Kerala
'ശ്രോതാക്കളുടെ തിരുത്തലുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി'; അവസാന വാർത്തയും വായിച്ച് ഹക്കീം കൂട്ടായി പടിയിറങ്ങി
വെള്ളിയാഴ്ച പുലർച്ചെ 6.45ന് അവസാന വാർത്താ ബുള്ളറ്റിനും വായിച്ചാണ് ഹക്കീം കൂട്ടായി വിരമിച്ചത്.

വെള്ളിയാഴ്ച അവസാന വാർത്താ ബുള്ളറ്റിൻ വായിക്കുന്ന ഹക്കീം കൂട്ടായി
കോഴിക്കോട് | മൂന്ന് പതിറ്റാണ്ടോളം ആകാശവാണിയുടെ വാർത്താശബ്ദമായ ഹക്കീം കൂട്ടായി സംഭവ ബഹുലമായ വാർത്താ ജീവിതത്തിന്റെ പടിയിറങ്ങി. പതിഞ്ഞ താളത്തിൽ പ്രത്യേക ശൈലിയിലുള്ള വാർത്താ അവതരണത്തിലൂടെ റേഡിയോ ശ്രോതാക്കളുടെ മനസ്സ് കീഴടക്കിയ വാർത്താ അവതാരകനാണ് 27 വർഷത്തെ സേവനം പൂർത്തിയാക്കി ജോലിയിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചത്. വാർത്തകൾ വായിക്കുന്നത് ഹക്കീം കൂട്ടായി എന്ന ആ ക്രഡിറ്റ് ലൈൻ ഇനി ഓർമ മാത്രം.
വെള്ളിയാഴ്ച പുലർച്ചെ 6.45ന് അവസാന വാർത്താ ബുള്ളറ്റിനും വായിച്ചാണ് ഹക്കീം കൂട്ടായി വിരമിച്ചത്. വാർത്തയുടെ അവസാനം പ്രിയ ശ്രോതാക്കൾക്ക് സ്നേഹാശംസകൾ നേർന്നും നന്ദി പറഞ്ഞുമായിരുന്നു പടിയിറക്കം. ‘പ്രിയ ശ്രോതാക്കളെ, വാര്‍ത്താ ബഹുലമായ 27 വര്‍ഷത്തെ എന്‍റെ ഔദ്യോഗിക ജീവിതം ഇന്ന് ഈ ബുള്ളറ്റിനോടെ അവസാനിക്കുകയാണ്. ഡല്‍ഹിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും ആകാശവാണി വാര്‍ത്താ അവതാരകന്‍ എന്ന നിലയില്‍ വാര്‍ത്തകളോടും സംഭവങ്ങളോടും അങ്ങേയറ്റം നീതി പുലര്‍ത്താന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഞാന്‍ പടിയിറങ്ങുന്നത്. ശ്രോതാക്കളുടെ തിരുത്തലുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി.
എല്ലാ ശ്രോതാക്കള്‍ക്കും എന്‍റെ സ്നേഹാശംസകള്‍…’ – ഹക്കീം കൂട്ടായി പറഞ്ഞു നിർത്തിയപ്പോൾ ആയിരക്കണക്കിന് റേഡിയോ പ്രേക്ഷകരുടെ കണ്ഠമിടറി.

ഹക്കീം കൂട്ടായി കോഴിക്കോട് ആകാശവാണി സ്റ്റുഡിയോയിൽ വാർത്ത വായനക്കിടെ
ആകാശവാണിയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഹക്കീം കൂട്ടായിയെ വാർത്താവായനക്കാരനാക്കുന്നത്. റേഡിയോയോടുള്ള ഇഷ്ടം കാരണം ആറ് തവണ ആകാശവാണിയുടെ ഇന്റർവ്യൂ അറ്റന്റ് ചെയ്തിട്ടുണ്ട് ഹക്കീം. ഓരോ തവണയും നിരാശയോടെ മടങ്ങുമെങ്കിലും ആറാം തവണ ഹക്കീമിനെ തേടി ആ സൗഭാഗ്യമെത്തി. 1997 നവംബർ 28ന് ആകാശവാണി ഡൽഹി നിലയത്തിൽ വാർത്താ അവതാരകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം, 1997 ഡിസംബർ നാലിന് ആദ്യമായി വാർത്ത വായിച്ചു. ആ ദിനം അദ്ദേഹത്തിന്റെ ജന്മനാടായ കൂട്ടായിക്കാർക്ക് ആഘോഷ ദിനമായിരുന്നു. പടക്കം പൊട്ടിച്ചും നാടൊട്ടുക്കും ഉച്ചഭാഷിണികളിലൂടെ വാർത്ത കേൾപ്പിച്ചും അവർ അദ്ദേഹത്തിന്റെ ആദ്യവായന അവിസ്മരണീയമാക്കി.
ആദ്യം ഡൽഹിയിലായിരുന്നു നിയമനം. 2000 ഡിസംബറിൽ തിരുവനന്തപുരത്തേക്ക് മാറി. ഒരു മാസം അവിടെ സേവനമനുഷ്ടിച്ച ശേഷം കോഴിക്കോട് നിലയത്തിലെത്തി. പിന്നീട് നീണ്ട 25 വർഷക്കാലം കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിലാണ് സേവനമനുഷ്ടിച്ച് വരുന്നത്.
തിരൂർ കൂട്ടായി സ്വദേശിയാണ് ഹക്കീം. പറവണ്ണ മുറിവലഴിക്കലിൽ പികെ അഫീഫുദ്ദീന്റെയും വിവി ഫാത്വിമയുടെയും മകൻ. ഭാര്യ ടി കെ സാബിറ. മക്കൾ: പി കെ സഹല, മുഹമ്മദ് സാബിത്ത്.