Connect with us

National

"പ്രസിഡൻ്റ് വായിച്ചു ക്ഷീണിച്ചു"; രാഷ്ട്രപതിയുടെ നീണ്ട അഭിസംബോധനയെക്കുറിച്ച് സോണിയ

രാഷ്ട്രപതി ഒരു ഘട്ടത്തിലും ക്ഷീണിതയായിരുന്നില്ലെന്ന് രാഷ്ട്രപതി ഭവൻ്റെ മറുപടി

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ബജറ്റിൻ്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലിമെൻ്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് നടത്തിയ സുദീര്‍ഘ പ്രസംഗത്തെക്കുറിച്ചുള്ള കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിയുടെ പരാമര്‍ശം വിവാദമായി. ‘പ്രസിഡൻ്റ്  വായിച്ചു ക്ഷീണിച്ചു. അവസാനമായപ്പോഴേക്കും സംസാരിക്കാന്‍ പോലും വയ്യാതായി, പാവം’ എന്നായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്. രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയായിരുന്നു പരാമര്‍ശം.

സോണിയയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ബി ജെ പി. എം പിമാര്‍ രംഗത്തുവന്നു. രാഷ്ട്രപതിക്ക് നേരെ സോണിയ അപകീര്‍ത്തികരമായ പരാമര്‍ശമാണ് നടത്തിയതെന്നാണ് ആരോപണം. ഒരു ആദിവാസി വനിതയെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ മനസിന് സാധിക്കുന്നില്ലെന്നും ആദിവാസി വനിതാ പ്രസിഡന്റാകുമെന്ന് അവര്‍ ചിന്തിച്ചിട്ടുപോലുമുണ്ടാകില്ലെന്നും ഭരണപക്ഷ എം പിമാര്‍ വിമര്‍ശിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് വളരെ ബോര്‍ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഒരേ കാര്യം തന്നെ ആവര്‍ത്തിക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നാൽ, ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിനിടെ ദ്രൗപതി മുർമു ഒരു ഘട്ടത്തിലും ക്ഷീണിച്ചിട്ടില്ലെന്ന് രാഷ്ട്രപതിയുടെ പ്രസ്സ് സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രപതി ഒരു ഘട്ടത്തിലും ക്ഷീണിതയായിരുന്നില്ല. തീർച്ചയായും, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കും സ്ത്രീകൾക്കും കർഷകർക്കും വേണ്ടി സംസാരിക്കുന്നത് ഒരിക്കലും ക്ഷീണിപ്പിക്കുന്നതല്ലെന്ന് അവർ വിശ്വസിക്കുന്നതായും രാഷ്ട്രപതി ഭവൻ്റെ പ്രസ്താവനയിൽ പറയുന്നു.
.

 

Latest