Articles
ചരിത്രത്തില്‍ 'ഇരുട്ട് ' പരക്കുന്നു
മുഗളന്മാരുടെ ഇന്ത്യാ ചരിത്രത്തിലെ ഭാഗധേയത്വം മാറ്റിനിര്‍ത്തി സംഘ്പരിവാരം നിര്‍മിച്ചെടുക്കാന്‍ ശ്രമിക്കുന്നത് വരേണ്യ- ബ്രാഹ്‌മണിക്കല്‍ ചരിത്ര നിര്‍മിതിയാണ്. ഇന്ത്യ എന്നാല്‍ വരേണ്യ-ബ്രാഹ്‌മണിക്കല്‍ മതത്തിന്റെ സൃഷ്ടിയാണെന്ന് സ്ഥാപിച്ചെടുക്കലാണ് എന്‍ സി ഇ ആര്‍ ടിയുടെ സിലബസ് പരിഷ്‌കരണ നാടകങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇത്തരം ഹിഡന്‍ അജന്‍ഡകളെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചും ജനാധിപത്യ രീതിയിലും പ്രതിരോധം തീര്‍ക്കുകയാണ് പരിഹാരം.
“ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അടിത്തറ, വൈവിധ്യത്തിലും നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ആശയത്തിലുമാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ത്യയെന്ന മഹാ രാജ്യത്തിലെ ജനങ്ങളെ വൈവിധ്യങ്ങളിലും ചേര്‍ന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും ചേര്‍ത്തുനിര്‍ത്തുന്നതും നാനാത്വത്തില്‍ ഏകത്വമെന്ന ആ ഘടകം തന്നെയാണ്. ഈ പ്രവിശാലമായ നമ്മുടെ രാജ്യത്ത് വ്യത്യസ്തമായ മതത്തില്‍ പെട്ടവരെയും ഭാഷ സംസാരിക്കുന്നവരെയും വൈവിധ്യമായ രീതിയില്‍ വസ്ത്രം ധരിച്ചവരെയും ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നവരെയും നിങ്ങള്‍ക്ക് കാണാം. എന്നാല്‍ നമ്മള്‍ എല്ലാം ഇന്ത്യ എന്ന മഹാ രാജ്യത്തിലെ ഒരൊറ്റ ജനതയാണ്. നമ്മുടെ ചരിത്രം, ഈ വൈവിധ്യങ്ങളിലും ഒരുമിച്ചിരുന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാട്ടം നടത്തിയ പൂര്‍വീകരുടേതാണ്. നമ്മുടെ ഭാവി തീര്‍ച്ചയായും നാം അതുപോലെ കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു’ – മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി തന്റെ സ്വാതന്ത്ര്യദിന സന്ദേശ പ്രസംഗത്തില്‍ കുട്ടികളെ അഭിസംബോധന ചെയ്ത് പറഞ്ഞ വാക്കുകളാണിത്. രാജ്യം കൈവരിച്ച ഈ സ്വാതന്ത്ര്യം ബ്രിട്ടീഷുകാരും മറ്റു വൈദേശിക ശക്തികളും വെള്ളിത്തളികയില്‍ വെച്ച് തന്നതല്ല, മറിച്ച് നമ്മുടെ പൂര്‍വീകര്‍ വൈവിധ്യങ്ങള്‍ മറന്ന് ഒരുമിച്ച് പോരാടി നേടിയതാണെന്ന് വിഭജനത്തിന്റെ മുറിവുണങ്ങാത്ത ഒരു തലമുറയെ സാക്ഷിയാക്കി പറഞ്ഞത് ഇനിയും പിറന്നിട്ടില്ലാത്ത തലമുറകളോട് കൂടിയാണെന്ന് ശാസ്ത്രിയുടെ വാക്കുകളില്‍ നിന്ന് സുവ്യക്തമാണ്. ഈ നാനാത്വത്തില്‍ ഏകത്വമെന്ന ഭരണഘടനയുടെ മഹാശിലാ സംഹിതയെ അംബേദ്കറും ഗാന്ധിയും നെഹ്‌റുവും ശാസ്ത്രിയുമൊക്കെ അടങ്ങുന്ന മതേതര വാദികള്‍ വളരെ ബോധപൂർവമാണവിടെ പ്രതിഷ്ഠിച്ചത്.
