cover story
"ഇപ്പത്തെ ജീവിതം അങ്ങാട് എത്ത്ണൂല്ലാ... ഇങ്ങാട് നീങ്ങ്ണൂല്ല...'
ചവിട്ടിക്കുഴച്ച കളിമൺ കൂനകൾ, ഉച്ചത്തിൽ ചലിക്കുന്ന യന്ത്രങ്ങൾ; അതിനിടയിലൂടെ കുഴഞ്ഞരഞ്ഞ് വീഴുന്ന കളിമൺ കട്ടകൾ. താളത്തിൽ കറങ്ങുന്ന യന്ത്രച്ചക്രത്തിന് പിന്നിൽ ചമ്രംപടിഞ്ഞിരിക്കുന്ന ബാബുവേട്ടൻ. കൈലിയും കൈമുട്ട് വരെ തെറുത്തു വെച്ച നരച്ച ഷർട്ടുമാണ് വേഷം. വെളുത്ത് തുടങ്ങിയ താടിയും മുടിയുമടക്കം ചേറ് പുരണ്ട ദേഹം. മെഷീനിന്റെ കറങ്ങുന്ന പ്രതലത്തിൽ പതുപതുത്ത മണ്ണുരുട്ടി മായാജാലം തീർക്കുന്നതിനിടയിൽ തന്റെ വിഷമങ്ങൾ ഇറക്കിവെക്കുകയാണാ വയോധികൻ. സാമൂഹിക ക്രമത്തിലുണ്ടായ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും ഇടയിൽ ശ്രദ്ധിക്കാതെ പോയൊരു സമൂഹത്തിന്റെ വേദനയാണാ വാക്കിൽ വിങ്ങുന്നത്.

“അബർടെ കൂടെ നിക്കണാർണം…… ഞങ്ങളേനെ ബെലിയ ജാതിയ്‌ല് ഉൾപെടുത്തി. മ്മക്കിപ്പോ….. ഒരു ഗതിയൂല്ല…… ഇപ്പത്തെ ജീവിതം നോക്കുമ്പോ…. അങ്ങാട് എത്ത്ണൂല്ലാ…. ഇങ്ങാട് നീങ്ങ്ണൂല്ല’
ആളൂർ കുമ്പാര കോളനി. വഴിവക്കത്തെ വീട്ടുമുറ്റങ്ങളിൽ കളിമൺ നിർമിതികൾ നിരത്തിവെച്ചിരിക്കുന്നു. ചെമപ്പ് ചായത്താൽ മനം കവരുന്ന വഴിയോരക്കാഴ്ച്ച. അൽപ്പം ഉള്ളിലായി പഴക്കം ചെന്ന മാരിയമ്മൻ കോവിൽ. കോവിലിന് ചുറ്റുമായി അമ്പതോളം കുമ്പാരക്കുടിലുകൾ. എല്ലായിടത്തും ഉണങ്ങാൻ വെച്ചതും, ചായം തേച്ചതുമായ കളിമൺ രൂപങ്ങൾ. മണ്ണ് പുരളുന്ന ചിത്രങ്ങളും ചിത്രകാരന്മാരും. കുടിലുകൾക്കിടയിലെ ചെറിയ മൺവഴിയിലൂടെ ഞങ്ങൾ ചെന്നെത്തിയത് ഓടിട്ട പുരയിടത്തിന് മുമ്പിലായിരുന്നു. മുൻ ഭിത്തിയോട് കൂട്ടി മേഞ്ഞ ചായ്പ്പ്. ചോട്ടിൽ ചവിട്ടിക്കുഴച്ച കളിമൺ കൂനകൾ, ഉച്ചത്തിൽ ചലിക്കുന്ന യന്ത്രങ്ങൾ. അതിനിടയിലൂടെ കുഴഞ്ഞരഞ്ഞ് വീഴുന്ന കളിമണ്ണുകൾ. താളത്തിൽ കറങ്ങുന്ന യന്ത്രച്ചക്രത്തിന് പിന്നിൽ ചമ്രംപടിഞ്ഞിരിക്കുന്ന ബാബുവേട്ടൻ. കൈലിയും കൈമുട്ട് വരെ തെറുത്തു വെച്ച നരച്ച ഷർട്ടുമാണ് വേഷം. വെളുത്ത് തുടങ്ങിയ താടിയും മുടിയുമടക്കം ചേറ് പുരണ്ട ദേഹം. മെഷീനിന്റെ കറങ്ങുന്ന പ്രതലത്തിൽ പതുപതുത്ത മണ്ണുരുട്ടി മായാജാലം തീർക്കുന്നതിനിടയിൽ തന്റെ വിഷമങ്ങൾ ഇറക്കി വെക്കുകയാണാ വയോധികൻ. സാമൂഹിക ക്രമത്തിലുണ്ടായ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും ഇടയിൽ ശ്രദ്ധിക്കാതെ പോയൊരു സമൂഹത്തിന്റെ വേദനയാണാ വാക്കിൽ തെളിയുന്നത്.
