Connect with us

Uae

"നിങ്ങളുടെ ബില്ലിൽ റീഫണ്ട്' പുതിയ സൈബർ തട്ടിപ്പ് പ്രചരിക്കുന്നു

ഇമെയിൽ തുറന്നു നോക്കിയാൽ ഔദ്യോഗിക കേന്ദ്രങ്ങൾ അയക്കാറുള്ള സാധാരണ പ്രതിമാസ ബിൽ അറിയിപ്പ് പോലെ തന്നെ കാണപ്പെടും.

Published

|

Last Updated

ദുബൈ | സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുന്നവരെ പോലും കുഴിയിൽ വീഴ്‌ത്തുന്ന പുതിയ തട്ടിപ്പ് രീതി യു എ ഇയിൽ പ്രചരിക്കുന്നു. നിങ്ങളുടെ വൈദ്യുതി ബില്ലിൽ റീഫണ്ട് ഉണ്ട് അല്ലെങ്കിൽ ടെലിഫോൺ ബില്ലിൽ അധികമായി ഈടാക്കിയ തുക തിരികെ നൽകുന്നു എന്ന സബ്ജക്റ്റ് ലൈനോടുകൂടിയ ഇമെയിലുകളാണ് തട്ടിപ്പുകാർ അയക്കുന്നത്. യൂട്ടിലിറ്റി സേവനങ്ങൾ നൽകുന്ന സർക്കാർ വകുപ്പിൽ നിന്നാണെന്ന് തോന്നിക്കുന്ന രീതിയിലാണ് ഇവ എത്തുന്നത്.

ഇമെയിൽ തുറന്നു നോക്കിയാൽ ഔദ്യോഗിക കേന്ദ്രങ്ങൾ അയക്കാറുള്ള സാധാരണ പ്രതിമാസ ബിൽ അറിയിപ്പ് പോലെ തന്നെ കാണപ്പെടും. ഔദ്യോഗിക ലോഗോകൾ, ഉപയോഗിച്ച നിറങ്ങളും ഫോണ്ടും ഭാഷയും ഔദ്യോഗികമായുള്ളതിന് സമാനമാണ്.

“നിങ്ങളുടെ ബില്ലിൽ അമിതമായി തുക ഈടാക്കിയതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഇത് ഉടനടി ശരിയാക്കാൻ, അധിക തുകയുടെ റീഫണ്ട് സ്വീകരിക്കുക’ എന്ന വാക്യത്തോടെയാണ് റീഫണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ഇമെയിൽ ആവശ്യപ്പെടുന്നത്.

ലിങ്കിൽ ക്ലിക്ക് ചെയ്താൽ റീ ഫണ്ട് ലഭിക്കുന്ന തുക കാണിക്കും. റീഫണ്ട് നിങ്ങളുടെ അക്കൗണ്ടിലേക്ക് അയക്കുന്നതിന് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആവശ്യപ്പെടും. ഇതിൽ വിവരങ്ങൾ നൽകിയാൽ നിങ്ങൾ ഹാക്ക് ചെയ്യപ്പെടുകയോ പണം നഷ്ടപ്പെടുകയോ ചെയ്തേക്കാം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ), ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ‌് റെഗുലേറ്ററി അതോറിറ്റി തുടങ്ങിയ സർക്കാർ വകുപ്പുകൾ ഇത്തരം ഫിഷിംഗ് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.

യു എ ഇയിലെ എല്ലാ സിസ്റ്റങ്ങളും ഡിജിറ്റലൈസ് ചെയ്‌തിരിക്കുന്നതിനാൽ അധികമായി പണം ഈടാക്കുന്ന സംഭവങ്ങൾ വിരളമാണ്. ഏതെങ്കിലും സാഹചര്യത്തിൽ അത് സംഭവിച്ചാൽ തന്നെ പണം നൽകിയ അതെ രീതിയിൽ തിരികെ ലഭിക്കുന്നതിനോ തുടർന്ന് വരുന്ന ബില്ലിൽ അഡ്ജസ്റ്റ് ചെയ്യുകയോ ചെയ്യാറാണ് പതിവ്. ഇത്തരത്തിൽ പ്രചരിക്കുന്ന എല്ലാ ഫിഷിംഗ് ഇമെയിലുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്.

Latest