Connect with us

From the print

"മല്ലു ഹിന്ദു ഓഫ്' വാട്‌സ് ആപ്പ് ഗ്രൂപ്പ്: ഗോപാലകൃഷ്ണന്റെ വാദം ബാലിശമെന്ന് പോലീസ്, ഫോൺ ഹാക്കിംഗിന് സാധ്യതയില്ല

മൊഴി രേഖപ്പെടുത്തി

Published

|

Last Updated

തിരുവനന്തപുരം | ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ വ്യസായവകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദം ആവർത്തിക്കുകയാണ് ഗോപാലകൃഷ്ണൻ. എന്നാൽ, ഗോപാലകൃഷ്ണന്റെ വാദം പ്രഥമദൃഷ്ട്യാ ബാലിശമെന്ന അനുമാനത്തിലാണ് പോലീസ്.
വാട്‌സ് ആപ്പിൽ ഗ്രൂപ്പ് തുടങ്ങിയത് സുഹൃത്തുക്കൾ പറഞ്ഞാണ് അറിഞ്ഞതെന്നും വിവരം അറിഞ്ഞ ഉടൻ ഡിലീറ്റ് ചെയ്തുവെന്നും അദ്ദേഹം മൊഴി നൽകി. കുറേ ഗ്രൂപ്പുകൾ ഫോണിൽ തുടങ്ങിയിരുന്നതായി കണ്ടുവെന്നും വിശദീകരിക്കുന്ന മൊഴിയിൽ എത്ര ഗ്രൂപ്പുകളാണ് തുടങ്ങിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഡി സി പി ഭരത് റെഡ്ഡിയാണ് മൊഴിയെടുത്തത്. ഗോപാലകൃഷ്ണന്റെ സാംസംഗ് ഫോണും കസ്റ്റഡിയിൽ വാങ്ങി പരിശോധിച്ച ശേഷം വിശദ പരിശോധനക്കയച്ചു. ആരോ തന്റെ ഫോൺ ഹാക്ക് ചെയ്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്ന വാദം പല കാരണങ്ങളാൽ നടക്കാൻ സാധ്യതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസ്സിലായിട്ടും പോലീസിനെ അറിയാക്കാൻ സംസ്ഥാനത്തെ പ്രമുഖ ഐ എ എസ് ഉദ്യോഗസ്ഥൻ മൂന്ന് ദിവസം വൈകിയത് എന്തുകൊണ്ട്? ഔദ്യോഗിക കാര്യങ്ങൾക്ക് കൂടി ഉപയോഗിക്കുന്ന ഫോണിന്റെ നിയന്ത്രണം ഹാക്കർമാർ കൈയടക്കിയതിന്റെ ഗൗരവം മുതിർന്ന ഉദ്യോഗസ്ഥന് മനസ്സിലായില്ലേ? ഹാക്കർമാർ ആകെ ചെയ്തത് വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുക മാത്രമാണെന്നാണ് കെ ഗോപാലകൃഷ്ണൻ പറയുന്നത്. ഫോൺ ഹാക്ക് ചെയ്യാൻ കഴിഞ്ഞാൽ അതുവഴി ബേങ്ക് അക്കൗണ്ടുകളിൽ വരെ കയറിപ്പറ്റാമെന്നിരിക്കെ, വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ മാത്രമുണ്ടാക്കുന്നത് എന്ത് തരം ഹാക്കറാണ്. തുടങ്ങിയ കാര്യങ്ങളിലും പോലീസിന് സംശയങ്ങളുണ്ട്. ഗോപാലകൃഷ്ണന്റെ കഥയിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്നാണ് വിലയിരുത്തുന്നത്. 11 ഗ്രൂപ്പുകൾ ഉണ്ടെന്ന് പുറത്തുപറഞ്ഞ ഗോപാലകൃഷ്ണൻ ഇതുവരെ ഹിന്ദു, മുസ്‌ലിം ഗ്രൂപ്പുകളുടെ കാര്യം മാത്രമേ വിശദമാക്കുന്നുള്ളു. അതിന്റെ സ്‌ക്രീൻ ഷോട്ട് മാത്രമാണ് പുറത്തുവിട്ടത്. പോലീസ് പരാതിയിലും ഈ രണ്ട് പേരുകളേ ഉള്ളൂ എന്നാണ് വിവരം. ബാക്കി ഗ്രൂപ്പുകളുടെ സ്‌ക്രീൻ ഷോട്ട് പുറത്തുവിടാത്തതെന്ത്?.
മാധ്യമങ്ങളുടെ ഇതേക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് എന്തിന്? തുടങ്ങിയ ചോദ്യങ്ങളും അവശേഷിക്കുന്നു. അതേസമയം, ഹിന്ദു വാട്‌സ് ആപ്പ് വിവാദമായപ്പോൾ ഒരു മുസ്‌ലിം ഗ്രൂപ്പുകൂടി ഉണ്ടാക്കി ബാലൻസ് ചെയ്യാൻ ശ്രമിക്കുകയും അത് ഫലപ്രദമാകുന്നില്ലെന്ന് കണ്ടപ്പോൾ ഫോൺ ഹാക്കിംഗ് കഥയുമായി കെ ഗോപാലകൃഷ്ണൻ പോലീസിനെ സമീപിക്കുകയായിരുന്നുവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഹിന്ദു ഗ്രൂപ്പിന് പിന്നാലെയാണ് മുസ്‌ലിം ഗ്രൂപ്പ് നിലവിൽ വന്നതെന്ന് സ്ക്രീൻ ഷോട്ടിൽ നിന്ന് വ്യക്തമാണ്.

---- facebook comment plugin here -----

Latest