Kerala
ചോദ്യപേപ്പര്‍ ചോര്‍ച്ച; ക്രൈം ബ്രാഞ്ച് അന്വേഷിക്കും, ഉന്നതതലയോഗം ഇന്ന് വൈകീട്ട് ചേരും
എംഎസ് സൊലൂഷനും ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ അധ്യാപകരും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ സംശയം
തിരുവനന്തപുരം|വിവാദമായ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് വൈകീട്ട് ചേരും. പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയുടെയും പ്ലസ് വണ്ണിലെ ഗണിത പരീക്ഷയുടെയും ക്രിസ്മസ് പരീക്ഷാ ചോദ്യപ്പേപ്പറുകളാണ് ചോര്‍ന്നത്. കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായ എം എസ് സൊല്യൂഷന്റെ യുട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേ ദിവസം പ്രഡിക്ഷന്‍ എന്ന നിലയില്‍ ചോദ്യപേപ്പര്‍ പ്രത്യക്ഷപ്പെട്ടത്. എം എസ് സൊലൂഷന്‍സിനെതിരെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഓണപ്പരീക്ഷ സമയത്ത് പരാതി ഉയര്‍ന്നിരുന്നു.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍സ് യൂ ട്യൂബ് ചാനലിന്റെ ഓഫീസ് ഇന്നും പ്രവര്‍ത്തിക്കുന്നില്ല. താല്‍ക്കാലിമായി യൂ ട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് സ്ഥാപനത്തിന്റെ സിഇഒ എംഎസ് ഷുഹൈബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിവാദമായതോടെ കൊടുവള്ളിയിലെ ഈ സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. എതിരാളികളായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളാണ് ആരോപണത്തിന് പിന്നിലെന്നായിരുന്നു എംഎസ് സൊല്യൂഷന്‍സിന്റെ വാദം. എംഎസ് സൊലൂഷനും ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ അധ്യാപകരും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ സംശയം. ഈ അധ്യാപകരുടെ പേരു വിവരങ്ങള്‍ നല്‍കാന്‍ പ്രധാന അധ്യാപകരോട് കോഴിക്കോട് ഡിഡിഇ ആവശ്യപ്പെട്ടിട്ടുണ്ട്.