Saudi Arabia
'കിംഗ് സല്‍മാന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറിംഗ് കോംപ്ലക്‌സ്'; സഊദി അറേബ്യയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ പൊന്‍തൂവ്വല്‍
പങ്കാളിത്തം,വിതരണം, നിക്ഷേപം എന്നിവയില്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ അവസരങ്ങളാണ് കിംഗ് സല്‍മാന്‍ ഓട്ടോമോട്ടീവ് കോംപ്ലക്‌സ് നല്‍കി വരുന്നത്
![](https://assets.sirajlive.com/2025/02/saudhi-958x538.gif)
ജിദ്ദ| സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ ഓട്ടോമോട്ടീവ് നിര്‍മ്മാണ കേന്ദ്രത്തെ ‘കിംഗ് സല്‍മാന്‍ ഓട്ടോമോട്ടീവ് ക്ലസ്റ്റര്‍’ എന്ന് നാമകരണം ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജിദ്ദയിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഓട്ടോമൊബൈല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രദേശത്തെ ‘കിംഗ് സല്‍മാന്‍ ഓട്ടോമോട്ടീവ് ക്ലസ്റ്റര്‍’ നാമകരണം ചെയ്തതോടെ സഊദി അറേബ്യ ക്ലസ്റ്റര്‍ ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ ഒരു പ്രധാന കേന്ദ്രമായി മാറും.ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ ആസ്ഥാനം,അനുബന്ധ സേവന മേഖലകളില്‍
പങ്കാളിത്തം,വിതരണം, നിക്ഷേപം എന്നിവയില്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ അവസരങ്ങളാണ് കിംഗ് സല്‍മാന്‍ ഓട്ടോമോട്ടീവ് കോംപ്ലക്‌സ് നല്‍കി വരുന്നത്. 2022 ല്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള അമേരിക്കന്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ ലൂസിഡ് ഗ്രൂപ്പ് പ്രതിവര്‍ഷം 155,000 വാഹനങ്ങള്‍ വരെ ഉല്‍പ്പാദന ശേഷിയുള്ള കമ്പനിയുടെ ആദ്യത്തെ അന്താരാഷ്ട്ര ഫാക്ടറിയുടെ പ്രവര്‍ത്തനം ഇതിനകം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
സഊദിയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യത്തെ ബ്രാന്‍ഡായ ‘സീര്‍’ കാറുകളുടെ നിര്‍മ്മാണത്തിനായി ലൂസിഡ് കമ്പനി പത്ത് ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ കാര്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.
പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയും തമ്മിലുള്ള പങ്കാളിത്തത്തില്‍ കിംഗ് സല്‍മാന്‍ ഓട്ടോമോട്ടീവ് കോംപ്ലക്സില്‍ ഒരു ഉയര്‍ന്ന ഓട്ടോമേറ്റഡ് കാര്‍ നിര്‍മ്മാണ പ്ലാന്റും ഉടന്‍ നിലവില്‍ വരും.അതേസമയം സാങ്കേതികവും വാണിജ്യപരവുമായ പിന്തുണ നല്‍കിക്കൊണ്ട് പുതിയ ഫാക്ടറി വികസിപ്പിക്കുന്നതില്‍ തന്ത്രപരമായ സാങ്കേതിക പങ്കാളിത്തം വഹിക്കുന്ന ഹ്യുണ്ടായിക്ക് 30% ഓഹരികളാണ് ഉണ്ടാവുക.ഇന്റേണല്‍ കംബസ്റ്റന്‍ എഞ്ചിന്‍, ഇലക്ട്രിക് കാറുകള്‍ എന്നിവയുള്‍പ്പെടെ പ്രതിവര്‍ഷം 50,000 കാറുകള്‍ ഉല്‍പ്പാദിപ്പിക്കുകയാണ് സംയുക്ത പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും പിറെല്ലി ടയര്‍ കമ്പനിയും സംയുക്ത പങ്കാളിത്തത്തോടെ ഒരു ടയര്‍ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുമെന്നും ഏകദേശം 2 ബില്യണ്‍ റിയാലിന്റെ നിക്ഷേപ മൂല്യമുണ്ടാകുമെന്നും 2026 ല്‍ ഫാക്ടറി ഉല്‍പ്പാദനം ആരംഭിക്കുമെന്നും അറിയിച്ചു.പുതിയ ഓട്ടോമോട്ടീവ് മേഖലയില്‍ ആയിരക്കണക്കിന് നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പ്രാദേശിക ഉല്‍പ്പാദന ശേഷി ത്വരിതപ്പെടുത്തുകയും ഗവേഷണ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.