Connect with us

From the print

'കര്‍മസാഫല്യത്തിന്റെ ആറ് പതിറ്റാണ്ട് '; സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് സ്നേഹാദരം നാളെ

സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന് സുന്നി പ്രവര്‍ത്തകരും കൊയിലാണ്ടിയിലെ പൗരസമൂഹവും സമ്മേളനത്തില്‍ പങ്കെടുക്കും.

Published

|

Last Updated

കോഴിക്കോട് | ആറ് പതിറ്റാണ്ടിലേറെ കര്‍മ മണ്ഡലത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന സയ്യിദ് കുടുംബത്തിലെ കാരണവര്‍ക്ക് ജന്മനാട്ടില്‍ നാളെ സ്നേഹാദരം. വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിലും ആത്മീയ സാന്ത്വന പ്രവര്‍ത്തനങ്ങളിലും നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മര്‍കസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ആദരവ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ‘കര്‍മ സാഫല്യത്തിന്റെ ആറ് പതിറ്റാണ്ട്’ എന്ന ശീര്‍ഷകത്തില്‍ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ നടക്കുന്ന പരിപാടി ചരിത്രസംഭവമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന് സുന്നി പ്രവര്‍ത്തകരും കൊയിലാണ്ടിയിലെ പൗരസമൂഹവും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രസിദ്ധമായ ബാഫഖി കുടുംബത്തിലെ തലമുതിര്‍ന്ന കാരണവരും സയ്യിദ് അഹ്മദ് ബാഫഖിയുടെ മകനും സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖിയുടെ ജാമാതാവുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങളും അലങ്കരിക്കുന്നുണ്ട്. നാളെ വൈകിട്ട് അഞ്ചിന് കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദരവ് സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ മുഖ്യാതിഥിയാകും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആദരവിന് നേതൃത്വം നല്‍കി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുക്കും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്്‌റാഹീം ഖലീല്‍ അല്‍ബുഖാരി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അസ്സഖാഫി, സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, സി പി ഉബൈദുല്ല സഖാഫി, കൊയിലാണ്ടി ഖാസി ടി കെ മുഹമ്മദ് കുട്ടി മുസ്ലിയാര്‍, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സംബന്ധിക്കും. സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ ഖുറാ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി സ്വാഗതവും അഫ്സല്‍ കൊളാരി നന്ദിയും പറയും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാര്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അസ്സഖാഫി, കണ്‍വീനര്‍ ടി കെ അബ്ദുര്‍റഹ്്മാന്‍ബാഖവി, അഫ്സല്‍ കൊളാരി പങ്കെടുത്തു.