Connect with us

articles

ഇന്ത്യക്കായി "ഇന്ത്യ' ജയിക്കും

ഇരുപതില്‍ ഇരുപത് സീറ്റും നേടി കേരളത്തില്‍ ഉജ്വല വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഐക്യജനാധിപത്യ മുന്നണി. അതിശക്തമായ യു ഡി എഫ് തരംഗമാണ് സംസ്ഥാനത്തുള്ളത്. രാജ്യത്താകെയും കോണ്‍ഗ്രസ്സിനും"ഇന്ത്യ' മുന്നണിക്കും അനുകൂലമായ തരംഗമുണ്ട്. മിക്ക സംസ്ഥാനങ്ങളിലും അത്ഭുതകരമായ മാറ്റമുണ്ടാകും. വര്‍ഗീയ ഫാസിസ്റ്റ് സര്‍ക്കാറിനെ താഴെയിറക്കണമെന്ന് ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, രാജ്യത്തെ മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നുണ്ട്.

Published

|

Last Updated

മതേതര ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ ഇല്ലാതാക്കി വര്‍ഗീയതയും ഫാസിസവും മുഖമുദ്രയാക്കിയ ബി ജെ പിയെ താഴെയിറക്കി മതേതര സര്‍ക്കാറിനെ അധികാരത്തിലെത്തിച്ച് ഇന്ത്യയെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ “ഇന്ത്യ’ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വര്‍ഗീയതക്കും ഫാസിസത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ വിലയിരുത്തപ്പെടുന്നതുമാകും നാളെ കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ്.

പ്രചാരണത്തിന്റെ തുടക്കത്തില്‍ 400 സീറ്റ് നേടുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും അധികാരത്തില്‍ എത്തുമോയെന്ന ഭയപ്പാടിലാണ് അവസാന ഘട്ടത്തില്‍. അതുകൊണ്ടാണ് അവസാന തന്ത്രമെന്ന നിലയില്‍ വര്‍ഗീയ വിഷം ചീറ്റി പ്രധാനമന്ത്രി രാജസ്ഥാനില്‍ പ്രസംഗിച്ചതും. കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്കാണ് കൂടുതല്‍ സ്വത്ത് നല്‍കേണ്ടതെന്നും അതുകൊണ്ട് സമ്പത്ത് മുഴുവന്‍ മുസ്‌ലിംകള്‍ക്ക് നല്‍കണമെന്നും ഡോ. മന്‍മോഹന്‍ സിംഗിന്റെ കാലത്ത് കോണ്‍ഗ്രസ്സ് പറഞ്ഞെന്നായിരുന്നു മോദിയുടെ ദുര്‍വ്യാഖ്യാനം.

സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം വേണമെന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെ ആശയത്തെയാണ് മോദി വര്‍ഗീയവത്കരിച്ചത്. സമ്പത്ത് നീതിപൂര്‍വകമായി വിതരണം ചെയ്താല്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞത്. പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്ത് വിദ്വേഷത്തിന്റെ ക്യാമ്പയിനാണ് പ്രധാനമന്ത്രി നടത്തുന്നത്. ഈ വര്‍ഗീയ അജന്‍ഡക്കെതിരെയാണ് കോണ്‍ഗ്രസ്സിന്റെ പോരാട്ടം.

സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ പീഡനമേറ്റ് ജയിലില്‍ മരണപ്പെട്ട ഫാദര്‍ സ്റ്റാന്‍സാമിയുടെ 87ാം ജന്മദിനത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ്. വാര്‍ധക്യവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച്, സ്വന്തമായി ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് കുടിക്കാനാകാത്ത വന്ദ്യവയോധികനെയാണ് ക്രൂരമായ ശിക്ഷക്ക് സംഘ്പരിവാര്‍ ഭരണകൂടം വിധേയമാക്കിയത്. കേരളത്തില്‍ എത്തുമ്പോള്‍ ക്രൈസ്തവരെ ചേര്‍ത്ത് പിടിക്കുമെന്ന് പറയുന്നവരുടെ നേതൃത്വത്തില്‍ രാജ്യത്ത് ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്.

മണിപ്പൂരില്‍ മുന്നൂറോളം പള്ളികളാണ് കത്തിച്ചത്. നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടു. പതിനായിരങ്ങളാണ് പലായനം ചെയ്തത്. എന്നിട്ടും തൃശൂരില്‍ കല്യാണത്തിന് വന്നു പോയ പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ല.

