Connect with us

cover story

"എന്റെ ശ്വാസം വേഗത്തിലായി ഹൃദയമിടിപ്പിന്റെ ശബ്ദം കൂടി...'

"ഇന്ത്യയിലെ മിക്ക പത്രങ്ങളും ഞങ്ങളെ ഹീറോ എന്നു വിശേഷിപ്പിച്ചു.അടുത്ത ഏതാനും ആഴ്‌ചകളിൽ ഞങ്ങളോടൊപ്പം ചേരാൻ യുവാക്കൾക്കിടയിൽ മത്സരമായിരുന്നു. ഈ സംഭവത്തെ ജനങ്ങൾ സാധാരണ കവർച്ചയായി കണ്ടില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒരു വലിയ ക്യാൻവാസിലൂടെ നോക്കിക്കണ്ട സംഭവമായിരുന്നു അത്.ആ ഉദ്വേഗജനകമായ സംഭവകഥ ഇങ്ങനെ...

Published

|

Last Updated

ന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളിലൊന്നായിരുന്നു കകോരി സംഭവം. നൂറാം വർഷത്തിലേക്ക് കടക്കുന്ന ആ സംഭവം അറിയപ്പെടുന്നത് കകോരി ട്രെയിൻ ആക്്ഷൻ എന്ന പേരിലാണ്. ബ്രിട്ടീഷുകാരെ ഞെട്ടിച്ച ആ ആക്്ഷൻ നടന്നത് ഇതുപോലൊരു ആഗസ്റ്റ് മാസത്തിലായിരുന്നു. സംഭവത്തെ ബ്രിട്ടീഷുകാർ വിളിച്ചിരുന്നത് കകോരി ട്രെയിൻ കൊള്ള എന്നായിരുന്നു.

ചൗരി ചൗരാ സംഭവത്തെത്തുടർന്ന് ഗാന്ധിജി ഏകപക്ഷീയമായി നിസ്സഹകരണ സമരം അവസാനിപ്പിച്ചത് കോൺഗ്രസിലെ ഒരു വിഭാഗം യുവാക്കളിൽ അമർഷമുണ്ടാക്കി. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി 1922 ഫെബ്രുവരി അഞ്ചിന് ഉത്തർ പ്രദേശിലെ ചൗരി ചൗരായിൽ നടന്ന ജാഥയിൽ പങ്കെടുത്തവർക്കെതിരെ പോലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ തീയിടുകയും ചെയ്തു. സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 പോലീസുകാരും കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് നിസ്സഹകരണ സമരം നിർത്തിവെക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തു.

ബ്രിട്ടന്റെ കരവലയത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്ന ലക്ഷ്യം നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടെ കൈവരിക്കാനാകില്ല എന്നു ആ യുവാക്കൾ ചിന്തിച്ചു. ഇത് മിതവാദികളും തീവ്രനിലപാടുകാരും തമ്മിലുള്ള പോരായി വളർന്നു. തീവ്ര നിലപാടുകാർ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ ( H R A ) എന്ന പേരിൽ സംഘടന രൂപവത്കരിച്ചു. രാജ്യത്തിന്റെ മോചനത്തിന് സായുധ വിപ്ലവമാണ് പരിഹാരമെന്നവർ കരുതി.അതിന് ശക്തമായ ആയുധങ്ങൾ അനിവാര്യമാണെന്നു വന്നു. അപ്പോഴാണ് അവരിൽ ചിലർ പണത്തിന്റെ പരിമിതിയെ കുറിച്ചോർത്തത്. കകോരി സംഭവത്തിനു നേതൃത്വം നൽകിയ രാം പ്രസാദ് ബിസ്മിൽ അതേകുറിച്ചു ആത്മകഥയിൽ എഴുതുന്നു. ആർക്കും ശരിയായ വസ്ത്രം പോലും ഉണ്ടായിരുന്നില്ല.

