Connect with us

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച: എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിക്കും

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഷുഹൈബിനെതിരെ കേസ് എടുത്തിരിക്കുന്നത്.

Published

|

Last Updated

കോഴിക്കോട്| ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സി ഇ ഒ ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കും. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഷുഹൈബിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ സമര്‍പിക്കും. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ഷുഹൈബ് ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്നും പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ പറഞ്ഞ് കൊടുക്കുകയാണ് ചെയ്തതെന്നുമാണ് ഷുഹൈബിന്റെ അഭിഭാഷകരുടെ വാദം.

അതേസമയം, ഇന്നലെ ഷുഹൈബിന്റെ രണ്ട് ബേങ്ക് അക്കൗണ്ടുകള്‍ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. കാനറ ബേങ്ക്, എസ് ബി ഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എസ് ബി ഐ അക്കൗണ്ടില്‍ 24 ലക്ഷം രൂപ ഉണ്ടായിരുന്നു. ഒളിവില്‍ പോയ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് നടപടി.

എം എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകരോട് കഴിഞ്ഞ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നു തവണ നോട്ടീസ് നല്‍കിയെങ്കിലും അന്വേഷണത്തോട് സഹകരിക്കാന്‍ ഇതുവരെ ഇവര്‍ തയ്യാറായിട്ടില്ല. അവര്‍ക്കെതിരെയും നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. കഴിഞ്ഞ ദിവസം ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇവരും ഒളിവിലാണ്.

 

 

Latest