Uae
"മൈ ദുബൈ കമ്മ്യൂണിറ്റീസ്' പ്ലാറ്റ്ഫോം ആരംഭിച്ചു
ഐക്യദാർഢ്യത്തിന്റെയും സഹകരണത്തിന്റെയും മൂല്യങ്ങൾ ശക്തിപ്പെടുത്താനും ദുബൈയുടെ തനതായ സ്വത്വം പ്രകടിപ്പിക്കാനും ഇത് അവസരമൊരുക്കും

ദുബൈ | സമൂഹത്തിന്റെ ഇടപെടൽ വർധിപ്പിക്കുന്നതിനായി ദുബൈയിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചിച്ചു. “മൈ ദുബൈ കമ്മ്യൂണിറ്റീസ്’ എന്ന പേരിലുള്ള സംരംഭത്തിന്റെ പ്രഖ്യാപനം ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നിർവഹിച്ചു.
കമ്മ്യൂണിറ്റിയുടെ വർഷത്തിന്റെ ഭാഗമായുള്ള പ്ലാറ്റ്ഫോം വിവിധ പ്രായക്കാരായ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും അവരുടെ താത്പര്യങ്ങളുമായി ചേർന്ന കമ്മ്യൂണിറ്റികൾ കണ്ടെത്താൻ അവസരം നൽകും.
കല, സംസ്‌കാരം, കായികം, ആരോഗ്യം, വിവിധ തൊഴിൽ പശ്ചാത്തലങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഗ്രൂപ്പുകളെ ഒരു സംഘടിത സംവിധാനത്തിന് കീഴിൽ ഒന്നിപ്പിക്കുന്നു. ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും സമൂഹ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിനും പങ്കിട്ട അനുഭവങ്ങൾക്കുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് പ്രവർത്തിക്കുമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
പ്ലാറ്റ്ഫോമിൽ എല്ലാവരും പങ്കാളികളാകാൻ അദ്ദേഹം ക്ഷണിച്ചു. ഐക്യദാർഢ്യത്തിന്റെയും സഹകരണത്തിന്റെയും മൂല്യങ്ങൾ ശക്തിപ്പെടുത്താനും ദുബൈയുടെ തനതായ സ്വത്വം പ്രകടിപ്പിക്കാനും ഇത് അവസരമൊരുക്കും. mydubaicommunities.com ലൂടെ പ്രവേശനം നേടാനാവും.