വെടിയൊച്ചകളും ഭയാനകമായ അന്തരീക്ഷവും അവസാനിക്കാത്ത മണിപ്പൂരിന്റെ തെരുവുകളിലൂടെ നിര്‍ഭയനായി നടന്ന രാഹുല്‍ ഗാന്ധിയാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും കലാപത്തിന് ഇരകളായവരെയും ആശ്വസിപ്പിച്ചത്. നിരവധി വൈദികരും പാസ്റ്റര്‍മാരും ഇപ്പോഴും ജയിലുകളിലാണ്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അതേ ശക്തികളാണ് ക്രിസ്മസ് കേക്കുമായി വീടുകളിലേക്ക് എത്തുന്നതെന്നും നാം തിരിച്ചറിയണം.

പൗരത്വത്തെ കുറിച്ച് പറഞ്ഞും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചും സംസ്ഥാന സര്‍ക്കാറിനെതിരായ അമര്‍ഷവും രോഷവും തിരഞ്ഞെടുപ്പ് അജന്‍ഡയില്‍ വരാതിരിക്കാനുള്ള കൗശലവും ചുളുവില്‍ ന്യൂനപക്ഷത്തിന്റെ വോട്ട് കിട്ടാനുള്ള ശ്രമവുമാണ് പിണറായി വിജയന്‍ നടത്തിയത്. എന്നാല്‍ അത് തുറന്നുകാട്ടാന്‍ യു ഡി എഫിന് സാധിച്ചു. തിരഞ്ഞെടുപ്പ് അജന്‍ഡ പൗരത്വ നിയമത്തെ കുറിച്ച് മാത്രമാക്കി സര്‍ക്കാറിനെതിരായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടരുതെന്നാണ് മുഖ്യമന്ത്രിയും സി പി എമ്മും ആഗ്രഹിക്കുന്നത്. ഒരു കോടി ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കിയിട്ടില്ല.

ആശുപത്രികളില്‍ മരുന്നും മാവേലി സ്റ്റോറുകളില്‍ സാധനങ്ങളുമില്ല. ക്രിസ്മസ്, വിഷു, ഈസ്റ്റര്‍, റമസാന്‍ ചന്തകളും മുടങ്ങി. കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണത്തിന് പണമില്ല. ഖജനാവില്‍ നയാപൈസയില്ല. റിയാസ് മൗലവി കൊലക്കേസില്‍ ആര്‍ എസ് എസുകാരെ രക്ഷിക്കാന്‍ പോലീസ് കൂട്ടുനിന്നു. നീതിന്യായം എന്നത് ഈ നാട്ടിലില്ല. ഇതൊന്നും ചര്‍ച്ച ചെയ്യാതിരിക്കാനാണ് പൗരത്വത്തെ കുറിച്ച് മാത്രം പറയുന്നത്. പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയുന്നതും ജനങ്ങളെ കബളിപ്പിക്കലാണ്. എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

സ്വാതന്ത്ര്യം കിട്ടി 73 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ പതാക പാര്‍ട്ടി ഓഫീസില്‍ ഉയര്‍ത്താന്‍ പോലും സി പി എം തീരുമാനിച്ചത്. എന്നിട്ടാണ് ഇടത് ഇല്ലെങ്കില്‍ ഇന്ത്യ ഇല്ലെന്ന് പറയുന്നത്. കോണ്‍ഗ്രസ്സ് ഇല്ലെങ്കില്‍ എങ്ങനെയാണ് ഇവര്‍ ഫാസിസ്റ്റ്- വര്‍ഗീയ വിരുദ്ധ പ്ലാറ്റ്‌ഫോം ഉണ്ടാക്കുന്നത്?

ഇരുപതില്‍ ഇരുപത് സീറ്റും നേടി കേരളത്തില്‍ ഉജ്വല വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഐക്യജനാധിപത്യ മുന്നണി. അതിശക്തമായ യു ഡി എഫ് തരംഗമാണ് സംസ്ഥാനത്തുള്ളത്. രാജ്യത്താകെയും കോണ്‍ഗ്രസ്സിനും “ഇന്ത്യ’ മുന്നണിക്കും അനുകൂലമായ തരംഗമുണ്ട്. മിക്ക സംസ്ഥാനങ്ങളിലും അത്ഭുതകരമായ മാറ്റമുണ്ടാകും. വര്‍ഗീയ ഫാസിസ്റ്റ് സര്‍ക്കാറിനെ താഴെയിറക്കണമെന്ന് ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, രാജ്യത്തെ മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നുണ്ട്. യു ഡി എഫിനും കോണ്‍ഗ്രസ്സിനുമൊപ്പം ഒറ്റക്കെട്ടായി നമുക്കും ആ പോരാട്ടത്തിന്റെ ഭാഗമാകാം.

കോൺഗ്രസ് നേതാവ്, കേരള പ്രതിപക്ഷ നേതാവ്

Latest