Editorial
"ഇന്ത്യ' കൊമ്പുകോര്‍ത്തു; ബി ജെ പി പാഠം പഠിപ്പിച്ചു
മദ്യ അഴിമതി ആം ആദ്മിക്ക് വിനയായെങ്കിലും "ഇന്ത്യ' സഖ്യം ഒന്നിച്ചു മത്സരിച്ചിരുന്നെങ്കില്‍ ബി ജെ പി ഇത്തവണയും പുറത്തു നില്‍ക്കേണ്ടി വരുമായിരുന്നുവെന്നാണ് വോട്ടിംഗ് നില നല്‍കുന്ന സൂചന.
![](https://assets.sirajlive.com/2021/08/editorial.jpg)
മുഖ്യശത്രുവായ ബി ജെ പിക്കെതിരെ പൊരുതുന്നതിനു പകരം, “ഇന്ത്യ’ സഖ്യത്തിലെ ഘടക കക്ഷികളായ എ എ പിയും കോണ്‍ഗ്രസ്സും തമ്മില്‍ കൊമ്പുകോര്‍ത്തതിന്റെ ദുരന്തഫലം. അതാണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കണ്ടത്. കോണ്‍ഗ്രസ്സിനെ നിഷ്പ്രഭമാക്കിയും എ എ പിയെ ബഹുദൂരം പിന്നിലാക്കിയും മികച്ച മുന്നേറ്റമാണ് ബി ജെ പി നടത്തിയത്. 27 വര്‍ഷത്തെ ഇടവേളക്കു ശേഷം ഡല്‍ഹി ബി ജെ പി പിടിച്ചടക്കി. 1998ല്‍ സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ളതായിരുന്നു ഇതിനു മുമ്പ് ബി ജെ പിയുടെ സര്‍ക്കാര്‍. പ്രസ്തുത ടേമില്‍ 52 ദിവസം മാത്രമാണ് സുഷമ സ്വരാജ് അധികാരത്തിലിരുന്നത്. 1998ല്‍ സംസ്ഥാനം കോണ്‍ഗ്രസ്സ് തിരിച്ചുപിടിച്ചു. പിന്നീടുള്ള 15 വര്‍ഷം കോണ്‍ഗ്രസ്സും അവശേഷിച്ച കാലയളവില്‍ ആം ആദ്മിയുമാണ് സംസ്ഥാനം ഭരിച്ചത്. 70ല്‍ 48 സീറ്റുകള്‍ നേടിയാണ് ബി ജെ പി ഇപ്പോള്‍ അധികാരത്തിലേറുന്നത.് 2015ല്‍ മൂന്നും 2020ല്‍ എട്ടും സീറ്റുകള്‍ മാത്രമായിരുന്നു ബി ജെ പി നേടിയത്. 2020ല്‍ 62ഉം 2015ല്‍ 67ഉം സീറ്റ് നേടിയ ആം ആദ്മി ഇത്തവണ 22ലേക്ക് കൂപ്പുകുത്തുകയും ചെയ്തു. അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും കനത്ത തോല്‍വി ഏറ്റുവാങ്ങി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി ജെ പിയുടെ പര്‍വേശ് സാഹിബ് വര്‍മയാണ് 4,089 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെജ്‌രിവാളിനെ അട്ടിമറിച്ചത്.
അഴിമതി, യമുനാ നദിയിലെ മലിനീകരണം തുടങ്ങി ആം ആദ്മിയുടെ തകര്‍ച്ചക്ക് കാരണങ്ങള്‍ പലതാണ്. അഴിമതിരഹിത ഭരണവും ക്ലീന്‍ ഇമേജും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ആം ആദ്മിക്ക് ഡല്‍ഹി മദ്യനയ അഴിമതിക്കേസ് തിരിച്ചടിയാകുകയായിരുന്നു. കെജ്‌രിവാള്‍ സര്‍ക്കാര്‍ 2021 നവംബറില്‍ നടപ്പാക്കിയ പുതിയ മദ്യനയമാണ് മദ്യനയ അഴിമതിക്കേസിന്റെ തുടക്കം. മദ്യവില്‍പ്പനയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്മാറി സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുകയായിരുന്നു. മദ്യവില്‍പ്പന സ്വകാര്യ ഔട്ട്‌ലെറ്റുകളിലേക്ക് മാറിയതോടെ മദ്യത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നു. പുതിയ മദ്യനയത്തിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന പ്രസിഡന്റും എം പിയുമായ മനോജ് തിവാരി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ആം ആദ്മി നേതാക്കള്‍ ഇതിലൂടെ വന്‍ സമ്പാദ്യം നേടിയതായും മനോജ് തിവാരി ആരോപിച്ചു. തുടര്‍ന്ന് സി ബി ഐയും ഇ ഡിയും കേസന്വേഷണം ഏറ്റെടുത്തു. സ്വാഭാവികമായും അന്വേഷണം പ്രമുഖ ആം ആദ്മി നേതാവും എക്‌സൈസ് മന്ത്രിയുമായ മനീഷ് സിസോദിയയിലേക്കും പിന്നീട് കെജ്‌രിവാളിലേക്കും നീണ്ടു. ഏത് സര്‍ക്കാര്‍ പദ്ധതിയിലും ക്രമക്കേടുകളും അഴിമതികളും പതിവാണ്. കേന്ദ്ര സര്‍ക്കാറിലും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുമെല്ലാം ഇത് പ്രകടവുമാണ്. എന്നാല്‍ കെജ്‌രിവാള്‍ സര്‍ക്കാറിന്റെ പുതിയ മദ്യനയം സംസ്ഥാന സര്‍ക്കാറിനെതിരെ മികച്ചൊരു ആധുധമാക്കി ഉപയോഗപ്പെടുത്താന്‍ ബി ജെ പിക്ക് കഴിഞ്ഞതാണ് ആം ആദ്മിക്കും കെജ്‌രിവാളിനും വിനയായത്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി ജെ പി കരുക്കള്‍ നീക്കുകയായിരുന്നു മദ്യനയ അഴിമതിയിലൂടെ. അഴിമതി പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുമെന്ന പ്രഖ്യാപനവുമായി, എല്ലാ ചപ്പുചവറുകളെയും നീക്കി വൃത്തിയാക്കുന്ന ചൂല് ചിഹ്നമായി പ്രഖ്യാപിച്ചു രംഗത്തുവന്ന ആം ആദ്മി പാർട്ടിയുടെ ഇമേജ് ഇതോടെ തകര്‍ന്നു. കോമണ്‍വെല്‍ത്ത് അഴിമതി, ടുജി കുംഭകോണം, കല്‍ക്കരി കുംഭകോണം തുടങ്ങിയ അഴിമതിക്കേസുകളായിരുന്നു ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന്റെ പതനത്തിന് വഴിയൊരുക്കിയതെന്ന കാര്യം ഇതോട് ചേര്‍ത്തു വായിക്കാവുന്നതാണ്.
