Connect with us

Articles

ഏകധ്രുവ ലോകത്തെ 'സമാധാന ചര്‍ച്ചകള്‍'

എന്താണ് ഓവല്‍ ഓഫീസ് ചര്‍ച്ചയും തുടര്‍ന്ന് സെലന്‍സ്‌കി നടത്തിയ ലണ്ടന്‍ യാത്രയും ആത്യന്തികമായി ഉത്പാദിപ്പിക്കുന്നത്? നേതാക്കളില്‍ ആര് തോറ്റു, ജയിച്ചു എന്നതിനപ്പുറം ഭാവിയിലേക്ക് എന്താണ് ഈ ഉന്നതതല കൂടിക്കാഴ്ചകള്‍ അവശേഷിപ്പിക്കുന്നത്? വൈറ്റ് ഹൗസില്‍ നിന്ന് മുറിവേറ്റ് ഇറങ്ങിവന്ന സെലന്‍സ്‌കിയെ എല്ലാവരും ആഘോഷിക്കുമ്പോള്‍ യുക്രൈന്‍ ജനത ഇക്കാര്യത്തില്‍ രണ്ട് തട്ടിലാണ്.

Published

|

Last Updated

ഒരു ഗൂഢാലോചനാ സിദ്ധാന്തം അന്തരീക്ഷത്തില്‍ കറങ്ങുന്നുണ്ട്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും യുക്രൈന്‍ പ്രസിഡന്റ് വൊളോദമിര്‍ സെലന്‍സ്‌കിയും ചേര്‍ന്നുണ്ടാക്കിയ കടിപിടി, ക്യാമറക്ക് വേണ്ടി നടക്കുന്ന റസ്ലിംഗ് അഭിനയത്തെ വെല്ലുന്ന സ്‌ക്രിപ്റ്റഡ് നാടകമായിരുന്നുവെന്നതാണ് ആ സിദ്ധാന്തം. ഗൗരവപ്പെട്ട ഒരു നയതന്ത്ര ചര്‍ച്ചയും ഇത്തരത്തില്‍ ലോകം മുഴുവന്‍ കാണിച്ച് നടക്കില്ല. ചര്‍ച്ചയുടെ അവസാനത്തിലോ ആരംഭത്തിലോ സംയുക്ത വാര്‍ത്താ സമ്മേളനത്തിലോ ക്യാമറ വെച്ചേക്കാം. ചര്‍ച്ചാ പങ്കാളികള്‍ കൊമ്പുകോര്‍ക്കുന്നത് ഷൂട്ട് ചെയ്യാന്‍ ഒരു രാഷ്ട്രത്തലവന്‍മാരും നിന്നുകൊടുക്കില്ല. എന്നാല്‍ ഇവിടെ ലോക പോലീസ് മേധാവിയെന്ന് മേനി നടിക്കുന്ന ട്രംപും ജെ ഡി വാന്‍സും സെലന്‍സ്‌കിയെ കടിച്ചു കീറുന്നതും വിഷം പുരട്ടിയ വാക്കുകള്‍ ഒരു ലജ്ജയുമില്ലാതെ പ്രയോഗിക്കുന്നതും സെലന്‍സ്‌കി ഒറ്റയാനെ പോലെ ചെറുത്തു നില്‍ക്കുന്നതും ലോകം മുഴുവന്‍ കണ്ടു, കാണിച്ചു. ഇതത്രയും നാടകമായിക്കൂടേ? ട്രംപിന് തന്റെ മേധാവിത്വം പ്രദര്‍ശിപ്പിക്കാനുള്ള അവസരം. ജെ ഡി വാന്‍സിന് തന്റെ പ്രഖ്യാപിത യുക്രൈന്‍വിരുദ്ധത തുറന്ന് വിടാനുള്ള അവസരം. സെലന്‍സിക്ക് തന്റെ രാജ്യത്തിന്റെ നിര്‍ണായകമായ ധാതു സമ്പത്ത് അമേരിക്കക്ക് മുമ്പില്‍ അടിയറവെക്കുന്നത് മറച്ചുപിടിക്കാനും സ്വന്തം നാട്ടില്‍ പ്രതിച്ഛായ ഉയര്‍ത്താനുമുള്ള അവസരം. വിന്‍- വിന്‍. ആര്‍ക്കും നഷ്ടമില്ല.