കടം കൂടി വന്നു. ബ്രിട്ടീഷ് സർക്കാറിനെതിരെ പോരാടാൻ സർക്കാറിന്റെ തന്നെ പണം കൊള്ളയടിക്കുക എന്ന തീരുമാനത്തിലെത്തി. ഒരു ദിവസം ലഖ്‌നോ റെയിൽവേ സ്റ്റേഷനിൽ പോർട്ടർമാർ ഗാർഡിന്റെ ക്യാബിനിൽ നിന്ന് പണം നിറച്ച ഇരുമ്പ് പെട്ടി ഇറക്കുന്നത് ശ്രദ്ധയിൽ പെട്ടു. പെട്ടിക്ക് ചങ്ങലയോ പൂട്ടോ ഇല്ലെന്ന് മനസ്സിലായി. പരീക്ഷണം ട്രെയിനിൽ നിന്നാവാമെന്നു തീരുമാനിച്ചു ” ഇതേക്കുറിച്ച് അടുത്ത കൂട്ടുകാരനായ അഷ്ഫാഖുല്ല ഖാനുമായി ബിസ്മിൽ സംസാരിച്ചു. അവർ തീരുമാനത്തിലെത്തി. രാജേന്ദ്ര ലാഹിരി, ചന്ദ്ര ശേഖർ ആസാദ്‌, സച്ചിന്ദ്ര ബക്ഷി, കേശബ് ചക്രവർത്തി, മന്മദ് നാഥ് ഗുപ്ത, മുരാരി ശർമ, മുകുന്ദി ലാൽ ഗുപ്ത, ബനവാരി ലാൽ, യോഗേഷ് ചന്ദ്ര ചാറ്റർജി എന്നിവരേയും ദൗത്യത്തിനായി തിരഞ്ഞെടുത്തു.

ലക്ഷ്യം ഷാജഹാൻപൂർ – ലഖ്നോ റൂട്ടിലെ ട്രെയിനായിരുന്നു. മുൻനിശ്ചയ പ്രകാരം പത്ത് പേരും 1925 ആഗസ്റ്റ് എട്ടിന് ഷാജഹാൻപൂർ സ്റ്റേഷനിലെത്തിയെങ്കിലും ലക്ഷ്യമിട്ട എട്ട് ഡൗൺ എക്സ്പ്രസ് ട്രെയിൻ പത്ത് മിനുട്ട് മുമ്പേ സ്റ്റേഷൻ വിട്ടിരുന്നു. പിറ്റേ ദിവസം സംഘം നേരത്തെ സ്റ്റേഷനിലെത്തി. അവർ നാല് ജർമൻ നിർമിത മൗസർപിസ്റ്റളും ഒരു നാടൻ തോക്കും കൈയിൽ കരുതിയിരുന്നു. യാത്രക്കാർക്ക് സംശയം തോന്നാതിരിക്കാൻ പരസ്പരം പരിചയം നടിക്കാതെ അവർ വിവിധ കമ്പാർട്ടുമെന്റുകളിൽ കയറി. രാം പ്രസാദ് ബിസ്മൽ അതേക്കുറിച്ചെഴുതുന്നു. “ഞങ്ങൾ ഷാജഹാൻപൂരിൽ നിന്ന് ട്രെയിനിൽ കയറി കകോരിക്ക് സമീപം വെച്ച് ചങ്ങല വലിച്ചു. അവിടെ നിന്നു പണപ്പെട്ടിയുമായി രക്ഷപ്പെടാനായിരുന്നു തീരുമാനം. ഒരാളുടെ ശ്രമം വിഫലമായാൽ അടുത്ത കമ്പാർട്ടുമെന്റിലുള്ളവർ ചങ്ങല വലിക്കണം. തുടർന്ന് ഗാർഡിന്റെ ക്യാബിനിലെ പണപ്പെട്ടി പിടിച്ചെടുത്ത് ഈ സമയം രക്ഷപ്പെടണം.

ഞങ്ങൾ ആരെയും ശാരീരികമായി ഉപദ്രവിക്കാൻ വന്നവരല്ലെന്നും ജനങ്ങളിൽ നിന്നു അനധികൃതമായി സർക്കാർ പിടിച്ചെടുത്ത പണം തിരിച്ചുപിടിക്കുകയാണ് ഉദ്ദേശ്യമെന്നും യാത്രക്കാരെ അറിയിക്കാനും തീരുമാനിച്ചിരുന്നു. ആയുധങ്ങൾ ഉപയോഗിക്കാനറിയുന്ന മൂന്നുപേർ ഗാർഡിന്റെ ക്യാബിനിനടുത്ത് കാവൽ നിന്നു.

