Kerala
ചോദ്യപ്പേപ്പര്‍ എത്തിയില്ല; കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷകള്‍ മാറ്റി
സാങ്കേതിക പ്രശ്‌നം കൊണ്ടാണ് ചോദ്യപ്പേപ്പര്‍ എത്താതിരുന്നതെന്നാണ് സര്‍വകലാശാല വിശദീകരണം.

കണ്ണൂര്‍|കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപ്പേപ്പര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റി. ഇന്ന് നടക്കേണ്ട ഏഴ് വിഷയങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്. മള്‍ട്ടി ഡിസിപ്ലിന്‍ കോഴ്‌സുകളിലെ പരീക്ഷകളാണ് മാറ്റിയത്.
പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ മെയില്‍ വഴിയാണ് കോളജുകളിലേക്ക് എത്തുന്നത്. വിദ്യാര്‍ഥികള്‍ പരീക്ഷ ഹാളിലേക്ക് പ്രവേശിച്ച് ഉത്തരക്കടലാസ് കിട്ടിയ ശേഷമാണ് ചോദ്യപേപ്പര്‍ എത്താത്ത വിവരം അധ്യാപകര്‍ അറിയിച്ചത്. ഇതോടെ പരീക്ഷ മാറ്റി വെക്കുകയായിരുന്നു.
നേരത്തെ എയ്ഡഡ് കോളജിലെ ഒരു പ്രിന്‍സിപ്പല്‍, പരീക്ഷയുടെ ചോദ്യപേപ്പര്‍ രണ്ടര മണിക്കൂര്‍ മുന്നേ തന്നെ വിദ്യാര്‍ഥികള്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യപേപ്പര്‍ എത്താത്തതിനെ തുടര്‍ന്ന് പരീക്ഷ മുടങ്ങുന്നതും.
സാങ്കേതിക പ്രശ്‌നം കൊണ്ടാണ് ചോദ്യപ്പേപ്പര്‍ എത്താതിരുന്നതെന്നാണ് സര്‍വകലാശാല വിശദീകരണം. മാറ്റിയ പരീക്ഷകള്‍ മെയ് അഞ്ചിന് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കെഎസ്യു ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.