from print
മദ്യപിച്ച് വാഹനമോടിച്ചാൽ "ഇംപൊസിഷൻ' മാത്രം പോര; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ
കുട്ടികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് പരിശോധനകൾ അത്യാവശ്യമാണെന്ന് കൊച്ചി സിറ്റി പോലീസ്, ഇൻസ്‌പെക്ടർ ജനറൽ ആൻഡ് കമ്മീഷണർക്ക് നൽകിയ ഉത്തരവിൽ പറഞ്ഞു.
കൊച്ചി | മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാരെ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ “ഇംപൊസിഷൻ’എഴുതിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇത്തരക്കാർക്ക് “ഇംപൊസിഷൻ’ മാത്രം നൽകുന്നത് നല്ല നടപടിയല്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്തുന്നതിന് ക്ലാസ്സുകളും ബോധവത്കരണവുമാണ് പരിഷ്‌കൃത സമൂഹത്തിൽ ആവശ്യമെന്നും കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ഉത്തരവിൽ പറഞ്ഞു.
കുട്ടികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് പരിശോധനകൾ അത്യാവശ്യമാണെന്ന് കൊച്ചി സിറ്റി പോലീസ്, ഇൻസ്‌പെക്ടർ ജനറൽ ആൻഡ് കമ്മീഷണർക്ക് നൽകിയ ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് നടത്തിയ വാഹന പരിശോധനയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ 15 ഡ്രൈവർമാരാണ് മദ്യപിച്ച് വാഹനം ഓടിച്ച കുറ്റത്തിന് പിടിയിലായതെന്ന് കൊച്ചി സിറ്റി ഐ ജി കമ്മീഷനെ അറിയിച്ചു.
ഇതിൽ രണ്ട് കെ എസ് ആർ ടി സി ഡ്രൈവർമാർ, നാല് സ്കൂൾ ബസ് ഡ്രൈവർമാർ, ഒമ്പത് സ്വകാര്യ ബസ് ഡ്രൈവർമാർ എന്നിവർ അറസ്റ്റിലായി. ഇവരുടെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുത്തതിന് പുറമേയാണ് ഹിൽപാലസ് എസ് എച്ച് ഒ ഡ്രൈവർമാർക്ക് ബോധവത്കരണം നൽകിയത്. പൊതു സുരക്ഷക്ക് ഭീഷണിയാവുന്ന ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കുക മാത്രമാണ് ഹിൽപാലസ് എസ് എച്ച് ഒ ചെയ്തതെന്നും ഐ ജി യുടെ റിപോർട്ടിൽ പറയുന്നു.