Connect with us

Kerala

'പട്ടാളത്തെ കൊണ്ടുവന്നത് പ്രഹസനം, മകനെ ജീവനോടെ ലഭിക്കുമെന്ന് പ്രതീക്ഷയില്ല'

അര്‍ജുന്‍ വീഴാന്‍ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല

Published

|

Last Updated

കോഴിക്കോട്  | കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മകന്‍ അര്‍ജുനായുള്ള തിരച്ചിലില്‍ നിരാശ പ്രകടപിപ്പിച്ച് മാതാവ് ഷീല. മകനെ ഇനിയും ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്ന് ഷീല മാധ്യമങ്ങളോട് പറഞ്ഞു. സൈന്യം വന്നപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ അര്‍ജുന്‍ വീഴാന്‍ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ ഇല്ലാതായി.

ടണല്‍ ദുരന്തത്തില്‍ ആളുകള്‍ പെട്ടപ്പോള്‍ നടത്തിയതുപോലെയുള്ള രക്ഷാപ്രവര്‍ത്തനംനടത്തുമെന്നു പ്രതീക്ഷിച്ചു. അച്ഛന്‍ പട്ടാളക്കാരനായിരുന്നു. അഭിമാനത്തോടെയാണ് പട്ടാളത്തെ കണ്ടിരുന്നത്. ആ പ്രതീക്ഷ തെറ്റുകയാണ്. പട്ടാളത്തെ കൊണ്ടുവന്നത് പ്രഹസനമാണ്. ഒരു ഉപകരണങ്ങളും ഇല്ലാതെയാണ് അവര്‍ വന്നത്. വാഹനം അവിടെ ഇല്ല എന്ന് തെളിയിക്കേണ്ടത് ആരുടെയൊക്കെയോ അഭിമാന പ്രശ്‌നമായി മാറിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി വരുന്നു. അവിടുത്തെ ഉദ്യോഗസ്ഥര്‍ ഞങ്ങളെ ബന്ധപ്പെട്ട് അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്ന ഫോട്ടോയും വിഡിയോയുമെല്ലാം അയച്ചു തന്നു. പിന്നീട് അത് അവര്‍ തന്നെ ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് യാതൊരു ബന്ധവുമുണ്ടായില്ല.
നമ്മള്‍ മലയാളികള്‍ ആയതുകൊണ്ട് മാത്രമാണ് എല്ലാ ശ്രദ്ധയും പിന്തുണയും കിട്ടിയത്. ഇതൊന്നും ലഭിക്കാത്ത തമിഴന്മാരായ മൂന്നുപേരുടെ ആളുകളെ അവിടെ ആട്ടിയോടിക്കുകയാണ്. അവര്‍ക്ക് നീതി ലഭിക്കുന്നില്ല-ഷീല പറഞ്ഞു.

 

Latest