save food share food
"സേവ് ഫുഡ്, ഷെയര്‍ ഫുഡ്'
അധികം വരുന്ന ഭക്ഷണം വിതരണം ചെയ്യുക മാത്രമല്ല, വീടുകളിലും ഭക്ഷ്യവില്‍പ്പന ശാലകളിലും പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് ദാനം ചെയ്യുക കൂടിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സന്നദ്ധ സംഘടനകളുടെയും പൊതു പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് സേവ് ഫുഡ് ഷെയര്‍ ഫുഡ് പദ്ധതി നടപ്പാക്കുക.
ഒരു ഭാഗത്ത് ഭക്ഷണം ആവശ്യത്തില്‍ കൂടുതല്‍ പാകം ചെയ്ത് നല്ലൊരു ഭാഗം പാഴാക്കല്‍. മറ്റൊരു ഭാഗത്ത് ഭക്ഷണം ലഭിക്കായ്ക മൂലം വിശപ്പകറ്റാനാകാതെ പ്രയാസപ്പെടുന്ന ദരിദ്ര വിഭാഗം. ഏത് രാജ്യത്തും പൊതുവെ ഇതാണവസ്ഥ. ലോകത്താകെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ 17 ശതമാനവും ഓരോ വര്‍ഷവും പാഴായിപ്പോകുന്നുവെന്നാണ് കണക്ക്. വിശപ്പ് മൂലം ലോകത്ത് ദിനം പ്രതി നൂറുകണക്കിനു പേര്‍ മരണപ്പെടുമ്പോഴാണ് സത്കാരങ്ങളുടെയും ആഘോഷങ്ങളുടെയും പേരില്‍ വന്‍തോതില്‍ ഭക്ഷണം പാഴാക്കിക്കളയുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയില്‍ ഹോട്ടലുകളിലും വീടുകളിലും അധികം വരുന്ന ഭക്ഷണം മാലിന്യങ്ങളിലേക്ക് തള്ളാന്‍ അനുവദിക്കാതെ വിശക്കുന്നവന് എത്തിച്ചു കൊടുക്കാനുള്ള പദ്ധതികള്‍ പല രാജ്യങ്ങളും നടപ്പാക്കി വരികയാണ്. സ്വിറ്റ്‌സര്‍ലാൻഡ് അടുത്തിടെ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റു ഭക്ഷ്യ വില്‍പ്പന ശാലകളിലും ബാക്കി വരുന്ന ഭക്ഷണം കൈമാറണമെന്ന് കര്‍ശനമായി നിര്‍ദേശിക്കുകയും ഭക്ഷണം മാലിന്യങ്ങളിലേക്ക് തള്ളുന്നത് നിരോധിക്കുകയും ചെയ്യുന്ന നിയമം കൊണ്ടുവരാനാണ് അവിടെ സര്‍ക്കാറിന്റെ പദ്ധതി.
ഈ വിഷയത്തില്‍ ചെറിയൊരു കാല്‍വെപ്പായി കാണാവുന്നതാണ് “സേവ് ഫുഡ് ഷെയര്‍ ഫുഡ്’ നടപ്പാക്കാനുള്ള പിണറായി സര്‍ക്കാര്‍ തീരുമാനം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന വിവരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് അറിയിച്ചത്. ഭക്ഷണം അധികമായി ഉത്പാദിപ്പിക്കുകയും പാഴാകാന്‍ സാധ്യതയുള്ള മേഖല കണ്ടെത്തി അത് പാഴാക്കാതെ ആവശ്യമുള്ളവര്‍ക്ക് എത്തിക്കുകയുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. അധികം വരുന്ന ഭക്ഷണം വിതരണം ചെയ്യുക മാത്രമല്ല, വീടുകളിലും ഭക്ഷ്യവില്‍പ്പന ശാലകളിലും പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് ദാനം ചെയ്യുക കൂടിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സന്നദ്ധ സംഘടനകളുടെയും പൊതു പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് സേവ് ഫുഡ് ഷെയര്‍ ഫുഡ് പദ്ധതി നടപ്പാക്കുക. ഇതിനകം തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സ്ഥാപനങ്ങളും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ രണ്ട് സ്ഥാപനങ്ങളും, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോ സ്ഥാപനങ്ങള്‍ വീതവും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രി വ്യക്തമാക്കി.
ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മനസ്സിലാക്കാവുന്നതാണ് മലയാളിയുടെ ഭക്ഷ്യധൂര്‍ത്ത്. കേരളീയ വീടുകളില്‍, വിദ്യാലയങ്ങളില്‍, തൊഴിലിടങ്ങളില്‍, ഭക്ഷ്യവില്‍പ്പന ശാലകളില്‍, കല്യാണമണ്ഡപങ്ങളില്‍ തുടങ്ങിയവയിലെല്ലാം മാലിന്യക്കൂമ്പാരങ്ങളിലേക്ക് തള്ളുന്ന ഭക്ഷ്യവസ്തുക്കളുടെ തോത് വളരെ കൂടുതലാണ്. ലോകത്ത് മൊത്തം കണക്കെടുത്താല്‍ വീടുകളില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ പതിനൊന്ന് ശതമാനം പാഴായിപ്പോകുന്നുവെന്നാണ് കണക്ക്. കേരളത്തെ മാത്രം പഠന വിധേയമാക്കിയാല്‍ ശതമാനം ഇതിനേക്കാളും കൂടുതലാകാനാണ് സാധ്യത. തൊഴിലന്വേഷകര്‍ക്ക് ഗള്‍ഫ് ഉള്‍പ്പെടെ പല വിദേശ രാഷ്ട്രങ്ങളും തങ്ങളുടെ കവാടങ്ങള്‍ തുറന്നിട്ടതിനെ തുടര്‍ന്ന് കേരളീയരില്‍ സമ്പന്നത വര്‍ധിച്ചതോടെയാണ് ഇവിടെ ധൂര്‍ത്തും ഭക്ഷണം പാഴാക്കുന്ന പ്രവണതയും വര്‍ധിച്ചത്. ബഹുഭൂരിഭാഗവും മതവിശ്വാസികളാണ് കേരളീയരില്‍. എല്ലാ മതങ്ങളും വേദ ഗ്രന്ഥങ്ങളും ഭക്ഷണത്തെ ബഹുമാനിക്കേണ്ടതിന്റെയും പാഴാക്കാതെ സൂക്ഷിക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറയുന്നുണ്ട്. എങ്കിലും ഭക്ഷ്യ ധൂര്‍ത്തിനും പാഴാക്കലിനും ഒരു കുറവുമില്ല. സാമ്പത്തികമായും സാമൂഹികമായും മതപരമായും ഒരു വലിയ അപരാധവും കൂടിയാണ് ഭക്ഷണം പാഴാക്കല്‍. വെറുതെ കിട്ടുന്നതായാല്‍ പോലും ഒരു തരിപോലും പാഴാക്കാനുള്ളതല്ല ഭക്ഷണം.
അതേസമയം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും ഒരു നേരത്തെ വിശപ്പടക്കാന്‍ പോലും വകയില്ലാത്ത ദരിദ്രര്‍ ഇപ്പോഴുമുണ്ട് സംസ്ഥാനത്ത് ധാരാളം. അതിദാരിദ്ര്യ ലഘൂകരണത്തിന് തദ്ദേശ ഭരണ വകുപ്പ് ആവിഷ്‌കരിക്കുന്ന ത്രിതല പദ്ധതിയുടെ ഭാഗമായി അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് സംസ്ഥാനത്ത് 64,000 കുടുംബങ്ങളിലെ ഒരു ലക്ഷത്തിലേറെ പേര്‍ അതീവ ദരിദ്രരാണെന്നാണ്. ലക്ഷക്കണക്കിന് അര്‍ധ പട്ടിണിക്കാര്‍ വേറെയുമുണ്ട്. അതുപോലെ അനാഥകള്‍ക്കും അശരണര്‍ക്കും മക്കള്‍ ഉപേക്ഷിച്ച വൃദ്ധന്മാര്‍ക്കും സംരക്ഷണം നല്‍കുന്ന നിരവധി സ്ഥാപനങ്ങളും കേരളത്തിലെമ്പാടുമുണ്ട്. സമൂഹത്തിലെ സഹൃദയരുടെ സഹായത്തോടെയാണ് ഈ സ്ഥാപനങ്ങള്‍ നടന്നു വരുന്നത്. ഭക്ഷണം പാഴാക്കിക്കളയില്ലെന്നും അധികം വരുന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് നല്‍കുമെന്നും കേരളീയ കുടുംബങ്ങള്‍ തീരുമാനിച്ചാല്‍ ഇവരുടെ വിശപ്പിന് പരിഹാരമാകും.
സംസ്ഥാനത്ത് വിശക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുകയും വിവാഹ ചടങ്ങുകളിലും സത്കാരങ്ങളിലും മറ്റും ബാക്കി വരുന്ന ഭക്ഷ്യസാധനങ്ങള്‍ ഏറ്റെടുത്ത് ഫലപ്രദമായി വിതരണം നടത്തുകയും ചെയ്യുന്ന സന്നദ്ധ സംഘടനകളും സംഘങ്ങളുമുണ്ട്. റമസാന്‍ കാലത്ത് വീടുകളില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ച് പാവപ്പെട്ടവരെ നോമ്പു തുറപ്പിക്കുന്ന പദ്ധതി പല സ്ഥാപനങ്ങളും നടത്തി വരുന്നു. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിവിധ സന്നദ്ധ സംഘടനകള്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം സൗജന്യമായി നല്‍കി വരുന്നുണ്ട്. കോഴിക്കോടിനെ വിശപ്പ് രഹിത നഗരമാക്കുന്നതിന്റെ ഭാഗമായി നഗരസഭ നടപ്പാക്കിയ സൗജന്യ ഭക്ഷ്യവിതരണം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത്തരം സേവകരെ കൂട്ടിയിണക്കിയാല്‍ “സേവ് ഫുഡ് ഷെയര്‍ ഫുഡ്’ പദ്ധതി കൂടുതല്‍ ഫലപ്രദമാക്കാനാകും.
അശരണരെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിലും ആപത്ഘട്ടങ്ങളില്‍ രക്ഷക്കെത്തുന്നതിലും എന്നും മുന്‍പന്തിയിലാണ് മലയാളി. മഹാപ്രളയ കാലത്ത് മലയാളി സമൂഹം നടത്തിയ മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയതാണ്. “സേവ് ഫുഡ് ഷെയര്‍ ഫുഡ്’ പദ്ധതിയോടും സമൂഹത്തില്‍ നിന്ന് മികച്ച പ്രതികരണം പ്രതീക്ഷിക്കാവുന്നതാണ്. കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ വിജയകരമായി നടപ്പാക്കാവുന്നതാണ് ഈ പദ്ധതി.