cover story
"കരുണാവാൻ നബിമുത്തുരത്‌നമോ...'
അറേബ്യയുടെ ഭരണാധികാരം മുഴുവൻ കാൽക്കീഴിൽ എത്തിയിട്ടും കട്ടവീട്ടിലെ കയറ്റുകട്ടിലിൽ ശയിച്ചു കൊണ്ട് അദ്ദേഹം സമ്പന്നനാകേണ്ടത് മാനസികമായിട്ടാണെന്ന പാഠം ഭാവിമർത്യന് അരുളിച്ചെയ്തു.ഇങ്ങനെ നിരവധി തത്വോന്മീലനച്ചെയ്തികൾ പ്രവാചകന്റെ ജീവിതത്തിൽ കണ്ടെടുക്കാമെങ്കിലും കാരുണ്യത്തിന്റെ ദൈവദൂതനായി അദ്ദേഹത്തെ ഉയർത്തിയ മഹോന്നത ഗുണപ്രസരണത്തിനാണ് ഏറ്റവും പ്രാധാന്യം.
മറ്റ് ലോകനേതാക്കളിൽ നിന്ന് നബി തിരുമേനിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം മനുഷ്യജീവിതത്തിന് വേണ്ട തത്വങ്ങൾ സ്വയം ജീവിച്ച് കാണിച്ചു എന്നതാണ്. ഭാഷ വെറും ആശയവിനിമയോപാധിക്കുപരി വ്യക്തികളെയും സമൂഹങ്ങളെയും കൂട്ടിപ്പിടിക്കുന്ന ഉടമ്പടിയാണെന്ന് വിളംബരപ്പെടുത്താനായിരുന്നു ചെറുപ്പം മുതലെ റസൂൽ സ്വയം അൽ അമീനായി നിഷ്ഠപ്പെടുത്തിയത്.
എല്ലാം ഒത്തൊരുമയോടെ നിർവഹിക്കപ്പെടേണ്ടതാണെന്ന് കാണിക്കാൻ കഅബാ പുനരുദ്ധാരണവേളയിൽ പിതൃവ്യൻ ഹംസ കൊണ്ടുവന്ന വിരിപ്പിൽ കറുത്തശില വെച്ച് സകല ഗോത്രമുഖ്യരെക്കൊണ്ടും വിരിപ്പിന്റെ വക്ക് അദ്ദേഹം പിടിപ്പിച്ചു. മനുഷ്യസമത്വം ഉദ്‌ഘോഷിക്കാനായി ഭാര്യാസഹോദരപുത്രൻ തനിക്ക് സമ്മാനിച്ച സയ്‌ദെന്ന അടിമയെ യുദ്ധനായകനോളം ഉയർത്തി. വർണവിവേചനമെന്ന മഹാമാരിയെ പരിഹസിച്ചു കൊണ്ട് കറുകറുത്ത ബിലാലിനെയും വെളുവെളുത്ത അബൂബക്കറിനെയും തന്റെ ഇരുപുറവും കൊണ്ടുനടന്നു.
ഏത് മനുഷ്യമഹാസംഭവത്തിനും തത്തുല്യമാണ് മറ്റ് ജീവിവർഗവ്യവഹാരങ്ങളെന്ന് തെളിയിക്കാൻ മക്കാവിജയാഘോഷത്തിനിടയിലും പെറ്റ് കിടക്കുന്ന പട്ടിക്കും മക്കൾക്കും സംരക്ഷണം ഏർപ്പെടുത്തി. നിയമം കണ്ണ് കാണാത്തതാകരുതെന്ന സന്ദേശമായിരുന്നു വഴിപിഴച്ച ഗാമതീയ സ്ത്രീക്ക് പ്രസവത്തിനും മുലയൂട്ടലിനും കുഞ്ഞിനെ വളർത്തലിനുമായി ശിക്ഷ മാറ്റി വെച്ചു കൊണ്ട് നബി തിരുമേനി നൽകിയത്. മക്കാവിജയ സമയത്ത് ഖുറൈശികൾക്ക് അദ്ദേഹം നൽകിയ പൊതുമാപ്പോളം ശത്രുത അർഥരഹിതമാണെന്ന തത്വം ഭൂലോകത്ത് വിളംബരപ്പെട്ടിട്ടില്ല. സ്വർഗം ഉമ്മയുടെ കാൽക്കീഴിലാണെന്ന റസൂലിന്റെ പ്രഖ്യാപനം ഭാവിവിമോചനത്തിന്റെ സ്‌ത്രൈണസ്വരൂപത്തെക്കുറിച്ചുള്ള പ്രവചനം തന്നെയാണ്.