കൂട് വിട്ട് കൂടുമാറുന്നു
“ആ കാലഘട്ടത്തിലെ ബ്രാഹ്മണന്മാര് അമ്പലത്തിലേക്ക് കലശകുടങ്ങൾ വാങ്ങിച്ചിരുന്നത് ആന്ധ്രേലെ ഞങ്ങടെ ആൾകാർടെ അടുത്ത്ന്നായിരുന്നു. ഞങ്ങളെ ആന്ധ്രേന്ന് ഇങ്ങോട്ട് കൊണ്ടുവന്നതാണ്’
കുമ്പാരൻ സമൂഹം കേരളത്തിൽ എത്തിപ്പെട്ട ചരിത്രം വിവരിക്കുകയാണ് ബാബു. കാലങ്ങളായി ഇരുന്ന് പഴകിയ ചക്രത്തിന് പിന്നിലെ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ്, പറ്റിപ്പിടിച്ച കൊഴമണ്ണ് തുടച്ചുകളഞ്ഞു. പണി നിർത്തി ഞങ്ങളോടൊപ്പം വന്നയാൾ കഥ പറഞ്ഞ് തുടങ്ങി.
നിരവധി വർഷങ്ങൾക്ക് മുമ്പാണ്. ജാതീയത കേരളത്തിൽ വേരാഴ്ന്ന കാലം. കലശക്കുടങ്ങൾ , നന്നങ്ങാടികൾ, അമ്പലത്തിലെ പൂജക്കാവശ്യമായ മൺവസ്തുക്കളൊന്നും കേരളത്തിലന്ന് ലഭിച്ചിരുന്നില്ല. പകരം ആന്ധ്രയിലേക്ക് തിരുപ്പതി ക്ഷേത്രദർശനത്തിനായി പോകുന്ന ബ്രാഹ്മണർ അവിടെ നിന്ന് വാങ്ങിക്കൊണ്ടുവരലായിരുന്നു പതിവ്.
കളിമൺ രൂപങ്ങൾ നിർമിക്കുന്ന നിരവധി കുടുംബങ്ങൾ ഉള്ളതിനാൽ ബ്രാഹ്മണർക്ക് ആവശ്യമായതെല്ലാം അവിടെ സുലഭമായി ലഭിച്ചിരുന്നു. അമ്പലങ്ങളിൽ മൺപാത്രങ്ങളുടെ ആവശ്യം കൂടിയപ്പോൾ ഒരു കൂട്ടം കുമ്പാരന്മാരെ കേരളത്തിലേക്ക് കൂട്ടി വന്നു. ബ്രാഹ്മണർക്ക് ആവശ്യമായ പാത്രങ്ങളും ചട്ടികളുമെല്ലാം നിർമിക്കുന്നതിനായിരുന്നു അത്. ഇവർക്കുള്ള ഭൂമിയും പുരയിടവും ബ്രാഹ്മണർ ഏർപാട് ചെയ്ത് കൊടുത്തു. ചെലവിനായി അവർ നൽകുന്നതും വാങ്ങി കുശവന്മാർ ഇവിടെ കഴിഞ്ഞ് കൂടി. പിന്നീടും നിരവധി കുമ്പാര കുടുംബങ്ങൾ ഇങ്ങോട്ട് വരികയുണ്ടായി. അവരുടെ തലമുറയാണ് കേരളത്തിൽ പലയിടത്തായി വേറിട്ട് കിടക്കുന്ന കുമ്പാരന്മാർ, കുശവന്മാർ എന്നറിയപ്പെടുന്ന സമൂഹം. ഒരു പറ്റം പേർ തൃശ്ശൂർ ജില്ലയിലെ ആളൂർ, ഒന്നാം കല്ല്, മങ്ങാട്, പാത്രമംഗലം എന്നിവിടങ്ങളിൽ ചെറിയ കൂട്ടങ്ങളായി ജീവിക്കുന്നു. അതോടൊപ്പം മലബാറിന്റെ പല ഭാഗങ്ങളിലും ഇവരെ കാണാൻ കഴിയും.