എന്നാല്‍ ലോക നേതാക്കളും കോളമിസ്റ്റുകളും ഈ അര്‍ഥത്തിലല്ല ഓവല്‍ ഓഫീസ് എപ്പിസോഡിനെ കാണുന്നത്. ട്രംപ് ഇത്തവണത്തെ വിജയത്തിനായി സൃഷ്ടിച്ചെടുത്ത മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (മാഗാ) മുദ്രാവാക്യത്തിന്റെ പ്രയോഗമാണ് ഓവല്‍ ഓഫീസില്‍ നടത്തിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക എല്ലാ പാഴ്ച്ചെലവുകളും നിര്‍ത്തുകയാണെന്നും മറ്റ് രാജ്യങ്ങള്‍ക്കു വേണ്ടിയുള്ള സൈനിക ചെലവുകളില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നും തന്റെ ജനതക്ക് മുമ്പില്‍ കാണിക്കാന്‍ വേണ്ടി സെലന്‍സ്‌കിയെ ഇരയാക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. വളരെ സൗഹാര്‍ദപരമായ ഒരു ചര്‍ച്ച പ്രതീക്ഷിച്ച് ലൈവ് സ്ട്രീമിംഗിന് മുമ്പിലിരുന്ന സെലന്‍സ്‌കി അനുഭവിച്ചത് തന്റെ രാജ്യം കടന്നു പോകുന്ന റഷ്യന്‍ അധിനിവേശത്തേക്കാള്‍ ക്രൂരമായ ആക്രമണമായിരുന്നു. ഒരു ഘട്ടത്തില്‍ ട്രംപ് അദ്ദേഹത്തെ പിടിച്ചു തള്ളുന്നത് പോലെ തോന്നിച്ചു. മുന്‍ പ്രസിഡന്റുമാരായ ഒബാമയെയും ബൈഡനെയുമെല്ലാം അപഹസിച്ചു. ബൈഡനെ സ്റ്റുപിഡ് പ്രസിഡന്റ് എന്ന് തന്നെ വിളിച്ചു. സെലന്‍സ്‌കി കാണിച്ചത് നന്ദികേടെന്ന് പല തവണ ആവര്‍ത്തിച്ചു. ഞങ്ങള്‍ തന്ന സഹായമല്ലാതെ എന്തുണ്ട് യുക്രൈനിലെന്ന് ആ ജനതയെ ഒന്നാകെ അധിക്ഷേപിച്ചു. അമേരിക്കയിലെ വെള്ളക്കാര്‍ ബ്രിട്ടനില്‍ നിന്ന് നാടുകടത്തപ്പെട്ട കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും ബലാത്സംഗ വീരന്‍മാരുടെയും പിന്‍മുറക്കാരാണെന്ന് പറയാറുണ്ട്. ആ ജനിതക മഹിമയാണ് ട്രംപും വാന്‍സും ഓവല്‍ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചത്. സമാധാന ചര്‍ച്ചക്ക് സന്നദ്ധനല്ലാത്ത താങ്കള്‍ മൂന്നാം ലോകമഹായുദ്ധം മുന്നില്‍ വെച്ച് ചൂത് കളിക്കുകയാണെന്ന് ട്രംപ് അലറിയപ്പോള്‍ കൊലയാളി നേതാവിനോട് (പുടിന്‍) ഞങ്ങളെങ്ങനെ നയതന്ത്രത്തിന് പോകും? എന്റെ ജനതയോട് ഇതെങ്ങനെ പറയുമെന്ന് സെലന്‍സ്‌കി ചോദിക്കുന്നുണ്ട്. ധീരമായ ഈ ചോദ്യമില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ കണ്ടതിനേക്കാള്‍ അശ്ലീലമാകുമായിരുന്നു വൈറ്റ് ഹൗസിലെ ‘സമാധാന ചര്‍ച്ച’.