അറേബ്യയുടെ ഭരണാധികാരം മുഴുവൻ കാൽക്കീഴിൽ എത്തിയിട്ടും കട്ടവീട്ടിലെ കയറ്റുകട്ടിലിൽ ശയിച്ചു കൊണ്ട് അദ്ദേഹം സമ്പന്നനാകേണ്ടത് മാനസികമായിട്ടാണെന്ന പാഠം ഭാവിമർത്യന് അരുളിച്ചെയ്തു. ഇങ്ങനെ നിരവധി തത്വോന്മീലനച്ചെയ്തികൾ പ്രവാചകന്റെ ജീവിതത്തിൽ കണ്ടെടുക്കാമെങ്കിലും കാരുണ്യത്തിന്റെ ദൈവദൂതനായി അദ്ദേഹത്തെ ഉയർത്തിയ മഹോന്നത ഗുണപ്രസരണത്തിനാണ് ഏറ്റവും പ്രാധാന്യം.
വൈകാരികമായ പരുക്കുകളും ആശയപരമായ പരുക്കുകളും വ്യക്തികൾക്കിടയിൽ സ്പർധ സൃഷ്ടിക്കുമെന്നാണല്ലോ മനശ്ശാസ്ത്രസിദ്ധാന്തം. എന്നാൽ സകല മനശ്ശാസ്ത്ര സിദ്ധാന്തങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള അത്ഭുതകരമായ കാരുണ്യവർഷത്തിന്റെ ദൃഷ്ടാന്തം മുഹമ്മദ് നബിയുടെ ജീവിതത്തിൽ കാണാം.
മഹാത്മാഗാന്ധി പ്രവാചകന്റെ കടുത്ത ആരാധകനായിരുന്നു. ശിഷ്യനായ വിവേകാനന്ദൻ നബിമാഹാത്മ്യം പലയിടങ്ങളിലും രേഖപ്പെടുത്തിയപ്പോൾ ഗുരുവായ ശ്രീരാമകൃഷ്ണപരമഹംസർ നബിയെ സ്നേഹത്താൽ അനുഗമിച്ചു.
പുരുഷാകൃതി പൂണ്ട ദൈവമോ
നരദിവ്യാകൃതി പൂണ്ട ധർമ്മമോ
പരമേശപവിത്ര പുത്രനോ
കരുണാവാൻ നബിമുത്തുരത്‌നമോ.
എന്ന അനുകമ്പാദശകത്തിലെ ഏഴാം പദ്യത്തിൽ ശ്രീരാമനും ശ്രീബുദ്ധനും യേശുകൃസ്തുവും ഭംഗ്യന്തരേണ സൂചിപ്പിക്കപ്പെടുമ്പോൾ മുത്തുറസൂലിനെ മാത്രമാണ് പേരെടുത്ത് പറഞ്ഞ് ശ്രീനാരായണഗുരു വാഴ്ത്തുന്നത്.
സമകാലിക അവസ്ഥയിൽ മുഹമ്മദ് നബിയുടെ യഥാർഥ ജീവിതവും വ്യക്തിത്വവും ഹൃദയാവർജകമാംവിധം പ്രചരിപ്പിക്കേണ്ടത് ഒരു ആണ്ട് നേർച്ചയുടെ പ്രശ്‌നം മാത്രമല്ല. ബോധപൂർവം ചെയ്യേണ്ട രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. അതുകൊണ്ടാണ് ഈ ലേഖകൻ കൃഷ്ണനെയും നബിയെയും ഒരുപോലെ കണ്ടിരുന്ന തന്റെ അമ്മയുടെ സുകൃതവാക്കുകളാൽ ആവേശഭരിതനായി പ്രവാചകന്റെ ജീവിതം ചിത്രീകരിക്കുന്ന ദൈവത്തിന്റെ പുസ്തകം എന്ന നോവൽ എഴുതാൻ ആരംഭിച്ചത്. അതിൽ റസൂലിന്റെ വ്യക്തിത്വം അങ്ങേയറ്റം ശ്രേഷ്ഠവും ഉദാത്തവുമായി ആവിഷ്കരിച്ച് ഒരേസമയം നബിനിന്ദക്കാർക്കും ഭീകരവാദികൾക്കും കർക്കശമായ സന്ദേശം നൽകിയത്. സർഗാത്മകമായ രാഷ്ട്രീയപ്രവർത്തനം അത്യന്തം അനുഭൂതിദായകമാണെന്ന സത്യം നോവൽ രചനാ വേളയിൽ ഞാൻ അനുഭവിച്ചറിഞ്ഞിരുന്നു.
.