പൂണൂൽ കെട്ടുന്നു മണ്ണുടുപ്പിടുന്നു
“പഴയകാലത്ത് താഴ്ന്ന ജാതി ഞമ്മളെ കാണുമ്പോ…… ഇമ്പ്രാക്കളെ…… എന്ന് തൊഴുകയാണ് ചെയ്യുക. താഴ്ന്ന ജാതിക്കാർടെ വിചാരം ബ്രാഹ്മണരോടൊപ്പം നടക്കുന്നതു കൊണ്ട് ഞങ്ങളവരിൽ പെട്ടവരാണെന്നാണ്. പക്ഷേ…… ശരിക്കും ഞങ്ങള് താഴ്ന്ന ജാതികളാ……ഹ….’.
ഒാർമകൾ മനോഹരമായി വിവരിക്കുകയാണ് ബാബുവേട്ടൻ. ബ്രാഹ്മണരുടെ ആവശ്യത്തിന് കേരളത്തിലെത്തിയ കുമ്പാരന്മാർ ഉയർന്ന ജാതിയായി മാറുകയായിരുന്നു. ഇന്നും ഇവരെ അങ്ങനെയാണ് കണക്കാക്കപ്പെടുന്നത്. ഓടന്മാര്, ആദിആന്ധ്ര , ചെട്ടിയന്മാര് തുടങ്ങി ഇവർക്കുള്ളിൽ തന്നെ ചില ഉപജാതികൾ നിലവിലുണ്ട്. മാരിയമ്മയെ ആണ് കുമ്പാരന്മാർ പ്രധാനമായും ആരാധിക്കുന്നത്.
ഇതോടൊപ്പം വേറെയും വിശ്വാസം കൊണ്ടുനടക്കുന്നവരുമുണ്ട്. പൊതുവെ ഒരു മാരിയൻ കോവിൽ പണിത് അതിന്റെ ചുറ്റുവട്ടത് ചെറിയ സമൂഹമായാണ് ഇവർ കഴിയാറുള്ളത്. “പൂണൂൽ കെട്ടുക ‘ പോലുള്ള ബ്രാഹ്മണ സംസ്‌കാരങ്ങൾ പലതും ഇവരിന്നും പിന്തുടരുന്നുണ്ട്. പണ്ട് കാലങ്ങളിൽ ഇവർ മുഴുസമയവും പൂണൂൽ കെട്ടുമായിരുന്നു. ഇന്ന് പൂജാ കർമങ്ങൾ നിർവഹിക്കുമ്പോൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഉയർന്ന ജാതിയാണെങ്കിലും ഇവർ മാംസാഹാരങ്ങൾ കഴിക്കലുണ്ട്. ആദ്യ കാലങ്ങളിൽ നായാട്ടും നടത്തിയിരുന്നു.
വേറിട്ട രീതിയിലാണ് ജീവിതമെങ്കിലും വലിയ തരത്തിൽ ബ്രാഹ്മണ സംസ്‌കാരങ്ങൾ ഇവരിൽ കാണാൻ കഴിയും.
പഴയ കാലത്ത് ബ്രാഹ്മണരിൽ നിന്നല്ലാതെ ഇവർ വെള്ളം പോലും കുടിച്ചിരുന്നില്ല. ഇനി കുടിക്കേണ്ടി വരികയാണെങ്കിൽ കിണറിൽ നിന്ന് കോരി തങ്ങളുടെ കൈയിലെ മൺപാത്രത്തിൽ ഒഴിച്ചേ കുടിച്ചിരുന്നുള്ളൂ. ഇവരോട് ഇന്നും ബ്രാഹ്മണർക്ക് പ്രത്യേക ബഹുമാനവും കടപ്പാടുമുണ്ടെന്നാണ് ബാബുവിന്റെ ബന്ധുവായ കണ്ണൻ പറയുന്നത്.
