Kerala
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; കൂടുതല്‍ ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായി പോലീസ്
ചോര്‍ച്ചക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി

കോഴിക്കോട് | ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തി. പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വണ്‍ ക്ലാസിലെ കണക്ക് എന്നീ വിഷയങ്ങള്‍ക്ക് പുറമേ 2024-25 ലെ പത്താംക്ലാസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് പേപ്പറും ചോര്‍ന്നുവെന്ന് പോലീസിന്റെ കണ്ടെത്തല്‍.
ചോര്‍ച്ചക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. ചോര്‍ച്ചക്ക് പിന്നിലെ മറ്റ് പ്രതികളെയും ചോര്‍ച്ചയുടെ ഉറവിടവും കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി. എം എസ് സൊലൂഷന്‍ ഉടമ ഷുഹൈബിന്റെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസിന്റെ പരാമര്‍ശം.ഷുഹൈബ് ചോദ്യം ചെയ്യലിനോട് പൂര്‍ണ്ണമായും സഹകരിക്കുന്നില്ലെന്നും അന്വേഷണസംഘം അറിയിച്ചു.
2024 നവംബറിലാണ് എം എസ് സൊലൂഷനില്‍ ജോലിക്ക് പ്രവേശിക്കുന്നതെന്നും 2023ലും ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്നും കേസിലെ രണ്ടാം പ്രതിയും അധ്യാപകനുമായ ഫഹദ് പറഞ്ഞു. എം എസ് സൊലൂഷനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ഷുഹൈബ് എന്തെങ്കിലും ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഫഹദ് ഒരു വാര്‍ത്ത ചാനലിനോട് പറഞ്ഞു