From the print
"എല്ലാം റെഡിയായി ഉമ്മാ'... പത്ത് വർഷത്തിനു ശേഷം ഉമ്മയെ തേടി റഹീമിന്റെ ഫോണ്‍ വിളിയെത്തി
ഏകദേശം പത്ത് വര്‍ഷത്തിലധികമായി റഹീമുമായി ഫോണില്‍ സംസാരിച്ചിട്ട്
ഫറോക്ക് | വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ റഹീമിന്റെ ഫോണ്‍ വിളിയെത്തിയ സന്തോഷത്തിലാണ് ഉമ്മ പാത്തു. ബലി പെരുന്നാളിന് മുമ്പ് മകന്‍ നാട്ടിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. വര്‍ഷങ്ങളായി മകന്റെ ശബ്ദം കാതുകളില്‍ പതിഞ്ഞിട്ട്. ജയിലിലായ ആദ്യ ഘട്ടങ്ങളിലൊക്കെ വല്ലപ്പോഴും നാട്ടിലേക്ക് വിളിച്ചിരുന്നെങ്കിലും ഒന്നും സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല ഈ ഉമ്മക്കും മകനും. കാരണം രണ്ട് പേരും ഫോണെടുത്താലുടന്‍ കരച്ചിലായിരുന്നു. ഉടനെ തന്നെ ഫോണ്‍ കട്ടാകുമായിരുന്നു. പിന്നീട് ഫോണ്‍ വിളികളും ഇല്ലാതായി. ഏകദേശം പത്ത് വര്‍ഷത്തിലധികമായി റഹീമുമായി ഫോണില്‍ സംസാരിച്ചിട്ട്. അതിന് ശേഷം മനസ്സമാധാനത്തോടെ, കഴിഞ്ഞ ദിവസമാണ് ഇരുവരും ഫോണിലൂടെ സന്തോഷം പങ്കിട്ടത്. അപ്പോഴാണ് റഹിം മനസ്സ് തുറന്നത്. ഉമ്മാ എല്ലാ കാര്യങ്ങളും ശരിയായിട്ടുണ്ട്. ഇൻശാ അല്ലാഹ് നേരിട്ട് കാണാമെന്ന സന്തോഷം പങ്കുവെച്ചാണ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.
നാട്ടില്‍ നിന്ന് പിരിച്ചെടുത്ത പണം സഊദിയില്‍ എത്തിക്കുന്നതിലെ കാലതാമസമാണ് ബലി പെരുന്നാളിന് മുമ്പ് റഹീമിന്റെ മോചനം സാധ്യമാകാതെ പോയത്. പണം എത്തി ഇരുവിഭാഗവും അനുരഞ്ജന കരാറില്‍ ഒപ്പിട്ടെങ്കിലും ബലിപെരുന്നാള്‍ അവധി മോചനം വൈകിപ്പിച്ചു. എങ്കിലും പെരുന്നാള്‍ കഴിഞ്ഞാല്‍ ഉടനെ റഹീം നാട്ടിലെത്തുമെന്ന സന്തോഷത്തിലാണ് ഉമ്മയും കുടുംബവും നിയമ സഹായ സമിതിയും നാട്ടുകാരുമെല്ലാം.
വധശിക്ഷക്ക് വിധിക്കപ്പെട്ട് സഊദി ജയിലില്‍ കഴിയുന്ന ഫറോക്ക്‌കോടമ്പുഴ സ്വദേശി അബ്ദുർറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നിര്‍ണായക ഘട്ടത്തിലേക്ക് എത്തിയത് കഴിഞ്ഞ മാസം 30നാണ്. സഊദി കുടുംബത്തിനുള്ള ദയാധനമായ 15 ദശലക്ഷം റിയാലിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് റിയാദിലെ ഇന്ത്യന്‍ എംബസി ഇഷ്യൂ ചെയ്തിരുന്നു.
ഗവര്‍ണറേറ്റിന്റെ നിര്‍ദേശപ്രകാരം റിയാദിലെ ക്രിമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ഡി ഡി ഇഷ്യൂ ചെയ്തിരുന്നത്. സാക്ഷികളായി റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂരും നിയമ സഹായ സമിതി അംഗം മുഹ്‌യുദ്ദീന്‍ സഹീറും എംബസിയിലെത്തിയിരുന്നു. ഗവര്‍ണറേറ്റ് ആവശ്യപ്പെടുന്ന മുറക്ക് ഒറിജിനല്‍ കോപ്പി ഹാജരാക്കാന്‍ തയ്യാറാക്കി വെച്ചിരുന്നു. അടുത്ത പ്രവൃത്തി ദിവസങ്ങളില്‍ അപ്പോയ്ന്റ്‌മെന്റ് കിട്ടുന്നതിനനുസരിച്ച് ഇരു വിഭാഗത്തിന്റെയും അഭിഭാഷകരും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഗവര്‍ണറേറ്റില്‍ ഹാജരാകാനും അന്ന് ധാരണയിലെത്തിരുന്നു. പിന്നീട് ജൂണ്‍ 11 ന് നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചതായി സഹായ സമിതി സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചതാണ് ആശ്വാസത്തിന് വക നല്‍കിയത്. മോചനം പെരുന്നാള്‍ കഴിഞ്ഞ ഉടനെയെന്നും കേസുമായി ബന്ധപ്പെട്ടവര്‍ അന്ന് ഉറപ്പ് നല്‍കിയിരുന്നു.
ഇന്ത്യന്‍ എംബസി ഗവര്‍ണറേറ്റിന് നല്‍കിയ ഒന്നര കോടി സൗദി റിയാലിന്റെ ചെക്കും, കൊല്ലപ്പെട്ട അനസിന്റെ കുടുംബം അറ്റോര്‍ണി ഗവര്‍ണറേറ്റിലെത്തി ഒപ്പ് വെച്ച അനുരഞ്ജന കരാറും മറ്റ് രേഖകളും അവധിക്കു മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായ കഴിഞ്ഞ തിങ്കളാഴ്ച കോടതിയില്‍ എത്തിച്ചതായി സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചിരുന്നു. ഈദ് അവധി കഴിഞ്ഞു കോടതി തുറന്നാല്‍ ഉടന്‍ മോചന നടപടികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍
എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി അബ്ദുർ റഹീമിനെ സന്ദര്‍ശിച്ച് വിവരങ്ങള്‍ നേരിട്ട് അറിയിക്കുന്നുണ്ട്. നടപടികള്‍ വേഗത്തിലാക്കാന്‍ സഊദി വിദേശകാര്യ മന്ത്രാലയം വഴിയും ഇന്ത്യന്‍ എംബസി ബന്ധപ്പെടുന്നുണ്ട്.
കോടതി കേസ് എടുക്കുന്നതിന് മുമ്പ് ഇരു വക്കീലുമാരോടും ഹാജരാകാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് വധ ശിക്ഷ റദ്ദ് ചെയ്യുന്ന വിധിയാണ് ആദ്യമുണ്ടാകുക. അത് കഴിഞ്ഞാല്‍ മോചന ഉത്തരവില്‍ കോടതി ഒപ്പ് വെക്കുമെന്നാണ് കരുതുന്നത്. ഇതോടെ റഹീം ജയില്‍ മോചിതനാവും.