Connect with us

From the print

"എം പി മാർ അനുകൂലമായി വോട്ട് ചെയ്യണം'; വഖ്ഫ് ബില്ലിൽ ഭീഷണി സ്വരവുമായി കെ സി ബി സി

വഖ്ഫ് നിയമഭേദഗതി ബില്ല് പാർലിമെന്റിൽ ചർച്ചക്ക് വരുമ്പോൾ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിന് അനുകൂലമായി ജനപ്രതിനിധികൾ വോട്ട് ചെയ്യണമെന്നാണ് കെ സി ബി സി പ്രസിഡന്റ് കർദിനാൾ ക്ലിമീസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടത്

Published

|

Last Updated

കൊച്ചി| വഖ്ഫ് ബില്ലിന് അനുകൂലമായി കേരളത്തിലെ യു ഡി എഫ് എം പിമാരടക്കമുള്ളവർ വോട്ടുചെയ്യണമെന്ന നിലപാടുമായി കെ സി ബി സി. വഖ്ഫ് നിയമഭേദഗതി ബില്ല് പാർലിമെന്റിൽ ചർച്ചക്ക് വരുമ്പോൾ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിന് അനുകൂലമായി ജനപ്രതിനിധികൾ വോട്ട് ചെയ്യണമെന്നാണ് കെ സി ബി സി പ്രസിഡന്റ് കർദിനാൾ ക്ലിമീസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടത്.

മുനമ്പത്തെ ജനങ്ങൾ നിയമാനുസൃതമായി കൈവശംവെച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണമെന്ന് കെ സി ബി സി പറയുന്നു. മുനമ്പക്കാർക്ക് ഭൂമി വിറ്റ ഫറൂഖ് കോളജ് തന്നെ ഈ ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കേ, എതിർവാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകൾ വഖ്ഫ് നിയമത്തിൽ ഉള്ളത് ഭേദഗതി ചെയ്യാൻ ജനപ്രതിനിധികൾ സഹകരിക്കണമെന്ന് കേരളത്തിലെ എം പിമാരോട് കെ സി ബി സി പ്രസിഡന്റ് കർദിനാൾ ക്ലിമീസ് കതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് ബിഷപ് പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറൽ ബിഷപ് അലക്‌സ് വടക്കുംതല എന്നിവർ ആവശ്യപ്പെട്ടു.

അതേസമയം, ഇന്ന് പാർലിമെന്റിൽ അവതരിപ്പിക്കുന്ന വഖ്ഫ് നിയമ ഭേദഗതി ബില്ലിൽ കെ സി സി ബി സിയുടെ ആവശ്യത്തോട് കോൺഗ്രസ്സ് എം പിമാർക്ക് അനുകൂല നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമായി അറിയാവുന്ന കെ സി ബി സിയും മറ്റ് ക്രിസ്ത്യൻ സംഘടനകളും യു ഡി എഫിനെ പ്രതിരോധത്തിലാക്കിയുള്ള രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്ന വിമർശവുമുയർന്നിട്ടുണ്ട്.

കേരളത്തിലെ ക്രിസ്ത്യൻ വിഭാഗത്തെ ബി ജെ പിക്ക് അനുകൂലമാക്കി മാറ്റാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടയിലാണ് വഖ്ഫ് വിഷയത്തിൽ കെ സി ബി സിയുടെ നിലപാട്. ബി ജെ പിയൊരുക്കിയ കെണിയിൽ കേരളത്തിലെ ക്രിസ്ത്യൻ സഭ അകപ്പെട്ടുവെന്നാണ് യു ഡി എഫിലെ ഘടകകക്ഷികളടക്കമുള്ളവർ ആരോപിക്കുന്നത്.
ബില്ല് പാസ്സായാൽ മുനമ്പം അടക്കമുള്ള വിവാദ വിഷയത്തിൽ അനുകൂലമായ വിധിയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കെ സി ബി സി.

അതിനിടെ, കേരളത്തിലെ എം പിമാർ വഖ്ഫ് ബില്ലിനെ പിന്തുണക്കണമെന്ന് കത്തോലിക്കാ സഭയുടെ മുഖപത്രം ദീപിക. ബില്ലിനെ പിന്തുണച്ചില്ലെങ്കിൽ കേരളത്തിലെ എം പിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമായിരിക്കുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Latest