Connect with us

Kerala

റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് ക്വിൻ്റൽ കണക്കിന് അരി

ദിവസം കഴിയും തോറും പൊടിഞ്ഞുപോകുകയും തൂക്കം കുറയുകയും ചെയ്യുമെന്ന് വ്യാപാരികൾ

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് റേഷൻ കടകളിൽ ക്വിൻ്റൽ കണക്കിന് അരി വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുന്നു. പ്രധാനമന്ത്രി കല്യാൺ യോജന പദ്ധതി പ്രകാരമുള്ള അരി കഴിഞ്ഞ ഒരു മാസം മുമ്പ് നിർത്തലാക്കിയ സാഹചര്യത്തിൽ ഈ ഇനത്തിൽ വിതരണം നടത്തേണ്ടിയിരുന്ന അരിയാണ് റേഷൻ കടകളിലുള്ളത്. മഞ്ഞ, ചുവപ്പ് കാർഡുകൾക്ക് സൗജന്യമായി നൽകിയിരുന്ന അരിയായതുകൊണ്ട് സർക്കാറിൻ്റെ പുതിയ നിർദേശമൊന്നുമില്ലാതെ വക മാറ്റി ചെലവഴിക്കാനും സാധിക്കില്ല.

അടുത്ത മാസം മുതൽ റേഷൻ കടകളിൽ കൂടുതൽ വൈറ്റമിനുകളടങ്ങിയ ഫോർട്ടിഫൈഡ് അരി വിതരണം ചെയ്യാനാണ് സർക്കാർ നീക്കം. ഇതോടെ, പി എം ജി കെ വൈ ഇനത്തിൽ സ്റ്റോക്കെത്തിയ അരി പൂർണമായും കടകളിൽ കെട്ടിക്കിടക്കും. മലബാർ ഭാഗങ്ങളിൽ കൂടുതലും പച്ചരിയാണ് ഇത്തരത്തിലുള്ളത്. ദിവസം കഴിയും തോറും പൊടിഞ്ഞുപോകുകയും തൂക്കം കുറയുകയും ചെയ്യുമെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. കൂടാതെ, സൗകര്യം കുറഞ്ഞ റേഷൻ കടകളിൽ അരി എളുപ്പം കേടാകാനും ഒപ്പം സ്ഥലം മുടങ്ങുകയും ചെയ്യുന്ന സാഹചര്യമുണ്ട്.

അഞ്ച് കിലോഗ്രാം അരി വീതമാണ് മഞ്ഞ, പിങ്ക് കാർഡുകൾക്ക് ഡിസംബർ 31 വരെ സൗജന്യമായി നൽകിയിരുന്നത്. റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന അരി മുൻഗണനാ വിഭാഗങ്ങളിലേക്ക് മാറ്റി വിതരണം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സർക്കാറിന് നിവേദനം നൽകി.

Latest