എന്താണ് ഓവല്‍ ഓഫീസ് ചര്‍ച്ചയും തുടര്‍ന്ന് സെലന്‍സ്‌കി നടത്തിയ ലണ്ടന്‍ യാത്രയും ആത്യന്തികമായി ഉത്പാദിപ്പിക്കുന്നത്? നേതാക്കളില്‍ ആര് തോറ്റു, ജയിച്ചു എന്നതിനപ്പുറം ഭാവിയിലേക്ക് എന്താണ് ഈ ഉന്നതതല കൂടിക്കാഴ്ചകള്‍ അവശേഷിപ്പിക്കുന്നത്? വൈറ്റ് ഹൗസില്‍ നിന്ന് മുറിവേറ്റ് ഇറങ്ങിവന്ന സെലന്‍സ്‌കിയെ എല്ലാവരും ആഘോഷിക്കുമ്പോള്‍ യുക്രൈന്‍ ജനത ഇക്കാര്യത്തില്‍ രണ്ട് തട്ടിലാണ്. അമേരിക്കയുടെ സുരക്ഷാ പിന്തുണ വലിച്ചെറിഞ്ഞ് മുന്നോട്ട് പോകാനുള്ള ശേഷി യുക്രൈനിനില്ലെന്ന് വിശ്വസിക്കുന്നവരാണ് സെലന്‍സ്‌കിയുടെ ജനതയില്‍ നല്ലൊരു ശതമാനവും. ആവേശം കൊണ്ട് കാര്യമില്ലെന്നും റഷ്യ കീഴടക്കിയ പ്രദേശങ്ങള്‍ തിരിച്ചു ലഭിക്കുക പോലും ചെയ്യാതെ ഒരു വെടിനിര്‍ത്തല്‍ കരാറിന് ട്രംപ് ഉത്തരവിട്ടാല്‍ അതാകും നടക്കുകയെന്നും അവര്‍ കരുതുന്നു. വ്ളാദിമീര്‍ പുടിനും ഡൊണാള്‍ഡ് ട്രംപും നേരിട്ടുണ്ടാക്കുന്ന കരാര്‍ യുക്രൈനെ നിരാലംബമാക്കുമെന്ന യാഥാര്‍ഥ്യവും അവര്‍ തിരിച്ചറിയുന്നു. മൂന്ന് വര്‍ഷം നീണ്ട യുദ്ധത്തില്‍ പിടിച്ചു നിന്നത് അമേരിക്കയുടെ പിന്തുണ കൊണ്ട് മാത്രമാണെന്നും അവര്‍ക്കറിയാം. ഈ ജന വിഭാഗം ഉയര്‍ത്തിയ പ്രതികരണങ്ങള്‍ എങ്ങനെയാണ് സെലന്‍സ്‌കിയുടെ കണ്ണ് തുറപ്പിച്ചതെന്ന് മനസ്സിലാക്കാന്‍ കീവില്‍ മടങ്ങിയെത്തിയ ശേഷം അദ്ദേഹം നടത്തിയ എക്സ് പോസ്റ്റുകളും പ്രസ്താവനകളും നോക്കിയാല്‍ മതിയാകും.

അദ്ദേഹം തീര്‍ത്തും അയയുകയും യു എസിന് പല തവണ നന്ദി പറയുകയും ചെയ്തു. ധാതു കരാറില്‍ ഒപ്പുവെക്കാന്‍ സന്നദ്ധതയറിയിച്ചു. യുദ്ധ വിരാമം തന്റെ രാജ്യം ആഗ്രഹിക്കുന്നുവെന്ന് തീര്‍ത്ത് പറഞ്ഞു. ‘യു എസ് നല്‍കിയ പിന്തുണക്ക് ഞങ്ങള്‍ നന്ദിയുള്ളവരാണ്. പ്രസിഡന്റ് ട്രംപിനും അമേരിക്കന്‍ ജനതക്കും നന്ദി പറയുന്നു. യുക്രൈന്‍ ജനത എല്ലായ്‌പ്പോഴും ഈ പിന്തുണയെ വിലമതിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് അതിജീവിക്കാന്‍ അമേരിക്കയുടെ സഹായം പ്രധാനമാണ്, അത് അംഗീകരിക്കാന്‍ ആഗ്രഹിക്കുന്നു.’- സാമൂഹിക മാധ്യമമായ എക്സില്‍ സെലന്‍സ്‌കി കുറിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നു. ഞങ്ങള്‍ യുക്രൈനില്‍ യുദ്ധത്തിനൊപ്പം ജീവിക്കുന്നവരാണ്. ഞങ്ങളേക്കാള്‍ സമാധാനം ആഗ്രഹിക്കുന്നവരായി ആരുമുണ്ടാകില്ല. യു എസുമായി ധാതു കരാറില്‍ ഒപ്പുവെക്കാന്‍ യുക്രൈന്‍ തയ്യാറാണ്. എന്നാല്‍, സുരക്ഷ ഉറപ്പ് നല്‍കാന്‍ തയ്യാറാകണം. സുരക്ഷ ഉറപ്പ് നല്‍കാതെയുള്ള റഷ്യയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അപകടകരമാണെന്നും സെലന്‍സ്‌കി പറയുന്നുണ്ട്. വൈറ്റ് ഹൗസില്‍ അത്രമേല്‍ അപമാനിക്കപ്പെട്ടിട്ടും ഒരു രാഷ്ട്ര നേതാവ് ഇങ്ങനെ സംസാരിക്കാന്‍ നിര്‍ബന്ധിതമാകുന്നുവെങ്കില്‍ അതിനര്‍ഥം ഏക ധ്രുവ ലോകത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണ്.

