Connect with us

National

'മന്ദിര്‍-മസ്ജിദ് സംഘര്‍ഷമെന്നത് വര്‍ഗീയ സംഘര്‍ഷം; പിന്നില്‍ നേതാവാകുക മാത്രം ലക്ഷ്യം': ആചാര്യ സത്യേന്ദ്ര ദാസ്

ക്ഷേത്രവും പള്ളിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ വീണ്ടും ഉയര്‍ന്നു വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് രംഗത്തെത്തിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനെ അപലപിച്ചു കൊണ്ടുള്ള ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ പിന്തുണച്ച് രാം ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. നേതാവാകുക മാത്രം ലക്ഷ്യമിട്ട് സൃഷ്ടിക്കുന്ന വര്‍ഗീയ കലാപങ്ങള്‍ ശരിയായ കാര്യമല്ലെന്ന് വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവേ അദ്ദേഹം പ്രതികരിച്ചു.

‘മന്ദിര്‍-മസ്ജിദ് സംഘര്‍ഷമെന്നത് വര്‍ഗീയ സംഘര്‍ഷമാണ്. ഇത്തരം സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയും ചിലര്‍ നേതാക്കളായി മാറുകയും ചെയ്യുന്നു. നേതാവാകുക മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം ഏറ്റുമുട്ടലുകള്‍ ശരിയല്ല.’-സത്യേന്ദ്ര ദാസ് പറഞ്ഞു.

ക്ഷേത്രവും പള്ളിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ വീണ്ടും ഉയര്‍ന്നു വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് രംഗത്തെത്തിയിരുന്നു. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ഹിന്ദുക്കളുടെ നേതാവാകാമെന്ന് അയോധ്യാ ക്ഷേത്ര നിര്‍മാണത്തിനു ശേഷം ചില വ്യക്തികള്‍ കരുതുന്നതായും ഭാഗവത് പറഞ്ഞു. സൗഹാര്‍ദത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ രാജ്യത്തിനു സാധിക്കുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കേണ്ടതുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമൂഹത്തെ സൃഷ്ടിക്കാന്‍ മനസ്സ് വെക്കണമെന്ന് സഹജീവന്‍ വ്യാഖ്യാന്‍മാല പ്രഭാഷണ പരമ്പരയുടെ ഭാഗമായുള്ള ‘ഇന്ത്യ-ദി വിശ്വഗുരു’ എന്ന വിഷയത്തില്‍ സംസാരിക്കവേ അദ്ദേഹം ആഹ്വാനം ചെയ്തു.

ക്രിസ്തുമസ്, രാമകൃഷ്ണ മിഷനില്‍ ആഘോഷിക്കാറുണ്ട്. ഹിന്ദുക്കളാണെന്നതിനാല്‍ നമുക്ക് മാത്രം കഴിയുന്ന കാര്യമാണിതെന്നും ഇന്ത്യന്‍ സമൂഹത്തിന്റെ ബഹുസ്വരതയെ എടുത്തുപറഞ്ഞു കൊണ്ട് ആര്‍ എസ് എസ് തലവന്‍ പറഞ്ഞു.

 

 

 

 

Latest