കുമ്പാരന്മാർക്ക് തനതായി ലിഖിത ഭാഷയുണ്ടായിരുന്നു. ലിപി ഇന്ന് നിലവിലില്ലെങ്കിലും സംസാര ഭാഷ കൈവിട്ട് പോയിട്ടില്ല. കുടുംബത്തിലും തൊഴിലിടങ്ങളിലും ഇവർ പരസ്പരം ഇടപഴകുന്നത് ഈ ഭാഷയിലാണ്. മണ്ണെടുക്കുന്നതിന് “മൊന്നെത്ത്‌റ’ ചവിട്ടുന്നതിന് “തൊക്ര’ പണിയുന്നതിന് “തക്ക്‌ള തട്ട്ക’ തുടങ്ങി പാത്രനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുമ്പാര ഭാഷയിലാണ് സംസാരം. ആന്ധ്ര, തെലുങ്ക്, തമിഴ് ഭാഷകളോട് സാമ്യമുള്ളതാണ് കുമ്പാര ഭാഷ. ലിപി നഷ്ടപ്പെട്ടതിനാൽ ഇവർക്കിടയിൽ മാത്രം ഒതുങ്ങിയ തനത് ഭാഷയെ തലമുറകളിലൂടെ പകർന്നു നൽകുകയാണ്. അറ്റ് പോകാതിരിക്കാൻ ജീവൻ പകരുകയാണ്. ഒരു ഭാഷ മരിക്കുന്നതിലൂടെ മരണം സംഭവിക്കുന്നത് ഒരു ജനതക്കാണ്, അവരുടെ സംസ്‌കാരങ്ങൾക്കാണ്.
മണ്ണോടിണങ്ങിയ ജീവിതം
“കാണ്ന്നോർക്ക് സിംപ്‌ളാ…. ഇത് പണ്താ മതി….. വിറ്റാമതി…….. ന്നൊക്കെ പറയും. പക്ഷെ അങ്ങ്‌നെയല്ലിത്’
ഒരു മൺചട്ടി രൂപപ്പെടുന്നതിന് പിന്നിലെ മെനക്കേടുകൾ ബാബുവിന്റെ മകൻ പ്രിത്വിദാസിന്റെ വാക്കിൽ നിഴലിച്ച് കാണാം. ഒരു പാത്രം പണിയുന്നതിന് കടമ്പകളൊരുപാടായിരുന്നു. അന്ന്, നേരം വെളുത്താൽ അടുത്തുള്ള പാടത്തേക്ക് പോകണം. മണ്ണ് ശേഖരിക്കണം. പ്രത്യേകം തിരഞ്ഞെടുത്ത മണ്ണായിരുന്നു നിർമാണത്തിന് ഉപയോഗിച്ചിരുന്നത്. അഞ്ചോ ആറോ ഉരുള മണ്ണ് കൊട്ടയിൽ ചുമന്ന് പണിയിടത്തിൽ എത്തിക്കും. അപ്പോഴേക്കും സൂര്യൻ തലക്ക് മുകളിൽ കത്തിയെരിയുന്നുണ്ടാകും. ശേഷം ചുമന്ന് കൊണ്ട് വന്ന മണ്ണിലെ കല്ലും കരടും നീക്കണം. പല രീതിയിലാണ് മണ്ണ് വൃത്തിയാക്കിയിരുന്നത്. കൂട്ടിയിട്ട മണ്ണിനെ കൊയ്യരുവാൾ വളച്ച് പലതായി ചീന്തിയിടും. കല്ലും മുള്ളും എടുത്ത് മാറ്റും. ഇതിലും പോകാത്തവ നീക്കാനായി മണ്ണ് നീളത്തിലിടും. ശേഷം നീളത്തിലിട്ട മണ്ണ് മുളയുടെ അലക് കൊണ്ട് വടിച്ചെടുക്കും.
അതോടെ കല്ലെല്ലാം വേറിട്ട് പോയി നല്ല അനുയോജ്യമായ മണ്ണ് കിട്ടും. ശേഷം മണ്ണ് മുഴുവൻ നനച്ചിടും. ഒരു ദിവസത്തെ മെനക്കേടുള്ള പണിയാണ്. പിറ്റേന്ന് നനച്ചിട്ട മണ്ണ് നാലോ അഞ്ചോ തവണ ചവിട്ടണം. പല പ്രാവശ്യം ചവിട്ടിക്കൂട്ടി കുഴച്ചാണ് മണ്ണ് പണിക്കെടുക്കുക. മണല് കുറവുള്ള മണ്ണിൽ പാകത്തിന് മണല് ചേർത്ത് കുഴക്കണം. ചൂളക്ക് വയ്കുമ്പോൾ പൊട്ടാതിരിക്കാനാണത്രെ. രണ്ട് മൂന്ന് ദിവസമെടുക്കുമിതിന്. ഇതോടെ പണിക്കാവശ്യമായ രീതിയിൽ മണ്ണ് തരപ്പെട്ടിട്ടുണ്ടാകും. പാകമായ മണ്ണ് കുഴച്ചുവെച്ച് ചക്രം കറക്കും.
ചക്രത്തോടൊപ്പം താളത്തിൽ കറങ്ങുന്ന വലിയ മണ്ണുരുളയിൽ കൈകളോടിച്ച് പാത്രങ്ങൾ നിർമിക്കുന്നത് കാണാൻ ഇമ്പമുള്ള കാഴ്ചയാണ്. ചക്രത്തിന്റെ കറക്കം കുറഞ്ഞെന്ന് കണ്ടാൽ ഒഴുക്കിനോടൊത്ത് ചക്രം കറക്കിക്കൊണ്ടിരിക്കും. കൈയും മണ്ണും ചക്രവുമെല്ലാം ഒന്നിച്ച് നൃത്തം കളിക്കുകയാണെന്ന് തോന്നിപ്പോക്കും. നൃത്തമവസാനിക്കുമ്പോൾ വടിവൊത്തൊരു പാത്രം ചക്രത്തിൽ കറങ്ങുന്നുണ്ടാകും. അടി കീറി അതെടുത്തുണക്കാൻ വെക്കും. മണ്ണ് കഴിയും വരെയീ നൃത്തം തുടരും.
മൺപാത്രം രണ്ട് തരത്തിലാണുണ്ടാക്കുന്നത്. അടി കൊട്ടണ്ടേതും, അല്ലാത്തതും. കൊട്ടാനുള്ളവയാണ് അടി മൂടാതെ കീറിയെടുക്കുന്നത്. അല്ലാത്തവ ചക്രത്തിൽ വെച്ചുതന്നെ അടിമുടി മുഴുവൻ പണിയും കഴിഞ്ഞാണെടുക്കുക. മുട്ടാനുള്ള പാത്രത്തിന്റെ ഉള്ളിൽ ഉരുളൻ കല്ല് വെച്ച്, പുറത്ത് പരന്ന പലക കൊണ്ട് മുട്ടും. ഇടക്കിടെ നനച്ച് കൊടുക്കും. മെരുക്കത്തോടെ കൊട്ടിക്കൊട്ടി അടി മൂടും. കൊട്ടിയ പാത്രങ്ങൾ മാത്രമാണ് അടുപ്പത്ത് വെക്കുക. അല്ലാത്തത് പൊട്ടിത്തെറിക്കും.
പല തരത്തിലുള്ള ചക്രങ്ങൾ ഉണ്ട്. നാല് പിടികളുള്ള വട്ടപ്പലക കൊണ്ടുള്ള ചക്രത്തിലാണ് ആദ്യകാലങ്ങളിൽ പണിതിരുന്നത്. വട്ടപ്പലകയുടെ താഴെയായി അൽപ്പം ഉയർന്ന ഒരു കുനിപ്പുണ്ടാകും. കല്ലിൽ ചെറിയ കുഴിയുണ്ടാക്കി അതിൽ എണ്ണ ഒഴിക്കും. പലക ഇറക്കിവെച്ച് കറക്കും. അതിന് പുറത്ത് മണ്ണ് കുഴച്ച് രൂപങ്ങൾ തീർക്കുന്നു. ഒത്ത അളവിലും മാതൃകയിലും പലതരം ചിത്രങ്ങൾ ഒരു പണിക്കോപ്പിൽ തീർക്കുന്ന ചിത്രകാരന്മാർ. പിന്നീട് ബെയറിംഗ് മെഷീനിലായി നിർമാണം. ഇന്ന് കരന്റ് മിഷീനിലാണ് മണ്ണ് കുഴക്കലും പാത്രം നിർമിക്കലുമെല്ലാം.
ഉണക്കായ പാത്രം ചെമ്മണ്ണ് തേച്ച് മിനുക്കും. പിന്നെ ചൂളയിൽ വെച്ച് വേവിക്കണം. വളരെ പ്രധാന ഘട്ടമാണിത്. പണി തീർന്ന പാത്രങ്ങളെല്ലാം ചൂളയിൽ അടുക്കിവെക്കും. നാല് പുറവും കല്ല് കെട്ടി പൊക്കിയ ചൂളയിൽ എഴുന്നൂറോളം പാത്രങ്ങൾ ഉൾക്കൊള്ളും. പാത്രങ്ങൾ കയറ്റിവെക്കാൻ വാതിൽ ഭാഗം ഒഴിച്ചിട്ടിട്ടുണ്ട്. ചൂള നിറഞ്ഞാൽ ഈ ഭാഗത്തും കല്ലടുക്കിവെച്ച് മണ്ണ് തേച്ചടക്കും. മുകളിൽ വൈക്കോൽ നിരത്തി ചേറ് തേമ്പും.
