Kerala
ചോദ്യപേപ്പര്‍ ചോര്‍ച്ച; അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍
മുന്‍ വര്‍ഷങ്ങളിലും ചോദ്യങ്ങള്‍ ചോര്‍ത്തിയെന്ന് മൊഴി

കോഴിക്കോട് | ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശി അബ്ദുന്നാസറാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. മേല്‍മുറിയിലെ ഒരു സ്വകാര്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണ്‍ ആയ അബ്ദുന്നാസര്‍ ഇവിടെ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. മുന്‍ വര്‍ഷങ്ങളിലും ചോദ്യങ്ങള്‍ ചോര്‍ത്തിയതായി നാസര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ത്തിപ്പിച്ചത് എം എസ് സൊലൂഷ്യനിലെ ഫഹദ് എന്ന അധ്യാപകനാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ചോര്‍ത്തിക്കിട്ടിയ ചോദ്യപേപ്പര്‍ ഉപയോഗിച്ചാണ് കോഴിക്കോട് കൊടുവള്ളിയിലെ എം എസ് സൊലൂഷ്യന്‍സ് എന്ന സ്ഥാപനം പ്രവചന ചോദ്യങ്ങള്‍ നല്‍കിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. പ്ലസ് വണ്‍ സയന്‍സിന്റെ നാല് വിഷയങ്ങളാണ് ചോര്‍ത്തി നല്‍കിയത്.
ഫഹദ് എന്ന അധ്യാപകന്‍ മുഖേനയാണ് ചോദ്യം എം എസ് സൊലുഷ്യന്‍സിലെത്തിയത്. ചോദ്യങ്ങള്‍ ഫഹദാണ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടതെന്നും അന്വേഷണസംഘം പറഞ്ഞു. നേരത്തേയും ഇതേ വിഷയത്തില്‍ അധ്യാപകന്‍ ഫഹദ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു.
ഫഹദിന് മറ്റൊരു സ്‌കൂളുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അബ്ദുന്നാസറിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്. കഴിഞ്ഞ വര്‍ഷവും ഫഹദിന് ചോദ്യങ്ങള്‍ ഇയാള്‍ നല്‍കിയിരുന്നു.