Kerala
'ബി ജെ പിയില്‍ സന്ദീപ് അസ്വസ്ഥന്‍'; സരിനോട് ഉപമിച്ച് എ കെ ബാലന്‍
സന്ദീപ് നല്ല വിമര്‍ശകനും തിരുത്തല്‍വാദിയുമാണ്. പത്മജയെ പോലെ കെ മുരളീധരന്‍ ബി ജെ പിയില്‍ പോകില്ലെന്നും എ കെ ബാലന്‍
തിരുവനന്തപുരം | സന്ദീപ് വാര്യരെ പ്രകീര്‍ത്തിച്ച് സി പി എം നേതാവ് എ കെ ബാലന്‍. സന്ദീപ് നല്ല വ്യക്തിയാണെന്ന് സ്വകാര്യ ചാനലിനോട് സംസാരിക്കവേ ബാലന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയെന്ന വാര്‍ത്തകളുമായി ബന്ധപ്പെട്ട് ബി ജെ പിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ മുറുകുന്നതിനിടെയാണ് ബാലന്റെ പ്രതികരണം.
ബി ജെ പിയില്‍ സന്ദീപ് അസ്വസ്ഥനാണെന്ന് ബലന്‍ പറഞ്ഞു. കോണ്‍ഗ്രസ്സില്‍ നിന്ന് വന്ന സരിനാണ് ബി ജെ പിയില്‍ ഇപ്പോള്‍ സന്ദീപ്. ബി ജെ പി നേതൃത്വത്തിനെതിരെ പറയുന്നതാണ് പ്രശ്‌നം. സന്ദീപ് നല്ല വിമര്‍ശകനും തിരുത്തല്‍വാദിയുമാണ്.
പത്മജയെ പോലെ കെ മുരളീധരന്‍ ബി ജെ പിയില്‍ പോകില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. കരുണാകരന്റെ കുടുംബത്തെ കോണ്‍ഗ്രസ്സ് ദ്രോഹിക്കുകയാണ്. തൃശൂരില്‍ കോണ്‍ഗ്രസ്സ് വോട്ട് അന്വേഷിച്ച പാര്‍ട്ടി റിപോര്‍ട്ട് എവിടെയെന്ന് ചോദിച്ച ബാലന്‍ കോണ്‍ഗ്രസ്സ് കുപ്പിവള പൊട്ടിത്തകരും പോലെ തകരുമെന്നും പ്രതികരിച്ചു.
പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര ഇലക്ടറല്‍ ബോണ്ട് നല്‍കി ബി ജെ പിയെ സഹായിക്കുകയാണെന്നും ആ തണലില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് അവരെന്നുമുള്ള ആരോപണവും എ കെ ബാലന്‍ ഉന്നയിച്ചു.