Kerala
ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസ്; ഷുഹൈബിനായി അന്വേഷണം ഊര്‍ജിതമാക്കി
ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 31ന് കോടതി പരിഗണിക്കും
കോഴിക്കോട് | ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ ഒളിവില്‍ കഴിയുന്ന എം എസ് സൊലൂഷന്‍സ് സിഇഒ എം ഷുഹൈബിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. അതേ സമയം ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 31ന് കോടതി പരിഗണിക്കും
എം എസ് സൊല്യൂഷന്‍സിനെ കൂടാതെ മറ്റ് സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങള്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടോയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഷുഹൈബിന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ച്. വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകളുടെ വിവരങ്ങള്‍ തേടി മാതൃകമ്പനിയായ മെറ്റയെ അന്വേഷണ സംഘം സമീപിച്ചു. സോഷ്യല്‍മീഡിയാ അക്കൗണ്ടിനായി ഉപയോഗിച്ച ഡിവൈസിന്റെ ഐ പി അഡ്രസ് അറിയിക്കാനും നിര്‍ദേശം നല്‍കി.
വാട്‌സ്ആപ്പ് വഴി ചോദ്യ പേപ്പര്‍ കിട്ടിയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. ഫോണില്‍ നിന്നും വാട്‌സ്ആപ്പ് അക്കൗണ്ടുള്‍പ്പെടെ ഷുഹൈബ് നീക്കം ചെയ്തിരുന്നു. ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ശുഹൈബ് ഹാജരായിരുന്നില്ല.