വാഷിംഗ്ടണില്‍ നിന്ന് മടങ്ങിയെത്തിയ സെലന്‍സ്‌കി നേരെ പോയത് ലണ്ടനിലേക്കായിരുന്നു. അവിടെ യൂറോപ്യന്‍ ജനതയുടെ നിരുപാധികമായ സ്നേഹവായ്പ് അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്്ര്‍ സ്റ്റാര്‍മര്‍ സര്‍വ പ്രോട്ടോകോളുകളും മാറ്റിവെച്ച് അദ്ദേഹത്തെ സ്വീകരിച്ചു. യു കെ പരമോന്നത നേതൃത്വമൊന്നാകെ അദ്ദേഹത്തിന് സ്വീകരണമൊരുക്കി. യൂറോപ്പിനെ മാറ്റിനിര്‍ത്തി റഷ്യയുമായി നേരിട്ട് നീക്കുപോക്കുണ്ടാക്കാന്‍ പോകുന്ന ട്രംപിനോടുള്ള കലിപ്പ് മുഴുവന്‍ അവര്‍ തീര്‍ത്തത് സെലന്‍സ്‌കിയെ സ്നേഹം കൊണ്ടും ആദരവ് കൊണ്ടും മൂടിയായിരുന്നു. സെലന്‍സ്‌കിയുടെ ലണ്ടന്‍ സന്ദര്‍ശനവും ജര്‍മനിയും ഫ്രാന്‍സും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും നടത്തിയ ഐക്യദാര്‍ഢ്യവുമെല്ലാം പുതിയൊരു ശാക്തിക ചേരിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. യു എസില്ലാതെ നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ). റഷ്യയില്‍ നിന്ന് യുക്രൈനെ സംരക്ഷിക്കുകയാകും ഈ പുതിയ കൂട്ടായ്മയുടെ ആദ്യ ദൗത്യം. യുക്രൈനെയും യൂറോപ്പിനെയും ഒഴിവാക്കി രൂപപ്പെടുന്ന വെടിനിര്‍ത്തല്‍ അതോടെ പാഴാകും. റഷ്യ പിടിച്ചടക്കിയ ക്രിമിയ, ഡൊണറ്റ്സ്‌ക്, ലുഹാന്‍സ്‌ക്, സപൊറേഷ്യ തുടങ്ങിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാനുള്ള സൈനിക നീക്കത്തിലേക്ക് യു എസില്ലാത്ത നാറ്റോ യുക്രൈനെ തള്ളിവിടും. ആ നീക്കത്തെ തകര്‍ക്കാന്‍ റഷ്യക്കൊപ്പം നിലകൊള്ളുന്ന ട്രംപിനെയാകും പിന്നീട് കാണുക. എത്ര ഭീകരമായിരിക്കും ആ സഖ്യം.

എന്നാല്‍ ഇങ്ങനെയൊരു ആപത്ശങ്കയിലേക്ക് കൂപ്പുകുത്താന്‍ വരട്ടെ. ഇപ്പറഞ്ഞത് ഒരു സാധ്യത മാത്രമാണ്. നിലവിലെ കണക്കുകള്‍ ഈ സാധ്യതയെ പിന്തുണക്കുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം മുതല്‍ സോവിയറ്റ് സ്വാധീനത്തെ വെല്ലുവിളിക്കാന്‍ ആയിരക്കണക്കിന് സൈനികരെ യൂറോപ്പില്‍ വിന്യസിച്ചിട്ടുണ്ട് അമേരിക്ക. അതിന്റെ അളവ് കാലാകാലങ്ങളില്‍ കൂട്ടിക്കൊണ്ടേയിരിക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ യൂറോപ്യന്‍ സുരക്ഷയുടെ കേന്ദ്ര ബിന്ദുവാണ് യു എസ് സൈനിക സംവിധാനം. ആഗോള മേധാവിത്വം നിലനിര്‍ത്താനുള്ള യു എസിന്റെ ഈ സൈനിക വിന്യാസം യൂറോപ്പിനെ കൂടി സുരക്ഷിതമാക്കി വരികയാണ്. 2024 ജൂലൈ വരെ, 65,000 സജീവ സൈനികരെ യൂറോപ്പിലുടനീളം സ്ഥിരമായി വിന്യസിച്ചിട്ടുണ്ടെന്നാണ് കണക്ക്. കൂടാതെ വിപുലമായ ആയുധങ്ങള്‍, പ്രതിരോധ സംവിധാനങ്ങള്‍, നാറ്റോ സംവിധാനങ്ങള്‍ എന്നിവയുമുണ്ട്. ടാങ്കുകളും കവചിത വാഹനങ്ങളും സജ്ജീകരിച്ചിരിക്കുന്ന യൂറോപ്പിലെ ആറ് ആയുധ ശേഖരങ്ങള്‍, എട്ട് എയര്‍ സ്‌ക്വാഡ്രണുകള്‍, നാല് നാവിക ഡിസ്ട്രോയറുകള്‍, ഏകദേശം 100 ആണവ സംവിധാനങ്ങള്‍ എന്നിവ ചേരുന്നതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ തനതായി ഒരുക്കിയ സുരക്ഷാ സംവിധാനത്തോളം പ്രധാനമായി വരും അമേരിക്കന്‍ സൈനിക വിന്യാസം. യു കെയും ജര്‍മനിയും ഫ്രാന്‍സുമെല്ലാം ഡിഫന്‍സ് ബജറ്റ് കുത്തനെ കൂട്ടിയാല്‍ പോലും യു എസില്ലാത്തതിന്റെ വിടവ് നികത്താന്‍ പാടുപെടും. യുക്രൈനില്‍ സഹായ സൈന്യത്തെ ഇറക്കുന്നതില്‍ ഫ്രാന്‍സും ഇറ്റലിയും ഹംഗറിയും എതിര്‍പ്പറിയിച്ചിട്ടുണ്ട്്.

അതുകൊണ്ട് സെലന്‍സ്‌കിയെ പരവതാനി വിരിച്ച് സ്വീകരിക്കുക വഴി യു എസിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുക തന്നെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ചെയ്യുന്നത്. യു എസിന്റെ പരമ്പരാഗത സുഹൃത്തുക്കളായ യൂറോപ്യന്‍ ശക്തികളെ അകറ്റി നിര്‍ത്തി റഷ്യയുമായി നേരിട്ട് നീക്കുപോക്കുണ്ടാക്കുന്നതില്‍ നിന്ന് ട്രംപിനെ പിന്തിരിപ്പിക്കുക തന്നെയാണ് ലക്ഷ്യം. യുക്രൈനെ നാറ്റോ അംഗത്വത്തിലേക്ക് കൊണ്ടുവരാനും മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കാനും ബൈഡന്‍ നടത്തിയ നീക്കങ്ങളാണ് റഷ്യയെ പ്രതികരിക്കാന്‍ നിര്‍ബന്ധിതമാക്കിയതും യുക്രൈനെ ഈ നിലയിലെത്തിച്ചതും. ആ തെറ്റ് തിരുത്തണമെന്നത് ലോകത്തിന്റെയാകെ ആവശ്യമാണ്. അക്കാര്യത്തില്‍ യൂറോപ്യന്‍ നേതാക്കള്‍ക്കോ സെലന്‍സ്‌കിക്കോ ചൈനക്കോ ഒന്നും അഭിപ്രായവ്യത്യാസമുണ്ടാകില്ല. പക്ഷേ, അത് ട്രംപ്- പുടിന്‍ അച്ചുതണ്ട് രൂപപ്പെടുത്തിയാകരുത്. യുക്രൈന്റെ സുരക്ഷാ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്‍വാങ്ങിക്കൊണ്ടുമാകരുത്. ആശ്രിതത്വം ശീലമാക്കിയ സാമന്ത രാഷ്ട്രങ്ങളെ സൃഷ്ടിച്ച ശേഷം ഇരുട്ടിവെളുക്കുമ്പോള്‍ രൂപപ്പെടുന്ന നയവ്യതിയാനത്തില്‍ ഒറ്റയടിക്ക് ഉപേക്ഷിച്ച് മുങ്ങുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നെറികേടാണ്. ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. എല്ലാ ചര്‍ച്ചകളുടെയും മാധ്യസ്ഥ്യവും വേദിയും അറബ് രാഷ്ട്രങ്ങളാണ്. പാശ്ചാത്യരുടെ കണ്ണില്‍ ‘പ്രാകൃതരായ’ അറബ് രാഷ്ട്രങ്ങള്‍.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest