Connect with us

Kerala

ചോദ്യപേപ്പർ ചോർത്തുന്നത് കുട്ടികളോട് ചെയ്യുന്ന ക്രൂരത; ചോദ്യപേപ്പർ തയ്യാറാക്കല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കൂടുതല്‍ മെച്ചപ്പെടുത്തും: വി ശിവന്‍കുട്ടി

അക്കാദമിക ധാര്‍മ്മികത പുലര്‍ത്താത്തവരെ സമൂഹം തന്നെ തിരിച്ചറിഞ്ഞ് ജനമധ്യത്തില്‍ കൊണ്ടുവരണം.

Published

|

Last Updated

തിരുവനന്തപുരം | ടേം പരീക്ഷകള്‍ക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പ്രക്രിയ ആധുനിക സാങ്കേതികവിദ്യാ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചിട്ടപ്പെടുത്തുന്നത് ആലോചിക്കുമെന്നും ഇക്കാര്യങ്ങളുടെയെല്ലാം പ്രായോഗികത പരിശോധിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതും പരസ്യപ്പെടുത്തുന്നതും കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്.ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവരെ തീര്‍ച്ചയായും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

അക്കാദമിക ധാര്‍മ്മികത പുലര്‍ത്താത്തവരെ സമൂഹം തന്നെ തിരിച്ചറിഞ്ഞ് ജനമധ്യത്തില്‍ കൊണ്ടുവരണം. പൊതു സമൂഹമാണ് പൊതു വിദ്യാഭ്യാസത്തെ പുഷ്ടിപ്പെടുത്തിയത്.ഈ കാര്യത്തിലും അത് അത്യാവശ്യമാണ്.

കെ.ഇ.ആര്‍. അദ്ധ്യായം 8 ല്‍ റൂള്‍ 11 പ്രകാരം ആന്തരികമായ എഴുത്തുപരീക്ഷകള്‍ നടത്തി കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്ന ഉത്തരവാദിത്വം അതത് സ്‌കൂള്‍ പ്രധാനാധ്യാപകരില്‍ നിക്ഷിപ്തമാണ്. ഇത് പ്രകാരം സ്‌കൂള്‍ അടിസ്ഥാനത്തിലാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നത്. 1980 കളോടെ സ്വകാര്യ ഏജന്‍സികള്‍ ഈ രംഗത്ത് വലിയ തോതില്‍ കടന്നുവരികയും അവരുടെ നേതൃത്വത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന തരത്തിലേക്ക് എത്തുകയും ചെയ്തു. ഇത് കച്ചവട രൂപത്തിലേക്ക് മാറി.

2008-09ല്‍ വിദ്യാഭ്യാസ അവകാശ നിയമം വരുന്ന പശ്ചാത്തലം ഒരുങ്ങിയതോടു കൂടി മൂല്യനിര്‍ണയം കുറേക്കൂടി ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായും കുട്ടികളില്‍ നിന്ന് പണം പിരിക്കാതെ സൗജന്യമായി നല്‍കേണ്ടതിനാലും സര്‍വ്വശിക്ഷാ അഭിയാനെ (എസ്.എസ്.എ) ഉപയോഗപ്പെടുത്തിക്കൊണ്ട് കേന്ദ്രീകൃതമായ ചോദ്യനിര്‍മാണവും വിതരണവും ആരംഭിച്ചു.

നിലവില്‍ ഉയരുന്ന വിവാദങ്ങളും ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചിട്ടുണ്ട്.
പരീക്ഷകളുടെ സ്വഭാവവും രഹസ്യാത്മകതയും ഗുണനിലവാരവും നിലനിര്‍ത്തി എങ്ങനെ മുന്നോട്ടു പോകാമെന്ന് ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

Latest