Connect with us

oil price hike

'അതിന് സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലല്ലോ'

ഈ ന്യായം അനുസരിച്ച് ഇപ്പോൾ ക്രൂഡോയിലിന്റെ വില കൂടിക്കൊണ്ടിരിക്കുമ്പോൾ വർധിപ്പിച്ച നികുതി പിൻവലിക്കണ്ടേയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Published

|

Last Updated

ന്തർദേശീയ മാർക്കറ്റിൽ ക്രൂഡോയിലിന്റെ വിലയിൽ ഉണ്ടായ വർധനവിന്റെ തോതിൽ ഇന്ത്യയിലെ വില വർധിച്ചിട്ടില്ലെന്ന് പറയുന്ന കേന്ദ്ര മന്ത്രി വി മുരളീധരൻ, ക്രൂഡോയിലിന്റെ വില കുറഞ്ഞപ്പോൾ ഇന്ത്യയിൽ എന്തുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞില്ലായെന്നതിനു വിശദീകരണം നൽകാമോയെന്ന് മുൻ മന്ത്രി ഡോ.തോമസ് ഐസക്. ഏതാണ്ട് 20 രൂപ ചില്ലറ വില വർധിപ്പിച്ചാൽ മാത്രമേ പെട്രോളിയം കമ്പനികൾക്ക് ക്രൂഡോയിൽ വില വർധനവിന്റെ ഫലമായി ലാഭത്തിലുണ്ടായ കുറവ് നികത്താനാകൂവെന്നാണ് അവരുടെ ചില വക്താക്കൾ പറയുന്നത്. ഇതേ മോദി അന്തർദേശീയ കമ്പോളത്തിൽ ക്രൂഡോയിലിന്റെ വില കുത്തനെ ഇടിഞ്ഞപ്പോൾ ഡീസലിന്റെ നികുതി ഒമ്പത് മടങ്ങും പെട്രോളിന്റേത് 3.5 മടങ്ങും വർധിപ്പിച്ച് ക്രൂഡോയിൽ വിലയിടിവിന്റെ നേട്ടം ജനങ്ങൾക്കു നിഷേധിച്ചു. നികുതി വർധിച്ചതുകൊണ്ട് വില വർധിക്കില്ലായെന്നാണ് അന്നു പറഞ്ഞ ന്യായം. ഈ ന്യായം അനുസരിച്ച് ഇപ്പോൾ ക്രൂഡോയിലിന്റെ വില കൂടിക്കൊണ്ടിരിക്കുമ്പോൾ വർധിപ്പിച്ച നികുതി പിൻവലിക്കണ്ടേയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർദ്ധനവ്. പെട്രോൾ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വർദ്ധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ പെട്രോളിനു വർദ്ധിപ്പിച്ചത് 9.15 രൂപയും ഡീസലിന് ഇതുവരെ 8.84 രൂപയുമാണ് വർദ്ധിപ്പിച്ചത്.

ഇത് ഇവിടെയൊന്നും നിൽക്കാൻ പോകുന്നില്ല. ഏതാണ്ട് 20 രൂപ ചില്ലറ വില വർദ്ധിപ്പിച്ചാൽ മാത്രമേ പെട്രോളിയം കമ്പനികൾക്ക് ക്രൂഡോയിൽ വില വർദ്ധനവിന്റെ ഫലമായി ലാഭത്തിലുണ്ടായ കുറവ് നികത്താനാകൂവെന്നാണ് അവരുടെ ചില വക്താക്കൾ പറയുന്നത്. ഇതാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നല്ലെ പറയാതെ പറഞ്ഞുവച്ചത്. അന്തർദേശീയ മാർക്കറ്റിൽ ക്രൂഡോയിലിന്റെ വിലയിൽ ഉണ്ടായ വർദ്ധനവിന്റെ തോതിൽ ഇന്ത്യയിലെ വില വർദ്ധിച്ചിട്ടില്ലായെന്നു പറയുന്ന കേന്ദ്രമന്ത്രി ക്രൂഡോയിലിന്റെ വില കുറഞ്ഞപ്പോൾ ഇന്ത്യയിൽ എന്തുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞില്ലായെന്നതിനു വിശദീകരണം നൽകാമോ?
അന്തർദേശീയ മാർക്കറ്റിൽ ക്രൂഡോയിലിനു വില കൂടിയപ്പോൾ വില പെട്രോളിനുള്ള വില നിയന്ത്രണം എടുത്തുകളഞ്ഞതുകൊണ്ട് മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് ചില്ലറ വിൽപ്പന വില കുത്തനെ ഉയർന്നു. അതിനെതിരെ സമരം ചെയ്താണ് 2014-ൽ മോദി അധികാരത്തിലേറിയത്. എന്നാൽ ഇതേ മോദി അന്തർദേശീയ കമ്പോളത്തിൽ ക്രൂഡോയിലിന്റെ വില കുത്തനെ ഇടിഞ്ഞപ്പോൾ ഡീസലിന്റെ നികുതി 9 മടങ്ങും പെട്രോളിന്റേത് 3.5 മടങ്ങും വർദ്ധിപ്പിച്ച് ക്രൂഡോയിൽ വിലയിടിവിന്റെ നേട്ടം ജനങ്ങൾക്കു നിഷേധിച്ചു. നികുതി വർദ്ധിച്ചതുകൊണ്ട് വില വർദ്ധിക്കില്ലായെന്നാണ് അന്നു പറഞ്ഞ ന്യായം. ഈ ന്യായം അനുസരിച്ച് ഇപ്പോൾ ക്രൂഡോയിലിന്റെ വില കൂടിക്കൊണ്ടിരിക്കുമ്പോൾ വർദ്ധിപ്പിച്ച നികുതി പിൻവലിക്കണ്ടേ? അതു ചെയ്യാൻ വിസമ്മതിക്കുകയാണ്. നവംബർ മാസത്തിൽ വർദ്ധനയുടെ ഒരു ഭാഗം കുറച്ചു. ബാക്കിയുള്ള നികുതി വർദ്ധനവുകൂടി എന്തുകൊണ്ട് പിൻവലിക്കാൻ തയ്യാറല്ലായെന്നതാണു കേന്ദ്രമന്ത്രി മുരളീധരൻ വിശദീകരിക്കേണ്ടത്.
കോർപ്പറേറ്റുകൾക്കു നികുതിയിളവ് നൽകുന്നതിനും അധികവിഭവസമാഹരണത്തിനുമുള്ള കേന്ദ്രസർക്കാരിന്റെ ധനതന്ത്രത്തിന്റെ ഭാഗമാണ് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഉണ്ടായ വില വർദ്ധനവ്. എൻഡിഎ സർക്കാർ അധികാരത്തിൽവന്ന 2014-15-ൽ പെട്രോളിയത്തിൽ നിന്നുള്ള നികുതി വരുമാനം 0.74 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ 2021-22-ൽ ഏതാണ്ട് 3.5 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണ്. ഏതാണ്ട് അഞ്ചുമടങ്ങ് വർദ്ധന. കേന്ദ്രസർക്കാരിന്റെ റവന്യു വരുമാനം പെട്രോളിയം മേഖലയുടെ പങ്ക് 5.4 ശതമാനമായിരുന്നത് 12.2 ശതമാനമായി ഉയർന്നിരിക്കുകയാണ്.
കേന്ദ്രമന്ത്രി മുരളീധരന്റെ ആവശ്യം സംസ്ഥാനം നികുതി കുറയ്ക്കണമെന്നാണ്. അതിനു സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലല്ലോ. കേന്ദ്രമല്ലേ കൂട്ടിയത്.

---- facebook comment plugin here -----

Latest