Organisation
'വിശുദ്ധ ഖുര്‍ആന്‍ ആത്മവിശുദ്ധിക്ക്'; പ്രൊഫഷണല്‍ മീറ്റ് സംഘടിപ്പിച്ച് ഐ സി എഫ് ദമാം റീജ്യണല്‍ കമ്മിറ്റി
'വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരെ തന്‍പോരിമയില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും മോചിപ്പിച്ച് സഹജീവി സ്‌നേഹത്തിലേക്കും സഹാനുഭൂതിയിലേക്കും മനുഷ്യത്വത്തിലേക്കും നയിക്കുന്ന ദൈവിക ഗ്രന്ഥം.'

ദമാം | ‘വിശുദ്ധ ഖുര്‍ആന്‍ ആത്മവിശുദ്ധിക്ക്’ എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ തലത്തില്‍ നടത്തുന്ന റമസാന്‍ കാമ്പയിനിന്റെ ഭാഗമായി ഐ സി എഫ് ദമാം റീജ്യണല്‍ കമ്മിറ്റി പ്രൊഫഷണല്‍ മീറ്റും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു.
വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരെ തന്‍പോരിമയില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും മോചിപ്പിച്ച് സഹജീവി സ്‌നേഹത്തിലേക്കും സഹാനുഭൂതിയിലേക്കും മനുഷ്യത്വത്തിലേക്കും നയിക്കുന്ന ദൈവിക ഗ്രന്ഥമാണെന്നും ഇസ്‌ലാമിലെ വിശ്വാസ ആചാരാനുഷ്ഠാനങ്ങള്‍ മനുഷ്യന്റെ നിസ്സാരതയും ഉത്കൃഷ്ടതയും നിരന്തരം ബോധ്യപ്പെടുത്തുന്നതും ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതുമാണെന്നും എസ് വൈ എസ് സംസ്ഥാന ദഅ്‌വ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പ്രസ്താവിച്ചു. ‘ഖുര്‍ആന്‍ ഈസ് ദി ലീഡര്‍’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ പങ്കെടുത്തു. ഓട്ടിസം ബാധിച്ചവര്‍ക്കായി ഐ സി എഫ് നടത്തുന്ന ‘രിഫാഇ കെയര്‍’ പദ്ധതിയുടെ ഡോക്യൂമെന്ററി പ്രദര്‍ശനവും നടന്നു. അഥിതികള്‍ക്കുള്ള ഉപഹാര വിതരണം മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴക്ക് നല്‍കി സയ്യിദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എം കെ അഹ്മദ് നിസാമി അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ഓര്‍ഗനൈസഷന്‍ സെക്രട്ടറി മുനീര്‍ തോട്ടട നന്ദിയും പറഞ്ഞു.