മദ്യ അഴിമതി ആം ആദ്മിക്ക് വിനയായെങ്കിലും “ഇന്ത്യ’ സഖ്യം ഒന്നിച്ചു മത്സരിച്ചിരുന്നെങ്കില്‍ ബി ജെ പി ഇത്തവണയും പുറത്തു നില്‍ക്കേണ്ടി വരുമായിരുന്നുവെന്നാണ് വോട്ടിംഗ് നില നല്‍കുന്ന സൂചന. പല മണ്ഡലങ്ങളിലും ബി ജെ പി സ്ഥാനാര്‍ഥിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വരും ആം ആദ്മിക്കും കോണ്‍ഗ്രസ്സിനും കൂടി ലഭിച്ച വോട്ടുകള്‍. കെജ്‌രിവാള്‍ 4,089 വോട്ടുകള്‍ക്ക് പരാജയപ്പെട്ട ന്യൂഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ സന്ദീപ് ദീക്ഷിത് 4,568 വോട്ട് പിടിച്ചിട്ടുണ്ട്. പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിതിന്റെ മകനാണ് സന്ദീപ് ദീക്ഷിത്. ആം ആദ്മിയിലെ രണ്ടാമനും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ 675 വോട്ടുകള്‍ക്കാണ് ജംഗ്പുര മണ്ഡലത്തില്‍ ബി ജെ പിയിലെ തര്‍വീന്ദര്‍ സിംഗ് മര്‍വയോട് പരാജയപ്പെട്ടത്. അതേസമയം മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിലെ ഫര്‍ഹദ് സൂരി 7,350 വോട്ടുകള്‍ നേടി. ബി ജെ പിയുടെയും ആം ആദ്മിയുടെയും വോട്ട് വിഹിതത്തിലെ വ്യത്യാസം 2.35 ശതമാനം മാത്രമാണെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്സ് 6.37 ശതമാനം വോട്ടും നേടി.
ആറ് പതിറ്റാണ്ടോളം ഡല്‍ഹി രാഷ്ട്രീയത്തില്‍ പ്രബല കക്ഷിയായി വാണിരുന്ന കോണ്‍ഗ്രസ്സിന്റെ പതനമാണ് ഏറെ സഹതാപാര്‍ഹം. ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. 2020ലും 2015ലും ഇതായിരുന്നു അവസ്ഥ. ഇക്കുറി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണം നടത്തിയിട്ടും ഡല്‍ഹി ജനത കോണ്‍ഗ്രസ്സിനെ പാടേ തഴഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പാര്‍ട്ടി ഒരു സീറ്റില്‍ മുന്നേറിയെങ്കിലും താമസിയാതെ പിന്നാക്കം പോകുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലും സാധിക്കാതെ മാധ്യമങ്ങളുടെ മുമ്പില്‍ നിന്ന് ഒഴിഞ്ഞു മാറേണ്ടി വന്നു പ്രിയങ്കാ ഗാന്ധിക്ക്. ആം ആദ്മിയെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നായിരുന്നു കോണ്‍ഗ്രസ്സ് വക്താവ് സുപ്രിയ ശ്രീനേറ്റയുടെ പ്രതികരണം. വിവേകപൂര്‍ണമല്ല ഈ പ്രതികരണം. ആം ആദ്മിയെ ജയിപ്പിക്കേണ്ടത് കോണ്‍ഗ്രസ്സിന്റെ ഉത്തരവാദിത്വമല്ലെങ്കിലും ബി ജെ പിയെ പ്രതിരോധിക്കാനുള്ള ബാധ്യത കോണ്‍ഗ്രസ്സിനുണ്ട്. ഇത് ഉള്‍ക്കൊണ്ട് തിരഞ്ഞെടുപ്പ് രംഗത്ത് വിട്ടുവീഴ്ചക്കും നീക്കുപോക്കുകള്‍ക്കും തയ്യാറായത് കൊണ്ടാണല്ലോ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ “ഇന്ത്യ’ സഖ്യത്തിന്റെ ബാനറില്‍ മത്സരിച്ച പാര്‍ട്ടിക്ക് മെച്ചപ്പെട്ട വിജയം നേടാനായത്. ബിഹാറിലെയും ഹരിയാനയിലെയും മറ്റും കയ്‌പേറിയ അനുഭവം മുന്നിലുണ്ടായിട്ടും സഹകരിച്ചു മത്സരിക്കാനുള്ള വിശാല മനസ്‌കത കോണ്‍ഗ്രസ്സോ എ എ പിയോ കാണിച്ചില്ല.