പൂർണമായും ചൂടു തിങ്ങുന്ന രീതിയിൽ അടച്ചുമൂടും. ചൂളയ്ക്ക് ചുറ്റിനും ചെറിയ ദ്വാരങ്ങൾ ഉണ്ടാകും. അതിലൂടെ കൈകടത്തി ചൂടു പരിശോധിക്കാം. രണ്ട് മൂന്ന് ദിവസം ഇളം ചൂടേകിയ ശേഷമാണ് നാല് മണിക്കൂറോളം ശക്തമായി തീ കൊടുക്കുക. അതിനുള്ളിലിരുന്ന് പാത്രങ്ങളെല്ലാം വെന്ത് പാകമാകുന്നു.
ചൂള തണുത്ത ശേഷം പൊട്ടാത്ത പാത്രങ്ങൾ എടുത്ത് മാറ്റി വിൽക്കാൻ കൊണ്ട് പോകാം. കൊട്ടയിലാക്കി ഊര് ചുറ്റി വേണമായിരുന്നു പണ്ട് വിൽപ്പന നടത്താൻ. ഇന്ന് ഓൾസെയിൽ ഏജന്റുമാർ വഴിയാണ് പ്രധാന കച്ചവടം. ചെറിയ വിലക്ക് കൊടുക്കണമെങ്കിലും എല്ലാം ഒരുമിച്ച് വിറ്റ് തീരുന്നതിനാൽ എളുപ്പമതാണ്. വിദേശത്തേക്കടക്കം ഓർഡറുകൾ ലഭിക്കുന്നുണ്ട്. ചട്ടി, കലം, കുടുക്ക തുടങ്ങി കളിമൺ റിംഗുകളും തന്തൂരി അടുപ്പുകളും പണിയുന്നു. റിംഗിനിപ്പോൾ നല്ല ഡിമാന്റുണ്ട്. സിമന്റ് റിംഗിലെ വെള്ളം കേടാകുന്നതിനാൽ പലരും ഇന്ന് ഇതാശ്രയിക്കുന്നുമുണ്ട്. മാത്രമല്ല, മൺപാത്രങ്ങളുടെ ഗുണങ്ങൾ ഏറെയാണ്. കളിമണ്ണിൽ കാൽസ്യം, ഫോസ്ഫറസ് പോലുള്ളവ അടങ്ങിയതിനാൽ അസിഡിറ്റി നിർവീര്യമാക്കി ദഹനം എളുപ്പമാകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. അതിന് പുറമെ മൺപാത്രത്തിൽ പാകം ചെയ്ത ഭക്ഷണത്തിന്റെ സ്വാദ് വേറിട്ട് നിൽക്കുന്നതാണ്. ചട്ടിച്ചോറിന്റെ രുചികളാണ് പുതിയ ട്രെന്റുകളിൽ നിറഞ്ഞ് നിൽക്കുന്നത്.
“മൊത്തത്തിലെട്ത്ത് നോക്കാണെങ്കിൽ എല്ലാവരും സാമ്പത്തികമായി പിന്നാക്കാണെന്നേ. അയ്‌ന്റെ പ്രധാന കാരണം ഇപ്പണി തന്നെയാണ്…’അക്കൗണ്ടന്റായ രാധാകൃഷ്ണനെന്ന ചെറുപ്പക്കാരന്റെ കണ്ണിൽ തന്റെ സമൂഹത്തിന്റെ ദയനീയാവസ്ഥ തെളിഞ്ഞ് കാണാം. പാത്രമംഗലത്തെ കുമ്പാര കോളനിയിലാണ് കൃഷ്ണന്റെ വീട്. ആദ്യഘട്ടം മുതൽ വിൽപ്പന വരെയുള്ള ഭീമമായ ചെലവ് വഹിക്കേണ്ട നിർമാണ രീതിയാണ് സാമ്പത്തിക പിന്നാക്കത്തിന് പ്രധാന കാരണമെന്നാണ് കൃഷ്ണന്റെ അഭിപ്രായം. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വിൽപ്പന നടത്താനുള്ള സാമ്പത്തിക ശേഷി ഇവർക്കില്ലതാനും.
മണ്ണെടുക്കൽ ഇന്ന് പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ജിയോളജിയിൽ നിന്ന് അനുമതി ലഭിച്ച് വേണം മണ്ണെടുക്കാൻ. രണ്ട് മൂന്ന് മാസം പിന്നാലെ നടന്നാലാണ് അനുമതി ലഭിക്കുക. കൊല്ലം കൊല്ലം പുതുക്കുകയും വേണം. കൊല്ലത്തിലൊരിക്കൽ മണ്ണെടുത്ത് വീട്ട് പരിസരത്ത് സൂക്ഷിച്ച് വക്കലാണ് ഇപ്പോൾ. ഓട്ട് കമ്പനിക്കാർ കുഴിച്ച് ബാക്കിയായതിൽ നിന്നാണിന്ന് ഇവരുടെ ആവശ്യത്തിനുള്ള മണ്ണ് കിട്ടുന്നത്. ചിലർ ഭാരതപ്പുഴയുടെ തീര ഭാഗങ്ങളിൽ നിന്നെടുക്കുന്നുണ്ട്. കർണാടകയിൽ നിന്ന് ലോഡിറക്കുന്നവരുമുണ്ട്. ഒരു ലോഡ് മണ്ണ് ശേഖരിക്കാൻ ചുരുങ്ങിയത് രണ്ടായിരത്തോളം രൂപ ചെലവ് വരും.
തൊഴിൽ ചെയ്യുന്നതിനും പല വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. അതിൽ പ്രധാനപ്പെട്ടത് പരിസരവാസികളിൽ നിന്നുമുള്ള എതിർപ്പുകളാണ്. ചൂള വെക്കുമ്പോൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന പുക ശല്യമാണ് കാരണം.
കുമ്പാരൻമാർ വളരെ ന്യൂനപക്ഷ വിഭാഗമാണെങ്കിലും സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള മതിയായ സംവരണമൊന്നും ലഭിക്കുന്നില്ല. പണ്ട് ഉയർന്ന ജാതിയിൽ ഉൾപ്പെട്ടിരുന്നതിനാൽ ഇപ്പോൾ ഒ ബി സി വിഭാഗത്തിലാണ് ഇവരെ പെടുത്തിയിട്ടുള്ളത്. അവകാശങ്ങൾ നേടിയെടുക്കാൻ ശക്തമായ കൂട്ടായ്മയില്ലാത്തത് വലിയ വിടവാണ്. പലതായി ചിതറിക്കിടക്കുന്ന കുമ്പാരർക്കിടയിൽ വലിയ ആശങ്കയാണിത്. എങ്കിലും കേരള കുമ്പാര സഭ (കെ കെ സി) എന്ന കൂട്ടായ്മ രൂപവത്കരിക്കുകയും അതിന് കീഴിൽ ധർണകളും സമരങ്ങളും നടത്തപ്പെടുകയും ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി ഇവരെ ഒ ഇ സി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ഒരു ശതമാനം സംവരണം നൽകുകയുണ്ടായി. പ്ലസ്ടു പഠനം വരെയാണ് ഇത് ലഭിച്ചിരുന്നത്. അതും എടുത്തു കളയുന്നു എന്ന വാർത്ത നിരാശയോടെയാണ് ഇവർ പങ്കുവെക്കുന്നത്.
കുമ്പാര സമൂഹത്തെ കൃത്യമായി പഠിച്ച് വേണ്ടതെല്ലാം ചെയ്യണമെന്ന നിർദേശം സഭവഴി സർക്കാറിന് നൽകുകയുണ്ടായി. ചെറിയ ചലനങ്ങൾ സൃഷ്ടിക്കാൻ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പണ്ട് കുമ്പാരന്മാരായ വിദ്യാർഥികളെ സ്‌കൂൾ രേഖകളിൽ കുടുമ്പി വിഭാഗത്തിലാണ് പെടുത്തിയിരുന്നത്. പട്ടിക ജാതികൾക്കന്ന് പ്രത്യേകമായ സ്‌കോളർഷിപ്പ് ലഭിച്ചിരുന്നു. ഈ സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് അധ്യാപകർ അങ്ങനെ ചെയ്തിരുന്നത്. പക്ഷേ, ഇന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്. രക്ഷിതാക്കളുടെയും കുട്ടികളുടെയും ജാതിയിലെ വൈരുദ്ധ്യം പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. നിലവിൽ അനുവദിക്കപ്പെട്ട ആനുകൂല്യം പോലും കിട്ടാതെ വരുന്നു. കുമ്പാര സമൂഹത്തിലെ എല്ലാവരെയും ഒരുമിപ്പിച്ചുള്ള യൂണിയൻ രൂപവത്കരണവും ആവശ്യമായ ഇടപെടലും വേണമെന്നതാണ് ഇവരുടെ അഭിപ്രായം.
