Kerala
'മാസപ്പടി വിവാദം ഗൗരവമായി കാണുന്നില്ല; നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തമാണ്, അത് അത്ര വേഗം കിട്ടില്ല': പിണറായി
'മകളുടെ കമ്പനിക്ക് ലഭിച്ചത് കള്ളപ്പണമല്ല. രേഖയുള്ള പണമാണ്. കൃത്യമായ നികുതി അടച്ചിട്ടുണ്ട്. നല്‍കാത്ത സേവനമെന്നാണ് പ്രചാരണം. അവിടെയാണ് എന്റെ മകള്‍ എന്നത് പ്രസക്തമാവുന്നത്.'

തിരുവനന്തപുരം | മാസപ്പടി വിവാദം ഗൗരവമുള്ളതായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ് എഫ് ഐ ഒ കുറ്റപത്രം ഗൗരവത്തിലെടുക്കുന്നില്ല. ബിനീഷ് കോടിയേരിയുടേതിന് സമാനമായ കേസല്ല വീണയുടേത്. ആരോപണത്തിന്റെ ലക്ഷ്യമെന്താണെന്ന് പാര്‍ട്ടി കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടി പിന്തുണ തനിക്ക് ലഭിച്ചതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
മകളുടെ കമ്പനിക്ക് ലഭിച്ചത് കള്ളപ്പണമല്ല. രേഖയുള്ള പണമാണ്. കൃത്യമായ നികുതി അടച്ചിട്ടുണ്ട്. സേവനത്തിന് ജി എസ് ടി അടച്ചു എന്നത് മറച്ചുവെക്കുകയാണ്. നല്‍കാത്ത സേവനമെന്നാണ് പ്രചാരണം. അവിടെയാണ് എന്റെ മകള്‍ എന്നത് പ്രസക്തമാവുന്നത്.
തന്റെ പേര് കൂടി ചേര്‍ത്തായിരുന്നു എസ് എഫ് ഐ ഒ അന്വേഷണ റിപോര്‍ട്ട്. നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തമാണ്. അത് അത്ര വേഗം കിട്ടില്ല. കോടതി മുമ്പാകെയുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.