Connect with us

From the print

"ആരെതിർത്താലും ബില്ല് പാസ്സാക്കും'; വഖ്ഫിൽ കേന്ദ്ര ശാഠ്യം

ഗ്രാമീണരുടെ സ്വത്തുക്കൾ കൈക്കലാക്കിയെന്ന് അമിത് ഷാ

Published

|

Last Updated

റാഞ്ചി | വഖ്ഫ് വിഷയത്തിൽ നിലപാട് തുടർന്നും കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചും കേന്ദ്ര സർക്കാർ. വഖ്ഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ടെന്ന് ആരോപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വഖ്ഫ് ഭേദ​ഗതി ബില്ല് ബി ജെ പി സർക്കാർ പാസ്സാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ബില്ല് പാസ്സാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാറിനെ തടയാൻ ആർക്കും കഴിയില്ല. വഖ്ഫ് നിയമം ഭേദ​ഗതി ചെയ്യാനും ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താനും സമയമായി. കർണാടകയിൽ ​ഗ്രാമീണരുടെ സ്വത്തുക്കൾ വഖ്ഫ് ബോർഡ് കൈക്കലാക്കി. ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഭൂമി തട്ടിയെടുത്തു. വഖ്ഫ് ബോർഡിൽ മാറ്റങ്ങൾ വേണോ വേണ്ടയോ എന്ന് നിങ്ങൾ തന്നെ പറയൂ’- ഝാർഖണ്ഡിലെ ബാ​ഗ്‌മാരയിൽ തിരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ പറഞ്ഞു.
ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും വഖ്ഫ് ബോർഡിൽ മാറ്റങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് പറയുന്നത്. അവർ എതിർക്കട്ടെ. വഖ്ഫ് ഭേദ​ഗതി ബിൽ ബി ജെ പി പാസ്സാക്കുക തന്നെ ചെയ്യും. ഏക സിവിൽ കോഡ് (യു സി സി) നടപ്പാക്കുന്നത് തടയാനും ആർക്കും കഴിയില്ല. നുഴഞ്ഞുകയറ്റക്കാരെ പരിശോധിക്കാൻ ഇത് ആവശ്യമാണ്. ആദിവാസികളെ യു സി സിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കും. ഝാർഖണ്ഡിൽ ബി ജെ പി അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബം​ഗ്ലാദേശിലേക്ക് തിരിച്ചയക്കും. നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബേങ്കാക്കി മാറ്റുകയാണ് ഹേമന്ത് സോറൻ സർക്കാർ’- അദ്ദേഹം ആരോപിച്ചു.

ഇന്നും ഈ മാസം 20നും രണ്ട് ഘട്ടങ്ങളിലായാണ് ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ്. 81 അം​ഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം ഈ മാസം 23ന് പ്രഖ്യാപിക്കും.

Latest