രാജ്യത്തെ വിദ്യാഭ്യാസ വിചക്ഷണരും ജനാധിപത്യ വാദികളും പതിറ്റാണ്ടുകള്‍ കൊണ്ട് കെട്ടിപ്പടുത്ത മൂല്യാധിഷ്ഠിത ആധുനിക വിദ്യാഭ്യാസത്തിന്റെ കഴുത്തറുക്കുന്ന നിലപാടാണ് സി ബി എസ് സിയുടെ എന്‍ സി ഇ ആര്‍ ടി (നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ്) സിലബസ് പരിഷ്‌കരണം. മൂന്ന് നൂറ്റാണ്ട് നീണ്ട, ഇന്ത്യയുടെ ഭരണസിരാകേന്ദ്രം അടക്കി ഭരിച്ച, മുകള്‍ ഭരണത്തെ കേവലം ഒരു പത്രക്കുറിപ്പ് ഇറക്കിയാണ് ഉത്തര്‍ പ്രദേശ് എന്‍ സി ഇ ആര്‍ ടി വെട്ടിനിരത്തിയത്. ബാബര്‍ മുതല്‍ ബഹദൂര്‍ഷാ സഫര്‍ വരെ നീണ്ടുകിടക്കുന്ന പ്രവിശാലമായ മുഗള്‍ രാജവംശ ചരിത്രം ഉള്‍ക്കൊള്ളുന്ന പന്ത്രണ്ടാം ക്ലാസ്സിലെ “രാജാക്കന്മാരും ചരിത്ര രേഖകളും: മുഗള്‍ കാലഘട്ടത്തില്‍’ എന്ന പാഠഭാഗം നിരുപാധികമാണ് ഒഴിവാക്കിയത്. തീര്‍ന്നില്ല, പത്താം ക്ലാസ്സിലെ എന്‍ സി ഇ ആര്‍ ടി ചരിത്ര പുസ്തകത്തിലെ “ജനാധിപത്യവും വൈവിധ്യവും’, “ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’, “ജനകീയ വിപ്ലവങ്ങളും മുന്നേറ്റവും’, പതിനൊന്നാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ നിന്ന് “വ്യവസായ വിപ്ലവം’ തുടങ്ങിയ പാഠഭാഗങ്ങളും വെട്ടിമാറ്റപ്പെടുന്നതായി ഇക്കണോമിക്‌സ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. എന്‍ സി ഇ ആര്‍ ടിയുടെ ചരിത്രം തിരുത്തല്‍ പ്രക്രിയ കേവലം ഒരു പരിഷ്‌കരണത്തിന്റെ ഭാഗമല്ല, മറിച്ച് വ്യക്തമായ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെന്ന് വ്യക്തം.
അര ഡസനോളം വരുന്ന പാഠഭാഗങ്ങള്‍ ഒരു വിശദീകരണവും തേടാതെ ഒരു സുപ്രഭാതത്തില്‍ വെട്ടിമാറ്റിയത് വിചിത്രമായി തോന്നാത്ത ചരിത്ര വിദ്യാര്‍ഥികളുണ്ടാകില്ല. മൂന്ന് പതിറ്റാണ്ട് നീണ്ട മുഗള്‍ ഭരണത്തിന് എന്‍ സി ഇ ആര്‍ ടിയുടെ ചരിത്ര പുസ്തകത്തില്‍ തിരശ്ശീല വീണത് ഇന്ത്യയുടെ ചരിത്രം പഠിക്കുന്ന ഏതൊരു ചരിത്ര വിദ്യാര്‍ഥിക്കും വേദനയുണ്ടാക്കുന്നത് തന്നെയാണ്.
