Kerala
'ഭരണകാലത്ത് കഠിനമായ മനോ വേദന അനുഭവിച്ചിരുന്നു; ഡമ്മി എന്ന് വിശേഷിപ്പിച്ചപ്പോഴും ശ്രദ്ധവെച്ചത് രാജ്യതാല്‍പര്യങ്ങള്‍ക്ക്'
വിമര്‍ശകര്‍ക്കും എതിരാളികള്‍ക്കുമെതിരെ വ്യക്തിപരമായി ഒരിക്കലും ആക്രമണങ്ങള്‍ നടത്തിയില്ല
തിരുവനന്തപുരം | രാജ്യം കണ്ട ഏറ്റവും എളിമയുള്ള പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ് എന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ടി കെ എ നായര്‍. ഭരണത്തിലിരിക്കുമ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലാണ് സിങ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ടി കെ എ നായര്‍ അനുസ്മരിച്ചു
രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തെ ഡമ്മി അല്ലെങ്കില്‍ നിഴല്‍ പ്രധാനമന്ത്രി എന്ന് മുദ്രകുത്തി. എന്നാല്‍ അദ്ദേഹത്തിന്റെ ശ്രദ്ധ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലായിരുന്നു. വിമര്‍ശകര്‍ക്കും എതിരാളികള്‍ക്കുമെതിരെ വ്യക്തിപരമായി ഒരിക്കലും ആക്രമണങ്ങള്‍ നടത്തിയില്ല. തന്റെ ഭരണകാലത്ത് അദ്ദേഹം സഹിച്ചിരുന്ന കഠിനമായ മാനസിക വേദന എനിക്ക് മനസ്സിലായി, പക്ഷേ അദ്ദേഹം അത് ഒരിക്കലും പ്രകടിപ്പിച്ചില്ലെന്നും ടി കെ എ നായര്‍ പറഞ്ഞു
മന്‍മോഹന്‍ സിങ് തന്റെ പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രവര്‍ത്തിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. കാബിനറ്റ് സഹപ്രവര്‍ത്തകര്‍ ആയാലും ഉദ്യോഗസ്ഥരായാലും എല്ലാവരുമായും ഊഷ്മളമായ ബന്ധം പുലര്‍ത്തുകയും, അവര്‍ എപ്പോഴും സന്തോഷകരമായി പോകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്ത ഒരു പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്- ടികെഎ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു