Connect with us

cover story

"റേഫു മനമ് ഊര് വിടിസി പോത്തുറൂ'

വരുമാനത്തേക്കാള്‍ ചെലവ് ഉയര്‍ന്നതോടെ പരമ്പരാഗത തൊഴിലാളികളില്‍ പലരും മറ്റു ജോലികളിലേക്ക് തിരിഞ്ഞു. മണ്‍പാത്ര നിർമാണം കേവലം ഒരു തൊഴില്‍ മാത്രമല്ല. അതില്‍ കലയും ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. നമ്മുടെ പാരമ്പര്യങ്ങളെ നിലനിർത്തേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്. നാടിന്റെ സംസ്കാരം ഉയർത്തുന്ന മൺപാത്ര നിർമിതികളെ സംരക്ഷിക്കാൻ ഈ വേളയിൽ ഉത്തരവാദിത്വപ്പെട്ടവർ ഉണരേണ്ടതുണ്ട്.

Published

|

Last Updated

തീയും ചക്രവുമാണ് ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളായി കരുതുന്നത്. ചക്രങ്ങള്‍ ഉപയോഗിച്ചുള്ള മണ്‍പാത്ര നിർമാണം അക്കാലത്തെ ആളുകളുടെ വൈദഗ്ധ്യം വിളിച്ചോതിയിരുന്നു. മനുഷ്യന്‍ സ്വായത്തമാക്കിയ ഏറ്റവും വലിയ കലയും വികസിച്ച തൊഴിലുമായിരുന്നു മണ്‍പാത്ര നിർമാണം. എന്നാലിന്ന് ഏറ്റവും താഴെയാണ് ഈ തൊഴിലെന്നതാണ് സത്യം. മണ്ണിനോടുള്ള അറപ്പും മണ്‍പാത്രങ്ങളോടുള്ള വെറുപ്പും മലയാളികളെ ബാധിച്ചിരിക്കുകയാണ്. നമ്മുടെ പാരമ്പര്യത്തേയും സംസ്കാരത്തേയും നാം തന്നെ പുച്ഛിക്കുന്ന കാഴ്ച. നോണ്‍സ്റ്റിക്കും അലൂമിനിയവും അടുക്കള ഭരണം ഏറ്റെടുത്തതോടെ പടിക്ക് പുറത്തായി കളിമണ്‍പാത്രങ്ങള്‍.

“പണ്ട് തലേല് ചുമന്ന് വീടുകൾ കയറിയിട്ടായിരുന്നു കച്ചോടം. ഇപ്പോ ബയസ് തൊണ്ണ്റ് കഴിഞ്ഞ്. ഇന്ന് ചുമട് എടക്കണോരേന്നും കാണാല്ല’ കോഴിക്കോട് കക്കോടി സ്വദേശിയായ കൊല്ലംകണ്ടി മീത്തല്‍ അമ്മുവിന്റെ വാക്കുകള്‍. ഓർമവെച്ച കാലം മുതല്‍ മണ്‍പാത്രം ഉണ്ടാക്കുന്നുണ്ട് അമ്മു. ഇപ്പോൾ മകന്‍ ബാബുവിനെ സഹായിക്കും. അമ്മ നാരായണിയില്‍ നിന്നും പരമ്പരാഗതമായി പഠിച്ചെടുത്തതാണ് മൺപാത്ര നിർമാണം. ഭര്‍ത്താവായ കുഞ്ഞനും ഈ തൊഴിൽ തന്നെയായിരുന്നു.
“മോന്‍ ബാബുവും എന്റെ രണ്ട് പെങ്കുട്ട്യോളും ഇപ്പോ കളിമണ്‍ പാത്രം ഉണ്ടാക്കുന്നുണ്ട്. അധ്വാന ഭാരം കൂടുതലാ, പോരാത്തതിന് ഉണ്ടാക്കുന്ന പാത്രങ്ങള്‍ക്ക് വിക്കാനും പ്രയാസം. അതോണ്ട് പേര ക്കുട്ട്യോളാരും ഇതിലേക്ക് വരുന്നില്ല. ഞങ്ങടെ കാലം കഴിഞ്ഞാല്‍ ഈ തൊഴിലു തന്നെ ഇല്ലാണ്ടാകും’.

വരുമാനത്തേക്കാള്‍ ചെലവ് ഉയര്‍ന്നതോടെ പരമ്പരാഗത തൊഴിലാളികളില്‍ പലരും മറ്റു ജോലികളിലേക്ക് തിരിഞ്ഞു. മണ്‍പാത്ര നിർമാണം കേവലം ഒരു തൊഴില്‍ മാത്രമല്ല. അതില്‍ കലയും ഇഴുകിച്ചേര്‍ന്നിട്ടുണ്ട്.
പരമ്പരാഗതമായി ഉപയോഗിക്കുന്ന ചട്ടിക്കും കലത്തിനേക്കാളുമൊക്കെ ഇപ്പോള്‍ ഡിമാന്‍ഡ് കുറഞ്ഞു. ആ സ്ഥാനത്ത് ഫ്രൈപാനുകളും ചീനച്ചട്ടികളുമെല്ലാം ഇടംപിടിച്ചു. നിലവില്‍ മേളകളിലും മറ്റുമാണ് പ്രധാനമായും ഇവര്‍ക്ക് കച്ചവടം ലഭിക്കുന്നത്. ആധുനിക രീതിയിലുള്ള ചായക്കപ്പ്, ബൗള്‍, ജഗ്ഗ്, കൂജകള്‍, അലങ്കാര വസ്തുക്കള്‍, ശിൽപ്പങ്ങള്‍, ചെടിച്ചട്ടികള്‍, വിവിധ വർണങ്ങളിലുള്ള അലങ്കാര മണികള്‍ തുടങ്ങിയവയെല്ലാം ഈ വിപണിയിലൂടെ വിറ്റുപോകും.

ആവശ്യക്കാര്‍ക്കനുസരിച്ചുള്ള സാധനങ്ങള്‍ നിർമിക്കുന്നതിലേക്ക് മിക്കവരും മാറി. മേളകളില്ലാത്തപ്പോള്‍ റോഡരികുകളാകും അടുത്ത തട്ടകം. കച്ചവടത്തിനനുസരിച്ച് പല ജില്ലകളില്‍ നിന്നായുള്ളവര്‍ പ്രധാന റോഡുകള്‍ മുതല്‍ ബൈപ്പാസുകള്‍ വരെ സ്ഥാനം പിടിക്കും. എന്നാല്‍, ഷോപ്പുകളില്‍ പറയുന്ന വില നല്‍കി ആളുകള്‍ വാങ്ങാന്‍ തയ്യാറാണെങ്കിലും റോഡില്‍ വില പേശി ഏറ്റവും കുറഞ്ഞ വിലയ്ക്കേ ആളുകള്‍ വാങ്ങൂവെന്ന് കച്ചവടക്കാര്‍ പറയുന്നു. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് കച്ചവടം ഇല്ലാതായതോടെ ഏകദേശം അറുപത് ശതമാനം ആളുകള്‍ മറ്റ് തൊഴിലുകളിലേക്ക് ചേക്കേറി. വേനൽക്കാലത്താണ് കളിമണ്‍പാത്രങ്ങള്‍ നിർമിക്കാന്‍ എളുപ്പം. മഴക്കാലത്ത് ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ ഇവ ഉണങ്ങിവരാന്‍ കാലതാമസമെടുക്കും. കളിമണ്ണ് നല്ലവണ്ണം ചവിട്ടി പതം വരുത്തിയ ശേഷം പൂഴിമണ്ണുമായി യോജിപ്പിച്ച് ചക്രത്തില്‍ പിടിപ്പിക്കുകയാണ് ആദ്യം. ശേഷം ചക്രം കറക്കി കൈകൊണ്ട് പാത്രങ്ങള്‍ മെനഞ്ഞെടുക്കും. ഇവ വെയിലത്ത് ഉണക്കി അടിച്ച് ഉറപ്പിച്ച് മിനുസപ്പെടുത്തിയ ശേഷം ചൂളയില്‍ ചുട്ടെടുക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ കളിമണ്ണ് കിട്ടാനില്ലാത്തത് ഇവരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. നല്ല കളിമണ്ണ് കിട്ടിയാലെ പാത്രങ്ങള്‍ നിർമിക്കാന്‍ കഴിയൂ. ഇപ്പോള്‍ നല്ല മണ്ണ് കിട്ടാതായി. മുന്‍കാലങ്ങളില്‍ യഥേഷ്ടം മണ്ണ് നാട്ടിന്‍പുറങ്ങളില്‍ നിന്ന് ലഭിക്കുമായിരുന്നു. എന്നാല്‍ ഖനനവുമായി നിലനില്‍ക്കുന്ന നിയമ നടപടികള്‍ കാരണം കളിമണ്ണ് നല്‍കാന്‍ ഭൂവുടമസ്ഥര്‍ മടിക്കുകയാണ്. നിലവില്‍ തൃശ്ശൂര്‍, വയനാട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ നിന്നുമാണ് കളിമണ്ണ് കൊണ്ടുവരുന്നത്. പണ്ട് കിണര്‍ കുഴിക്കുമ്പോഴു മറ്റും പണച്ചെലവില്ലാതെ ലഭിച്ചിരുന്ന മണ്ണിനിപ്പോള്‍ ലോഡിന് 20,000 രൂപക്ക് മുകളിലാണ് വില. കൂടാതെ വണ്ടിക്കൂലിയും മറ്റു ചെലവുകളും കൂടി വലിയൊരു തുകതന്നെ വേണ്ടി വരും. പാത്രങ്ങള്‍ ചുട്ടെടുക്കാന്‍ വൈക്കോലും ചകിരിയും വിറകുമാണ് ചൂളയില്‍ ഉപയോഗിക്കുന്നത്. ഇവക്ക് വില വര്‍ധിച്ചതും തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്. പാത്രങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നതിന് കുറഞ്ഞ തോതില്‍ മണലും ആവശ്യമാണ്. ഇവ പുഴയില്‍ നിന്നാണ് ശേഖരിച്ചിരുന്നത്. പുഴയില്‍ നിന്ന് മണലെടുക്കുന്നത് നിരോധിച്ചതോടെ അതും ലഭിക്കാതെയായി.

തലമുറകള്‍
കൈമാറിയ കരവിരുത്

“റേഫു മനമ് ഊര് വിടിസി പോത്തുറൂ’ (നാളെ നമ്മള്‍ നാട് വിട്ട് പോകും) അതി പുരാതനമായ സംസ്‌കാരവും പാരമ്പര്യവും ഉള്ള ഒരു ജനതയുടെ മഹാപ്രയാണത്തിന്റെ തുടക്കം ആന്ധ്രയില്‍ നിന്നായിരുന്നു. തലമുറകളായി മണ്‍പാത്ര നിർമാണം കുലത്തൊഴിലാക്കിയ കുമ്മറകള്‍ (കുംഭാര സമുദായക്കാര്‍) ഓരോ പലായനത്തിലും ഭാഷയും ആചാരവും മുറുകെപ്പിടിച്ചു. ആന്ധ്രയില്‍ നിന്നും മധുരവരെ എത്തിയ കുമ്മറകളുടെ പലായന കാലഘട്ടം രണ്ട് നൂറ്റാണ്ടിലേറെയാണ്. ഈ യാത്രയില്‍ പല കുടുംബങ്ങളും പല സംസ്ഥാനങ്ങളിലേക്ക് ചേക്കേറി. തെലുങ്ക് സാമിപ്യമുള്ള ഭാഷ സംസാരിക്കുന്ന ഈ സമുദായം കേരളത്തില്‍ ആദ്യമായി കളിമണ്ണ് യഥേഷ്ടം ലഭിക്കുന്ന പാലക്കാട് ജില്ലയിലേക്കാണ് കുടിയേറി പാര്‍ത്തത്. ഈ തായ്്വഴിയില്‍ നിന്നും ധാരാളം പേര്‍ തൃശ്ശൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കുടിയേറി.
കർണാടകയിലെ കുടകിലും ഏതാനും കുടുംബങ്ങള്‍ തമ്പടിച്ചു. അഞ്ഞൂറ് വര്‍ഷത്തിലേറെ നീണ്ട കുമ്മറ സമുദായത്തിന്റെ മഹാപ്രയാണം അതിജീവനത്തിന്റെ രേഖപ്പെടുത്താത്ത ചരിത്ര ഗാഥയാണ്. തലമുറകളിലൂടെ സിദ്ധിച്ച കുലത്തൊഴിലും ഭാഷയും സംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളും അവര്‍ ഇന്നും നെഞ്ചോട് ചേര്‍ത്ത് പ്രത്യാശപൂര്‍വം മുന്നോട്ട് പോകുന്നു.

വര്‍ഷങ്ങളായി കുംഭാര സമുദായത്തിന്റെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ വന്നെങ്കിലും അവയൊന്നും പിന്നീട് എവിടെയുമെത്തിയില്ല. 2018ല്‍ ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ കുഭാര സമുദായ കോളനികളുടെ നവീകരണത്തിനായി അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു. കോളനിയില്‍ കുടിവെള്ളം, വൈദ്യുതി, മലിന ജല നിർമാണത്തിനുമായാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഒരു കോടി രൂപ ചെലവില്‍ തൃശ്ശൂര്‍ കൊടകരയില്‍ കളിമണ്‍ പാത്ര നിർമാണത്തിനായി താത്കാലിക കെട്ടിടം മാത്രമാണ് നിർമിച്ചതെന്നും ഇതിന്റെ പ്രവര്‍ത്തനം പൂർണമായിട്ടില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.

വിദേശ രാജ്യങ്ങളില്‍ കളിമണ്‍ ഉത്പന്നങ്ങള്‍ക്ക് നല്ല വിപണിസാധ്യതയുണ്ട്. അത് മനസ്സിലാക്കി പദ്ധതികള്‍ കൃത്യമായി നടപ്പാക്കിയാല്‍ മേഖലക്ക് ഉണര്‍വേകും. കൂടാതെ മണ്‍പാത്രങ്ങള്‍ക്ക് പ്രാദേശിക അടിസ്ഥാനത്തില്‍ ഊന്നല്‍ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. എങ്കില്‍ കേരളത്തിലെ വലിയൊരു പാരമ്പര്യ നിര്‍മിതി നിലനിര്‍ത്താനാകുമെന്ന് തൊഴിലാളികള്‍ ഒന്നടങ്കം പറയുന്നു.
കേരളപ്പിറവിയുടെ ഈ നിറവിൽ നമ്മുടെ പാരമ്പര്യങ്ങളെ നിലനിർത്തേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്. നാടിന്റെ സംസ്കാരം ഉയർത്തുന്ന മൺപാത്ര നിർമിതികളെ സംരക്ഷിക്കാൻ ഈ വേളയിൽ ഉത്തരവാദിത്വപ്പെട്ടവർ ഉണരേണ്ടതുണ്ട്.

കോഴിക്കോട്

Latest