കാകോരി സ്റ്റേഷന്റെ സൈൻബോർഡ് കണ്ടപ്പോൾ തന്നെ എന്റെ ശ്വാസം വേഗത്തിലാവുകയും ഹൃദയമിടിപ്പിന്റെ വേഗത കൂടുകയും ചെയ്തു. പെട്ടെന്ന് ഒരു വലിയ ശബ്ദത്തോടെ ഞങ്ങൾ തീരുമാനിച്ച അതേ സ്ഥലത്ത് വെച്ചു ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. ഞാൻ യാത്രക്കാർക്കു നേരെ പിസ്റ്റൾ ഉയർത്തി ശാന്തമായിരിക്കാൻ ആവശ്യപ്പെട്ടു. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന് അവരോട് പറഞ്ഞു.’

ട്രെയിൻ നിർത്തിയ ഉടനെ വിവിധ കമ്പാർട്ടുമെന്റിലായിരുന്ന സംഘാംഗങ്ങൾ ചാടിയിറങ്ങി ആകാശത്തേക്കു വെടിയുതിർത്ത് ഭീതി പരത്തി. അഷ്ഫാഖുല്ല ഖാൻ ഗാർഡിന്റെ ക്യാമ്പിനിൽ കയറി പണപ്പെട്ടി പുറത്തെത്തിക്കാൻ ശ്രമിച്ചു. ഭാരക്കൂടുതലായതിനാൽ പണപ്പെട്ടി പുറത്തെടുക്കാൻ സാധിച്ചില്ല. ചുറ്റികകൊണ്ട് പണപ്പെട്ടി തകർത്തു പണം കൈക്കലാക്കി. ഇതിനിടെ ഗാർഡ് പച്ചക്കൊടി കാണിച്ചു ട്രെയിൻ വിടാൻ നിർദേശിക്കുന്നത് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. സംഘാംഗങ്ങൾ ഗാർഡിന്റെ നേരെ തോക്ക് ചുണ്ടി പിന്തിരിപ്പിച്ചു. അയാളുടെ കൈയിലുണ്ടായിരുന്ന സിഗ്നൽ ലൈറ്റ് തട്ടിയെടുക്കുകയും ചെയ്തു. ഇതിനിടയിൽ മറ്റൊരു ദാരുണസംഭവം നടന്നു.

ട്രെയിനിൽ നിന്ന് ഒരു യുവാവ് ഇറങ്ങിയത് തങ്ങളെ പിടികൂടാനെന്ന് ധരിച്ച സംഘാംഗമായ മന്മദ് നാഥ് ഗുപ്ത അയാൾക്കു നേരെ നിറയൊഴിച്ചു. പുറത്തെ ബഹളവും വെടിയൊച്ചയും കേട്ടു , സ്ത്രീകളുടെ കമ്പാർട്ടിമെന്റിലുള്ള ഭാര്യയെ നോക്കാനിറങ്ങിയ അഹ്മദ് അലി എന്ന യുവാവിനാണ് വെടിയേറ്റത്. യുവാവ് തത്ക്ഷണം മരിച്ചു. ഇദ്ദേഹം നിരപരാധിയാണെന്ന വസ്തുത സംഘം മനസ്സിലാക്കിയത് പിന്നീടാണ് . ട്രെയിൻ കൊള്ളയടിക്കപ്പെട്ടത് പത്രങ്ങളിൽ വൻ വാർത്തയായിരുന്നു.

ബിസ്മിൽ എഴുതി, “ഇന്ത്യയിലെ മിക്ക പത്രങ്ങളും ഞങ്ങളെ ഹീറോ എന്നു വിശേഷിപ്പിച്ചു. അടുത്ത ഏതാനും ആഴ്‌ചകളിൽ ഞങ്ങളോടൊപ്പം ചേരാൻ യുവാക്കൾക്കിടയിൽ ഒരു മത്സരമായിരുന്നു. ഈ സംഭവത്തെ ജനങ്ങൾ സാധാരണ കവർച്ചയായി കണ്ടില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒരു വലിയ ക്യാൻവാസിലൂടെ നോക്കിക്കണ്ട സംഭവമായിരുന്നു അത്.’

ബ്രിട്ടീഷ് പോലീസ് കൊലപാതകത്തിനും കവർച്ചക്കും കേസെടുത്തു. സംഭവത്തിൽ പത്ത് പേരാണ് പങ്കെടുത്തതെങ്കിലും നാൽപ്പതോളം പേർ പ്രതി ചേർക്കപ്പെട്ടു. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് ഇനാം പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം പലരും പോലീസ് പിടിയിലായി. എന്നാൽ അഷ്ഫാഖുല്ല ഖാനും ചന്ദ്രശേഖർ ആസാദും പിടിക്കപ്പെട്ടില്ല. ബിഹാറിലേക്ക് രക്ഷപ്പെട്ട അഫ്ഷഖുല്ല ഖാൻ അവിടെ വെച്ച് ഹസ്രത്ത് എന്ന പേരിൽ ലേഖനങ്ങളും കവിതകളും എഴുതി പ്രസിദ്ധീകരിച്ചു.

ഉമ്മയിൽ നിന്നു ഉറുദുഭാഷയിൽ പ്രാവീണ്യം നേടിയ അഷ്ഫാഖുല്ല ഖാൻ വിദ്യാർഥിയായിരിക്കെ കവിതകൾ എഴുതാറുണ്ടായിരുന്നു. ഒരു വർഷത്തിനുശേഷം ഡൽഹി കേന്ദ്രീകരിച്ചു സ്വാതന്ത്ര്യ സമര പാതയിലേക്ക് യുവാക്കളെ സംഘടിപ്പിക്കുന്നതിനിടയിൽ അഷ്ഫാഖുല്ല പോലീസിന്റെ പിടിയിൽപ്പെട്ടു. പ്രതികൾക്ക് വേണ്ടി വാദിക്കാൻ മോത്തിലാൽ നെഹ്റു അധ്യക്ഷനായി ഒരു സമിതി രൂപവത്കരിക്കപ്പെട്ടു. എന്നാൽ, ബ്രിട്ടീഷ് നീതിന്യായ കോടതി അഷ്ഫാഖുല്ല ഖാൻ, രാം പ്രസാദ് ബിസ്മിൽ, രാജേന്ദ്ര ലാഹിരി, റോഷൻ സിംഗ് എന്നിവർക്ക് വധശിക്ഷ വിധിച്ചു. 1927 ഡിസംബറിൽ ഇവരുടെ വധശിക്ഷ നടപ്പാക്കി.

വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുന്നതിന് 78 സെൻട്രൽ ലെജിസ്്ലേച്ചർ അംഗങ്ങളുടെ ഒപ്പുകളോടെ മദൻ മോഹൻ മാളവ്യയുടെ നേതൃത്വത്തിൽ വൈസ്രോയിയും ഇന്ത്യയുടെ ഗവർണർ ജനറലുമായ എഡ്വേർഡ് ഫ്രെഡ്രിക്ക് ലിൻഡ്‌ലി വുഡിന് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. മറ്റു പല ഭാഗങ്ങളിൽ നിന്നു സ്വാതന്ത്ര്യസമര പോരാളികളായ ആ നാലുപേരുടെ ജീവൻ നില നിർത്താൻ ദയാഹർജികൾ സമർപ്പിക്കപ്പെട്ടു. എന്നാൽ ബ്രിട്ടീഷ് സർക്കാർ ദയ കാട്ടിയില്ല. പ്രായപൂർത്തി തികയാത്തതിനാൽ മന്മദ് നാഥ് ഗുപ്തയെ 14 വർഷത്തേക്കും മറ്റുള്ളവരെ ജീവപര്യന്തം തടവിനും ശിക്ഷവിധിച്ച് ആൻഡമാനിലെ പോർട്ട് ബ്ലയർ സെല്ലുലാർ ജയിലിലടച്ചു. ചന്ദ്രശേഖർ ആസാദിനെ പിടികൂടാൻ സാധിച്ചില്ല. പിന്നീട് പോലീസുമായുള്ള ഏറ്റുമുട്ടലിനിടയിൽ 1931 ഫെബ്രുവരിയിൽ സ്വയം നിറയൊഴിച്ചു ആസാദ് വീരചരമം പ്രാപിക്കുകയായിരുന്നു.

Latest