National
'ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതം, കോണ്‍ഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്ര'
സഭയിൽ കൊമ്പുകോർത്ത് രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും
ന്യൂഡല്‍ഹി | ലോക്സഭയില്‍ കൊമ്പുകോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുളളതല്ല ഹിന്ദുമതമെന്ന് രാഹുല്‍ സഭയില്‍ പറഞ്ഞു. ഇതോടെ സഭയില്‍ നിന്ന് എഴുന്നേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുലിന്റെ പ്രസംഗം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നും രാഹുല്‍ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രിയേയും ബിജെപിയേയുമാണ് താന്‍ വിമര്‍ശിച്ചതെന്നും ഹിന്ദുവെന്നാല്‍ ബിജെപിയല്ലെന്നും രാഹുല്‍ തിരിച്ചടിച്ചു.
രാമക്ഷേത്രം പണിതിട്ടും അയോധ്യയില്‍ ബിജെപി തോറ്റു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് അംബാനിയും അദാനിയും ഉണ്ടായി, അയോധ്യക്കാര്‍ ആരും ഉണ്ടായില്ല. മോദി അയോധ്യയില്‍ നിന്ന് വാരാണാസിയിലേക്ക് പോയത് അവിടെ മത്സരിച്ചാല്‍ തോല്‍ക്കുമെന്നുറപ്പായതിനാലാണ്. അഗ്‌നിവീര്‍ സേനയുടെതല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഭാഗമാണെന്നും രാഹുല്‍ പറഞ്ഞു. അഗ്‌നീവീര്‍ എന്നാല്‍ സര്‍ക്കാരിന് ഉപയോഗിക്കുക, അതിന് ശേഷം വലിച്ചെറിയുക എന്നതാണ്. ജീവന്‍ പോയാലും ആനുകൂല്യങ്ങള്‍ നല്‍കുന്നിനല്ലെന്നും രാഹുല്‍ പറഞ്ഞു
പാര്‍ലമെന്റില്‍ ശിവന്റെ ചിത്രം ഉയര്‍ത്തിക്കൊണ്ട് തൃശൂലം ഹിംസയുടെ ചിഹ്നമല്ലെന്നും കോണ്‍ഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്രയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിന്ദുത്വം എന്നു പറഞ്ഞാണ് ലോക്സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല്‍ പറഞ്ഞു.
ചില നേതാക്കള്‍ ഇപ്പോഴും ജയിലിലാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തെ എതിര്‍ത്തവരും ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ ഞാനും ആക്രമിക്കപ്പെട്ടു. അതില്‍ ഏറ്റവും ആസ്വാദ്യകരമായത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ 55 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ ആയിരുന്നുവെന്നും രാഹുല്‍ ഗാന്ധി പരിഹാസ രൂപേണ പറഞ്ഞു. താന്‍ മണിപ്പൂരിലെ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേ സമയം പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി ശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയതോടെ രാഹുല്‍ നിയമപ്രകാരം സംസാരിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. ഹിന്ദുക്കള്‍ കൊലപാതകികളാണെന്നാണ് രാഹുല്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയെ നിലയ്ക്ക് നിര്‍ത്താന്‍ സ്പീക്കര്‍ തയ്യാറാകണമെന്ന് അമിത് ഷാ പറഞ്ഞു.
സ്പീക്കര്‍ വിലക്കിയിട്ടും രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയെന്ന് അമിത് ഷാ പറഞ്ഞു.