടക്കവുമായി ഇന്ത്യ

റാങ്കിംഗ് വിഭാഗത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമിനത്തില്‍ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നത്. 2,013 പോയിന്റാണ് ലഭിച്ചത്.

Published

|

Last Updated

പാരീസ് | പാരീസ് ഒളിമ്പിക്സിലെ ആദ്യ മത്സര ഇനമായ അമ്പെയ്ത്തില്‍ മികവുകാട്ടി ഇന്ത്യ. ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു. റാങ്കിംഗ് വിഭാഗത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമിനത്തില്‍ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നത്. 2,013 പോയിന്റാണ് ലഭിച്ചത്.

681 പോയിന്റ് നേടിയ പുതുമുഖം ധീരജ് ബൊമ്മദേവര ഇന്ത്യക്കായി തിളങ്ങി. ലോകകപ്പിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ ധീരജ് വ്യക്തിഗത വിഭാഗത്തില്‍ നാലാം സ്ഥാനത്തെത്തി. തരുണ്‍ദീപ് റായ് 674 പോയിന്റോടെ 14ാം സ്ഥാനത്തെത്തി. പ്രവീണ്‍ ജാദവ് 658 പോയിന്റുമായി 39ാം സ്ഥാനത്ത് അവസാനിപ്പിച്ചു. ദക്ഷിണ കൊറിയ (2,049), ഫ്രാന്‍സ് (2,025) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

വനിതാ വിഭാഗം യോഗ്യതാ റൗണ്ടില്‍ 1,983 പോയിന്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ഒളിമ്പിക്സ് റെക്കോര്‍ഡ് തിരുത്തി 2,046 പോയിന്റ് നേടിയ ദക്ഷിണ കൊറിയയാണ് ഒന്നാമത്. ചൈന (1,996), മെക്സികോ (1,986) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റാങ്കിംഗ് റൗണ്ടിലെ ആദ്യ നാല് സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറില്‍ കടക്കും. അഞ്ച് മുതല്‍ 12 വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ പ്രീക്വാര്‍ട്ടര്‍ കളിക്കണം.

ഈ മാസം 28ന് നടക്കുന്ന ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സ്- ഫ്രാന്‍സ് മത്സര വിജയികള്‍ ഇന്ത്യയുടെ എതിരാളികളാകും. അങ്കിത ഭഗത് ആണ് ഇന്ത്യക്കു വേണ്ടി നിര്‍ണായക പ്രകടനം പുറത്തെടുത്തത്. 666 പോയിന്റുമായി അങ്കിത 11ാം സ്ഥാനത്തെത്തി. ഭജന്‍ കൗര്‍ 659 പോയിന്റുമായി 22ാമതാണ്. നാലാം ഒളിന്പിക്സിനിറങ്ങിയ ദീപിക കുമാരി 658 പോയിന്റുമായി 23ാം സ്ഥാനത്തായി.

 

Latest