“ഇപ്പുളുത്തെ പിള്ളേരൊന്നും ഇയ്‌ന് നിക്ക്ണില്ല. ഇപ്പൊക്കെ പഠിപ്പ് കാര്യങ്ങളൊക്കെയാണ്. ഒരു പത്ത് പതിനഞ്ച് വർഷൊക്കെ കഴിഞ്ഞ് ഈ തലമുറ പോയാൽ ഈ പണി ഇണ്ടാവില്ല…’
പുതു തലമുറയിലെ കുട്ടികൾ കുലത്തൊഴിൽ ഏറ്റെടുക്കുന്നില്ലെന്ന സങ്കടം നീറ്റലോടെയാണ്ബാ ബുവേട്ടൻ അയവിറക്കുന്നത്. ദിവസങ്ങളോളം മെനക്കെട്ട് ചെയ്യേണ്ട തൊഴിലാണ് മൺപാത്ര നിർമാണമെന്നത്. മനസ്സും കൈയും ഒത്തുചേർന്ന് ചലിക്കേണ്ട പ്രവർത്തനം. മിച്ചം കിട്ടുക സ്വന്തം കരങ്ങൾ മണ്ണിൽ രൂപങ്ങൾ തീർക്കുമ്പോൾ ലഭിക്കുന്ന അനുഭൂതിയും, കൈത്തൊഴിൽ ചെയ്ത് ജീവിക്കുന്നതിലെ സംതൃപ്തിയും. അത്തരം പല മേന്മകളും ഇന്നത്തെ സമൂഹത്തിൽ നിന്നെടുത്തു പോയിരിക്കുന്നു.
കാലം മാറി. സാങ്കേതിക വിദ്യകളാൽ കൈയടക്കപ്പെട്ടിരിക്കുന്ന വിപണികൾ. ചക്രങ്ങൾക്ക് പകരം നിർമാണ പ്രക്രിയകൾ എളുപ്പമാക്കുന്ന മെഷിനകൾ. പ്ലാസ്റ്റിക്, സെറാമിക്, അലുമിനിയം, ഗ്ലാസ് തുടങ്ങിയ അസംസ്‌കൃതങ്ങളാണ് പാത്ര വിപണികളിലെ ഇന്നത്തെ താരം. പ്രകൃതി ദത്തമായി നമ്മുടെ പൂർവികർ കൈമാറി തന്ന പാള പാത്രവും, പ്ലാവില കോരിയും, ചിരട്ട കൈലുമൊക്കെ ഇന്ന് കാണാകനികളാണ്. മൺപാത്രങ്ങളിലെ ചാറിന്റെയും ചോറിന്റെയും രുചി നമുക്കന്യമാണ്.
പുതിയ ട്രെന്റുകളായി ചട്ടിച്ചോറും ചട്ടിക്കറികളുമൊക്കെ അരങ്ങത്തെത്തുമ്പോൾ, വറുതിയുടെ കാലത്തും പഴയ തലമുറ അന്നം ഉണ്ടിരുന്നത് ചൂളയിൽ കത്തിച്ച മണ്ണ് കലത്തിലായിരുന്നു എന്നോർക്കണം. പുതിയ തലമുറക്ക് മണ്ണ് സ്പർശനം അരോചകമാകുന്നത് എന്ത് കൊണ്ടാകും?. കുട്ടികളിൽ ഏറിയ പങ്കും ചളിയിൽ ചവിട്ടാത്തവരായിരിക്കും. ഇന്റർലോക് സംസ്‌കാരവും മറ്റും കാരണം നമ്മൾ മണ്ണിന്റെ മണം മറക്കുന്നു. മനുഷ്യകുലത്തിന്റെ തന്നെ ജീവിത പ്രശ്‌നമായി ഇത് മാറുന്നു. കൂടാതെ മണ്ണും മണ്ണുപകരണ നിർമാണവും ഉപജീവനമാക്കിയ ഒരു വിഭാഗത്തിന്റെ ആശകൾക്കു മേൽ ഇത് കരിനിഴൽ വീഴ്ത്തുന്നു. ഇതിലൂടെ മാഞ്ഞുപോകുന്നത് രണ്ട് സഹസ്രാബ്ദത്തിന്റെ ചരിത്രമാണ്. അവരുടെ കാതലായ കുലത്തൊഴിൽ സംസ്‌കാരമാണ്. മനുഷ്യനെയും പ്രകൃതിയെയും ബന്ധിപ്പിക്കുന്ന കുമ്പാരർക്ക് പുതുജീവൻ കൊടുക്കേണ്ടത് അനിവാര്യമാണ്.