Kerala
'വ്രതമാസത്തിൽ മലപ്പുറത്ത് ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ല'; വിദ്വേഷ പ്രചാരണം ആവർത്തിച്ച് കെ സുരേന്ദ്രൻ
വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് മലപ്പുറത്തെ യാഥാർഥ്യമാണെന്നും കെ സുരേന്ദ്രൻ

ന്യൂഡൽഹി | മലപ്പുറം ജില്ലക്കെതിരെ സംഘ്പരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണം ആവർത്തിച്ചുറപ്പിച്ച് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വ്രതമാസത്തിൽ മലപ്പുറത്ത് ഒരാൾക്കും ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ലെന്നും ഇത് ഫാഷിസ്റ്റ് മനോഭാവമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് മലപ്പുറത്തെ യാഥാർഥ്യമാണ്. ലീഗിന്റെയും മറ്റ് വർഗീയ സംഘടനകളുടെയും ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല വ്രതകാലത്ത് കടകളിൽ വെജിറ്റേറിയൻ ഭക്ഷണം നിർബന്ധമാക്കാറില്ല. എന്നാൽ മലപ്പുറത്തും കോഴിക്കോട്ടെ ചിലയിടങ്ങളിലും വ്രതമാസത്തിൽ വെള്ളം പോലും ലഭിക്കാത്തത് ഫാഷിസ്റ്റ് നടപടിയാണ്. പുരോഗമനവാദികൾ ഇതിനെക്കുറിച്ച് മിണ്ടുന്നില്ല. മലപ്പുറത്ത് വാക്സിനേഷനെതിരെ ബോധപൂർവമായ പ്രചാരണം നടക്കുന്നു. ആശുപത്രിയിൽ പോകരുത്, വാക്സിൻ എടുക്കരുത് എന്നൊക്കെ പറയുന്നത് റാഡിക്കൽ ശക്തികളാണ്. മുസ്ലിം ലീഗിന്റെ അപ്രമാദിത്തം ചോദ്യം ചെയ്യപ്പെടാത്തതുകൊണ്ടാണ് ഇതൊന്നും പുറത്തുവരാത്തത്. രാമനാട്ടുകര മുതൽ തൃശൂർ അതിർത്തി വരെ ഒരു മാസക്കാലം ആർക്കും വെള്ളം കിട്ടാത്ത അവസ്ഥയുണ്ട്. പല സ്കൂളുകളിലും ഉച്ചക്കഞ്ഞി മുടങ്ങി. ലീഗാണ് ഇതിന് പിന്നിലെന്ന് പറയുന്നില്ലെങ്കിലും കടകൾ തുറക്കാത്തത് ശരിയല്ല. പുരോഗമന പാർട്ടികൾ ഇതിനെതിരെ രംഗത്തുവരണം.
മുസ്ലിം ലീഗിന് വർഗീയ ചിന്താഗതിയാണുള്ളത്. മലപ്പുറത്ത് പല കാര്യങ്ങളിലും ലീഗിന് ഫാഷിസ്റ്റ് നിലപാടാണ്. ഇ.ടിയും കുഞ്ഞാലിക്കുട്ടിയും നടത്തുന്ന പ്രസ്താവനകൾ പ്രകോപനപരമാണ്. ശ്രീനാരായണ ഗുരുവിന്റെ പേര് പറയാൻ ലീഗിന് അർഹതയില്ല. തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നത് എതിർത്തവരാണ് അവർ. ലീഗ് മന്ത്രിമാർ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ മറ്റ് സമുദായ സ്ഥാപനങ്ങളെ ഞെരുക്കി. ലീഗ് മതപരമായ സംവരണവും ഒബിസി സംവരണവും ആവശ്യപ്പെടുന്നു. ഈഴവ സമുദായം ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കപ്പെടുന്നത് സർക്കാർ പഠിക്കണം എന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.