വരാനിരിക്കുന്ന തലമുറയോട് ആ കാലഘട്ടത്തെ കുറിച്ച് എന്തെല്ലാം കെട്ടുകഥകള്‍ നിരത്തിയാലും മുഗള്‍ രാജവംശത്തിന്റെ തിരുശേഷിപ്പുകള്‍ ഈ തിരുത്തല്‍ വാദികളോട് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കും. മുഗള്‍ ചരിത്ര നിര്‍മിതിയുടെ പേര് മാറ്റിയും ചരിത്രം തിരുത്തിയും ചരിത്ര താളുകളില്‍ ഇടം പിടിക്കാനുള്ള സംഘ്പരിവാരത്തിന്റെ ഹിഡന്‍ അജന്‍ഡക്ക് കുഴലൂത്ത് നടത്തുകയാണ് ഉദ്യോഗസ്ഥര്‍. പാഠപുസ്തകങ്ങളും ചരിത്ര പുസ്തകങ്ങളും പരീക്ഷക്ക് പഠിച്ചു തള്ളാനും മാര്‍ക്ക് നേടാനുമുള്ള ഒന്നല്ല. മറിച്ച് ജനാധിപത്യ രാജ്യത്ത് പൗര നിര്‍മാണ പ്രക്രിയയില്‍ നിര്‍ണായകമായ പങ്കതിനുണ്ട്. ചരിത്ര പുസ്തകങ്ങള്‍ തിരുത്തുന്നതിലൂടെ ലക്ഷ്യമാക്കുന്നത് ഒരു തലമുറയെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരത്തെയും ഉന്മൂലനം ചെയ്യാനുള്ള ശ്രമം അല്ലാതെ മറ്റെന്താണ്? ഈ തിരുത്തല്‍ പ്രക്രിയയും അടിച്ചമര്‍ത്തല്‍ പ്രക്രിയയും ആദ്യം തുടങ്ങിവെച്ചത് സംഘ്പരിവാരമല്ല, മറിച്ച് ബ്രിട്ടീഷുകാരാണ്. ബ്രിട്ടീഷുകാരുടെ നയം പാദസേവകര്‍ അതുപോലെ പിന്തുടരുന്നു എന്ന് മാത്രം. മുഗള്‍ ഭരണം അവസാനിപ്പിച്ചു കൊണ്ട് 1858ല്‍ വിക്ടോറിയ രാജ്ഞിയുടെ ആദ്യ വിളംബര പ്രഖ്യാപനം. രാജ്ഞിയുടെ വിളംബരം ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ അവതരിപ്പിച്ച പ്രധാനമന്ത്രി പാല്‍ മേഴ്‌സന്‍ പ്രഭു ഊന്നിപ്പറഞ്ഞ സുപ്രധാന ഘടകം, മൂന്ന് നൂറ്റാണ്ട് ഇന്ത്യ അടക്കി ഭരിച്ച മുഗള്‍ രാജാക്കന്മാരുടെ കിരീടത്തിലെ പൊന്‍ തൂവലായി ചാര്‍ത്തി പോന്നിരുന്ന “ചക്രവര്‍ത്തി’ എന്ന മഹത്തായ പദവി എടുത്തുകളഞ്ഞു എന്നതായിരുന്നു. അതിന് രാജ്ഞിയുടെ വിചിത്രമായ വിശദീകരണം, ചക്രവര്‍ത്തി എന്ന പ്രയോഗം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം അടക്കി ഭരിക്കുന്ന രാജ്ഞിയുടെ അധികാരത്തിന് മുകളില്‍ പോകും എന്നതായിരുന്നു. മുഗള്‍ ഭരണത്തിന്റെ അലങ്കാരമായി കണ്ടിരുന്ന ചക്രവര്‍ത്തി എന്ന പദവി വിക്ടോറിയ രാജ്ഞി എടുത്തണിഞ്ഞു. ഇന്ത്യയുടെ ചക്രവര്‍ത്തിനി വിക്ടോറിയ എന്ന പേരില്‍ അധികാരം പുനര്‍ നാമകരണം ചെയ്യപ്പെട്ടു. ഒരുപാട് പോരാട്ടങ്ങളും തകര്‍ച്ചകളും നേരിട്ടിട്ടും തിരിച്ചുവന്ന പാരമ്പര്യമുള്ള മുഗള്‍ ചരിത്രത്തെ ഉന്മൂലനം ചെയ്യാന്‍ വളരെ ക്രൂരമായ മാര്‍ഗം തന്നെ രാജ്ഞിയും പടത്തലവന്മാരും സ്വീകരിച്ചു. കലാപം അടിച്ചമര്‍ത്താന്‍ ഏല്‍പ്പിക്കപ്പെട്ട സൈന്യത്തിന്റെ മേധാവി കേണല്‍ നിക്കോള്‍സനും ഹഡ്‌സനും അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ ഷാ രണ്ടാമന്റെ മകനായ ബഹദൂര്‍ഷാ സഫറിനെ വിപ്ലവത്തിന്റെ പേരില്‍ ഡല്‍ഹിയിലെ ഹുമയൂണ്‍ ടോമ്പില്‍ നിന്ന് പിടികൂടി റംഗൂണിലേക്ക് നാടുകടത്താന്‍ തീരുമാനിച്ചു. 80 പിന്നിട്ട ബഹദൂര്‍ഷായില്‍ നിന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇനിയൊരു വിപ്ലവം സാധ്യമല്ല എന്ന് മനസ്സിലാക്കിയവര്‍, അദ്ദേഹത്തിന്റെ പേരമക്കളെ അദ്ദേഹത്തിന്റെ മുന്നിലിട്ട് കഷ്ണം കഷ്ണമായി വെട്ടിനുറുക്കി. വാര്‍ധക്യത്തില്‍ ബഹദൂര്‍ഷാക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷയായിരുന്നു അതെന്ന് മുഗള്‍ ഭരണത്തിന്റെ ഉയര്‍ച്ചയും താഴ്ചയും എന്ന ഗ്രന്ഥത്തില്‍ ആര്‍ പി ത്രിപാഠി വിവരിക്കുന്നുണ്ട്.
ഇന്ത്യാ ചരിത്രത്തില്‍ മുഗള്‍ ഭരണത്തിന്റെ ചരിത്രം തിരുത്താനും ചരിത്ര വസ്തുതകളെ മതവത്കരിക്കാനും പാര്‍ശ്വവത്കരിക്കാനുമുള്ള ശ്രമങ്ങള്‍ ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യന്‍ ചരിത്രകാരില്‍ നിന്നും പലപ്പോഴായി ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇതിന് തുടക്കം കുറിച്ചത് “ബ്രിട്ടീഷ് ഇന്ത്യാ ചരിത്രം’ എന്ന ഗ്രന്ഥത്തിലൂടെ സ്‌കോട്ടിഷ് ചരിത്രകാരനായ ജെയിംസ് മില്‍ ആയിരുന്നു. ഇന്ത്യാ ചരിത്രത്തെ ഹിന്ദു കാലഘട്ടം (പ്രാചീന ഇന്ത്യാ ചരിത്രം), മുസ്‌ലിം കാലഘട്ടം (ഡല്‍ഹി സുല്‍ത്താന്മാരുടെ കാലം- മുഗള്‍ കാലം), ആധുനിക കാലം (ബ്രിട്ടീഷ് കാലം) എന്നിങ്ങനെ മതത്തിന്റെ പേരില്‍ ചരിത്രത്തില്‍ വേര്‍തിരിവ് ഉണ്ടാക്കിയത് ജെയിംസ് മില്ലിന്റെ കൊളോണിയല്‍ താത്പര്യങ്ങളായിരുന്നു. എന്നാല്‍ ഈ ചരിത്ര രചനാ രീതി ഏറ്റുപിടിച്ചുകൊണ്ടായിരുന്നു ഇന്ത്യയിലെ വര്‍ഗീയ ചരിത്രകാരന്‍മാര്‍ പിന്നീട് ചരിത്രത്തെ അപനിര്‍മിച്ചത്. മതത്തിന്റെ പേരില്‍ ചരിത്രം തിരയുന്ന ഇത്തരം സംഘ്പരിവാര്‍ ചരിത്ര – വര്‍ഗീയ വാദികള്‍ക്ക് അഞ്ച് നൂറ്റാണ്ട് കാലത്തെ ഡല്‍ഹി സുല്‍ത്താനേറ്റ് കാലഘട്ടം (മുഗള്‍ ഭരണം) വെട്ടിനിരത്താന്‍ ഒരു പ്രയാസവും ഉണ്ടാകില്ല എന്നത് തീര്‍ച്ചയാണ്. എന്നാല്‍ രാജ്യത്തെ ഉത്തരവാദിത്വപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നവര്‍ ഇത്തരം വര്‍ഗീയ ചരിത്രങ്ങളുടെ പിറകെ പോകുന്നത് വംശീയമായും വര്‍ഗീയമായും രാജ്യത്തെ വിഭിന്ന ചേരികളിലേക്ക് കൊണ്ടെത്തിക്കും. സാംസ്‌കാരികമായും ചരിത്രപരമായും ഇതിലൂടെ ഒരു ജനത പാര്‍ശ്വവത്കരിക്കപ്പെടും. സാംസ്‌കാരിക സ്മരണകളുടെ ഉന്മൂലനം ഒരു ജനതയുടെ ചരിത്രത്തെ തന്നെ ഉന്മൂലനം ചെയ്യാനുള്ള ഉപാധിയാകും എന്ന് “ദി പാസ്റ്റ് ആസ് പ്രസന്റ്’ എന്ന ഗ്രന്ഥത്തില്‍ ലോകപ്രസിദ്ധ ഇന്ത്യന്‍ ചരിത്രകാരി റോമിലാ ഥാപര്‍ നിരീക്ഷിക്കുന്നുണ്ട്. മുഗളന്മാരുടെ ഇന്ത്യാ ചരിത്രത്തിലെ ഭാഗധേയത്വം മാറ്റി നിര്‍ത്തി സംഘ്പരിവാരം നിര്‍മിച്ചെടുക്കാന്‍ ശ്രമിക്കുന്നത് വരേണ്യ- ബ്രാഹ്‌മണിക്കല്‍ ചരിത്ര നിര്‍മിതിയാണ്. ഇന്ത്യ എന്നാല്‍ വരേണ്യ-ബ്രാഹ്‌മണിക്കല്‍ മതത്തിന്റെ സൃഷ്ടിയാണെന്ന് സ്ഥാപിച്ചെടുക്കലാണ് എന്‍ സി ഇ ആര്‍ ടിയുടെ സിലബസ് പരിഷ്‌കരണ നാടകങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇത്തരം ഹിഡന്‍ അജന്‍ഡകളെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചും ജനാധിപത്യ രീതിയിലും പ്രതിരോധം തീര്‍ക്കുകയാണ് പരിഹാരം.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഭരണഘടനയുടെ ആണിക്കല്ലിളക്കാന്‍ ബ്രാഹ്‌മണിക്കല്‍ ഹെജിമണിക്ക് വേണ്ടി വാദിക്കുന്നവര്‍ പലവട്ടം ശ്രമിച്ചിട്ടുണ്ട്. പാവന-പൂണൂല്‍ സംസ്‌കാരത്തെയും കാലഹരണപ്പെട്ട പ്രാചീന ചിന്തകളെയും മഹത്തായി കാണുന്ന എച്ച് വി കമ്മത്തിനെയും പണ്ഡിറ്റ് മാളവ്യയെയും ഷിബിന്‍ ലാല്‍ സക്‌സേനയെയും പോലോത്ത ഒരു പറ്റം ആളുകള്‍ തക്കം പാര്‍ത്തിരുന്നു. അവരുടെ ഗൂഢ നീക്കങ്ങളെ മുന്‍കൂട്ടി കാണാനുള്ള കഴിവ് ഭരണഘടനാ നിര്‍മാണസഭയിലെ മതേതര വാദികള്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പാഠപുസ്തകങ്ങള്‍ മുതല്‍ പള്ളിക്കൂടത്തിലെ ചുവരുകളില്‍ വരെ തുല്യതയും ഐക്യവും അപര സ്‌നേഹവും സാഹോദര്യവും ഉള്‍ക്കൊള്ളുന്ന ആധുനിക സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ കൊത്തിവെച്ച് വരാനിരിക്കുന്ന തലമുറയെ അവര്‍ മുന്നോട്ട് നടത്തി. പാഠപുസ്തകം തുറക്കുമ്പോള്‍ നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍, എന്ന മഹത്തായ പ്രഖ്യാപനമുള്‍ക്കൊള്ളുന്ന ഭരണഘടനയുടെ ആമുഖം ഉള്‍ക്കൊള്ളിച്ചു. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ആധുനിക മൂല്യങ്ങള്‍ പഠിച്ചിറങ്ങുന്ന ഓരോ കുട്ടിയെയും വൈവിധ്യങ്ങളിലും ചേര്‍ന്നുനില്‍ക്കാന്‍ ദേശീയ ഗാനത്തിലെ വരികള്‍ ദിവസവും ഓര്‍മിപ്പിച്ചു. പാഠശാലകളില്‍ നിന്നിറങ്ങുന്ന പൈതങ്ങളെ മതത്തിന്റെയും ജാതിയുടെയും വര്‍ണത്തിന്റെയും പേരില്‍ വേര്‍തിരിക്കാന്‍ ഇരുട്ടിന്റെ ശക്തികള്‍ കാത്തുനില്‍ക്കുന്നുണ്ടെന്ന ബോധ്യം രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളായിരുന്ന മതേതര- ജനാധിപത്യ വാദികളായ നമ്മുടെ പൂര്‍വ സൂരികള്‍ക്കുണ്ടായിരുന്നു.
എന്നാല്‍, പൂര്‍വികരുടെ ചരിത്രത്തില്‍ നിന്നും പോരാട്ടത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വളരേണ്ട വരും തലമുറയുടെ ചിന്തകളില്‍ പോലും വിഭാഗീയതയും വെറുപ്പും അപര മത, വ്യക്തി വിദ്വേഷവും നിരന്തരം കുത്തിനിറക്കാനാണ് ഈ കുത്സിത ശ്രമങ്ങളെല്ലാം. ജനാധിപത്യ മൂല്യങ്ങളും ആധുനിക മാനവികതയും പഠിച്ച് മുന്നേറേണ്ട തലമുറകളെ നൂറ്റാണ്ടുകള്‍ പിറകോട്ട് നടത്താനാണ് ഈ തിരുത്തല്‍ വാദികളുടെ കപടവേഷം ധരിച്ചവര്‍ ശ്രമിക്കുന്നത്. ഇക്കാര്യം ജനാധിപത്യ വാദികള്‍ മനസ്സിലാക്കി അനിവാര്യമായ ഇടപെടല്‍ നടത്തിയില്ല എങ്കില്‍ ഭാവി ഇന്ത്യയിലെ ജനത യഥാര്‍ഥ ചരിത്ര ബോധമില്ലാത്തവരായിത്തീരും.