Qatar World Cup 2022
ലോകകപ്പിലും 'ബ്രെക്‌സിറ്റ്'; ഫ്രഞ്ച് സൈന്യം സെമിയില്‍
ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.
ദോഹ | തുടര്‍ച്ചയായ ലോകകപ്പ് കിരീടമെന്ന ചരിത്ര നേട്ടത്തിലേക്ക് ഫ്രഞ്ച് പടക്കുള്ള അകലം വീണ്ടും കുറഞ്ഞു. ശക്തമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫ്രാന്‍സ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. മൊറോക്കോയാണ് ഫ്രാന്‍സിന്റെ സെമി എതിരാളി. അര്‍ജന്റീനയും ക്രൊയേഷ്യയുമാണ് മറ്റൊരു സെമി ഫൈനലിസ്റ്റുകള്‍.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലാകാൻ ഫ്രാൻസിന് സാധിച്ചു. 17ാം മിനുട്ടില്‍ 22കാരന്‍ ഓഴ്‌ലീന്‍ ചൗമേനിയാണ് ഗോള്‍ നേടിയത്. അന്റോണി ഗ്രീസ്മാന്റെ അസിസ്റ്റില്‍ ബോക്‌സിന്റെ പുറത്തുനിന്നുള്ള അത്യുഗ്രന്‍ വലങ്കാലനടിയിലാണ് ചൗമേനി ഗോള്‍ നേടിയത്. 29ാം മിനുട്ടില്‍ ബ്രിട്ടീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്‌ന്റെ ഉഗ്രന്‍ ഷോട്ട് ഫ്രഞ്ച് ഗോളി തടഞ്ഞു.
രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെയാണ് ഇംഗ്ലണ്ട് സമനില പിടിച്ചത്. ഹാരി കെയ്‌നായിരുന്നു കിക്കെടുത്തത്. ഫ്രാന്‍സിനായി ആദ്യ ഗോള്‍ നേടിയ ചൗമേനിയാണ് ഫൗള്‍ ചെയ്തത്. 78ാം മിനുട്ടിൽ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ പിറന്നു. ഒളിവിയര്‍ ജിറൂദിന്റെ സുന്ദര ഹെഡര്‍ ഗോള്‍ ബ്രിട്ടീഷ് വല തുളച്ചുകയറി. ഗ്രീസ്മാന്‍ തന്നെയായിരുന്നു ഇത്തവണയും അസിസ്റ്റ്.
80ാം മിനുട്ടില്‍ തിയോ ഹെര്‍ണാണ്ടസിന്റെ ഫൗള്‍, വാറിലൂടെ ഇംഗ്ലണ്ടിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. ഇതോടെ മത്സരം സമനിലയിലേക്ക് പോകുകയാണെന്ന പ്രതീതയുണ്ടായി. എന്നാല്‍ ഹാരി കെയ്ന്‍ എടുത്ത കിക്ക് ആകാശപ്പറക്കലാണ് നടത്തിയത്. അതോടെ ഇംഗ്ലണ്ടിന്റെ സമനില മോഹം അണഞ്ഞു.